
വല്ലാത്ത പക തന്നെ; ഒടുവിൽ പ്രതി പിടിയിലായി, ആശ്വാസത്തിൽ റിജോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ യഥാർഥ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തതിന്റെ ആശ്വാസത്തിലാണ് അങ്കമാലി സ്വദേശി റിജോ പോൾ. ഉരുൾപൊട്ടൽ ദുരന്ത സമയത്ത് സമൂഹ മാധ്യമത്തിലൂടെ മോശം പരാമർശങ്ങൾ നടത്തിയ ബത്തേരി സ്വദേശി ബാഷിദ് 9 മാസങ്ങൾക്കു ശേഷമാണ് സൈബർ പൊലീസിന്റെ പിടിയിലായത്. റിജോയല്ല, അദ്ദേഹത്തിന്റെ പേരും ചിത്രവും ഉപയോഗിച്ച് മറ്റാരോ ആണ് അശ്ലീല സന്ദേശമയയ്ക്കുന്നതെന്ന വാർത്ത അന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
ദുരന്തപ്പിറ്റേന്ന് തുടക്കം
ഉരുൾപൊട്ടലിന്റെ പിറ്റേ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. റിജോയുടെ പേരും ചിത്രങ്ങളുമുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി ദുരന്തത്തിന് ഇരയായ സ്ത്രീകളെ സംബന്ധിച്ച് അശ്ലീല സന്ദേശങ്ങൾ അയച്ചു. എന്നാൽ, അങ്കമാലി സ്വദേശിയും വയനാട്ടിൽ ബിസിനസ് നടത്തുകയും ചെയ്യുന്ന റിജോ, സംഭവ സമയം ദുരിതാശ്വാസ ക്യാംപിൽ സേവനത്തിലായിരുന്നു. അശ്ലീല കമന്റുകൾ ഇട്ടത് ചോദ്യം ചെയ്തവരോട് ബാഷിദ് റിജോയെന്ന വ്യാജേന മോശമായി സംസാരിക്കുകയും റിജോയുടെ നമ്പർ അയച്ച് കൊടുക്കുകയും ചെയ്തു. റിജോ അല്ലെന്ന് മനസ്സിലായതോടെ അന്ന് ദുരിതാശ്വാസ ക്യാംപിലുണ്ടായിരുന്നവരും നാട്ടുകാരും വീട്ടുകാരുമെല്ലാം റിജോയ്ക്ക് പിന്തുണയുമായി എത്തി.
ഇതോടെ റിജോ വയനാട് സൈബർ സെല്ലിൽ പരാതി നൽകി. കലക്ടറും ജില്ലാ ജഡ്ജിയും സൈബർ പൊലീസിനോട് സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകി. ഇതിന് പിന്നാലെയാണ് സൈബർ പൊലീസ് കേസിന് പിന്നാലെ കൂടിയത്. സന്ദേശങ്ങളയച്ചതിന്റെ ഐപി മേൽവിലാസം മാസ്ക് ചെയ്തതാണ് പ്രതിയിലേക്ക് എത്താൻ മാസങ്ങളെടുത്തത്. ഒട്ടേറെ ഐപി മേൽവിലാസങ്ങൾ പരിശോധിച്ച സൈബർ പൊലീസ് ഒടുവിൽ ബാഷിദാണ് പ്രതിയെന്ന് കണ്ടെത്തി.
ദുരന്ത സമയത്ത് ഉണ്ടാക്കിയ അതേ വ്യാജ അക്കൗണ്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിന് തലേദിവസം വരെ പ്രതി അശ്ലീല സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. ഇതിന്റെ പേരിൽ പെരുമ്പാവൂർ സ്വദേശി റിജോയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി ബാഷിദ് നാല് വർഷം മുൻപ് ഒന്നര മാസം റിജോയുടെ കീഴിൽ ജോലി ചെയ്തിരുന്നു. അന്ന് കൂടെ ജോലി ചെയ്തിരുന്ന സ്ത്രീയോട് മോശമായി പെരുമാറിയതിന് കൽപറ്റ പൊലീസിൽ കേസ് കൊടുക്കുകയും പ്രതിയെ ജോലിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പൊലീസ് പ്രതിയെ പിടികൂടിയ വിവരം അറിയിച്ചപ്പോഴാണ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് റിജോയും മനസ്സിലാക്കിയത്.
ലൈംഗിക അധിക്ഷേപം: യുവാവ് പിടിയിൽ
കൽപറ്റ ∙ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബത്തേരി ചെതലയത്തിനു സമീപം താമസിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28) ആണ് വയനാട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. 2024 ജൂലൈ 30 ന് നടന്ന ചൂരൽമല ദുരന്തത്തിന് ഇരയായ സ്ത്രീകളെക്കുറിച്ചാണ് അടുത്ത ദിവസം ലൈംഗിക പരാമർശങ്ങൾ അടങ്ങിയ അധിക്ഷേപം സമൂഹമാധ്യമം വഴി നടത്തിയത്. കൽപറ്റയിൽ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയുടെ ഫൊട്ടോയും പേരും ഉപയോഗിച്ചാണ് അക്കൗണ്ട് നിർമിച്ചത്. കൽപറ്റ എസ്കെഎംജെ സ്കൂളിൽ ദുരിതാശ്വാസ ക്യാംപിൽ സേവനം ചെയ്യുന്നതിനിടയിലാണു തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ അധിക്ഷേപം നടത്തുന്നതെന്ന് യുവാവ് അറിയുന്നത്.
വയനാട് സൈബർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് എടുത്ത പൊലീസ് മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്. നൂറുകണക്കിന് ഐപി മേൽവിലാസങ്ങൾ വിശകലനം ചെയ്താണ് വയനാട് സൈബർ പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. എസ്സിപിഒമാരായ കെ.എ.അബ്ദുൽ സലാം, ടി.നജീബ്, സിപിഒമാരായ സി.രഞ്ജിത്ത്, സി.വിനീഷ, പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു. ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കൽപറ്റ സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.