
ചെറിയ പെരുന്നാളിന് ഒത്തുകൂടി; ഉരുൾ കവർന്ന ഓർമകളോടെ
ചൂരൽമല (വയനാട്) ∙ പ്രിയപ്പെട്ടവരെ അടക്കം ചെയ്ത പുത്തുമലയിലെ ആ മണ്ണിലേക്കു കലങ്ങിയ കണ്ണുകളുമായി അവർ വീണ്ടുമെത്തി. ഉറ്റവരുടെ ഓർമകൾക്കു മേൽ നാട്ടിയ മീസാൻ കല്ലുകൾ കെട്ടിപ്പിടിച്ച് അവർ വിതുമ്പി.
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവരുടെ ചെറിയ പെരുന്നാൾ ഉരുൾ കവർന്ന ഓർമകളുടെ വീണ്ടെടുപ്പായി. ആഘോഷങ്ങളിൽ സജീവമായി ഉണ്ടാകേണ്ടിയിരുന്ന പലരും ഇനിയില്ലെന്ന യാഥാർഥ്യം അവർക്കിനിയും ഉൾക്കൊള്ളാനായിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു ഇവിടെക്കണ്ട
കാഴ്ചകൾ. ദുരന്തത്തിനു ശേഷം പലയിടങ്ങളിലേക്കായി ചിതറിത്തെറിച്ചവർ ചൂരൽമല ജുമാ മസ്ജിദിൽ നമസ്കരിച്ച ശേഷമാണു പുത്തുമലയിലെ പൊതുശ്മശാനത്തിലേക്കെത്തിയത്.
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനത്തിൽ പ്രാർഥിക്കുന്നതിനിടെ വിങ്ങിപ്പൊട്ടുന്നവർ. ചെറിയ പെരുന്നാൾ നമസ്കാരത്തിനു ശേഷമാണ് ഇവർ ഉറ്റവരുടെ ഓർമകളുറങ്ങുന്ന മണ്ണിലേക്കെത്തിയത്.
ചിത്രം: മനോരമ
വലിയ ആഘോഷം നടക്കേണ്ടിയിരുന്ന ചൂരൽമലയിലും മുണ്ടക്കൈയിലും വിങ്ങുന്ന മനസ്സോടെ എല്ലാവരും പരസ്പരം ആശംസകൾ നേർന്നു.ആഘോഷം ആശംസകൾ മാത്രമാക്കി അവർ പരിമിതപ്പെടുത്തിയിരുന്നു. മുണ്ടക്കൈ ജുമാ മസ്ജിദും ഉരുൾപൊട്ടലിൽ തകർന്നിരുന്നു.
പള്ളിയിലെ ഖത്തീബ് ശിഹാബുദ്ദീൻ ഫൈസിയുടെ മൃതദേഹം പള്ളിക്കുള്ളിൽ നിന്നു കണ്ടെടുക്കുകയായിരുന്നു.ദുരന്തത്തിനുശേഷം പല പഞ്ചായത്തുകളിലായി താമസിക്കുന്നവർ ഇന്നലെ രാവിലെ ചൂരൽമലയിലെത്തി പ്രിയപ്പെട്ടവരുടെ കണ്ണീരോർമകൾക്കു മുന്നിൽ പ്രാർഥിച്ചു. ഉരുൾപൊട്ടലിൽ മരിച്ചവരെ കബറടക്കിയ മേപ്പാടി ജുമാ മസ്ജിദ് കബർസ്ഥാനിലും പ്രത്യേക പ്രാർഥനകൾ നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]