
വണ്ടിക്കടവിനെ വിടാതെ കാട്ടാന; വീടിനു നേരെ ആക്രമണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ കേരള–കർണാടക വനാതിർത്തിയായ വണ്ടിക്കടവിൽ തുടർച്ചയായ ദിവസങ്ങളിൽ കാട്ടാനശല്യം. ഇന്നലെ പുലർച്ചെ നാട്ടിലിറങ്ങിയ ആനകളിലൊന്ന് പ്ലാമൂട്ടിൽ മണീന്ദ്രൻപിള്ളയുടെ (72) വീട് ആക്രമിച്ചു. ചീറിയടുത്ത കൊമ്പന്റെ മുന്നിൽനിന്നു ഭാഗ്യംകൊണ്ടാണ് മണീന്ദ്രൻപിള്ള രക്ഷപ്പെട്ടത്. പുലർച്ചെ 3.30 മണിയോടെ മൂത്രമൊഴിക്കാൻ വീട്ടുമുറ്റത്തെത്തിയപ്പോഴാണ് ആനയുടെ മുന്നിൽപെട്ടത്. കുതറിയോടി വീടിനുള്ളിൽ കയറിയപ്പോഴേക്കും ആന വീടിനുമുന്നിൽ മഴചാറൽ തടയാൻ കെട്ടിയിരുന്ന ടാർപായ വലിച്ചുപറിച്ചു. വീടിന്റെ മുൻഭാഗത്തെ കിടപ്പുമുറിയിൽ കയറി ഗൃഹനാഥൻ ലൈറ്റിട്ടപ്പോൾ ആന ജനൽ കുത്തിപ്പൊളിച്ചു. മണീന്ദ്രൻ പിള്ളയുടെ നിലവിളികേട്ട് ആന പിന്തിരിയുകയായിരുന്നു. പഴശ്ശി പാർക്കിനു സമീപത്തും ആന നാശങ്ങൾ വരുത്തി.
വണ്ടിക്കടവിനു മുകൾഭാഗത്തുകൂടി നാട്ടിലിറങ്ങിയ ആന വനത്തിലേക്കു മടങ്ങുംവഴിയാണ് മണീന്ദ്രന്റെ വീടാക്രമിച്ചത്. പക്ഷാഘാതം പിടിപെട്ട് കിടപ്പിലായ ഇദ്ദേഹത്തിന്റെ ഭാര്യ ലതികയും (65) ഭയന്നുവിറച്ച് വീടിനുള്ളിൽതന്നെ കഴിയേണ്ടിവന്നു. പുൽപള്ളി സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഓഫിസർ എ.നിജേഷിന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തുകയും കേടുവന്ന ജനൽപാളി മാറ്റി സ്ഥാപിക്കുകയും ചെയ്തു. വണ്ടിക്കടവ്, പുൽപള്ളി, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിങ് ശക്തമാക്കി.