കേച്ചേരി∙ തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരി ജംക്ഷൻ വികസനത്തിനായി ഭൂമി ഏറ്റെടുപ്പിന് കിഫ്ബി 126 കോടി രൂപ അനുവദിച്ചു. കിഫ്ബിയുടെ 55ാം ജനറൽ ബോഡി യോഗത്തിലാണ് ഭൂമി ഏറ്റെടുപ്പിന് ആവശ്യമായ തുക അനുവദിച്ചുകൊണ്ടുള്ള അന്തിമ അംഗീകാരം ലഭിച്ചത്.
എ.സി. മൊയ്തീൻ എംഎൽഎയുടെയും മുരളി പെരുനെല്ലി എംഎൽഎയുടെയും ശ്രമഫലമായാണ് കിഫ്ബി വഴി സാമ്പത്തിക അനുമതി ലഭ്യമായത്.
ആദ്യഘട്ടമായി കേച്ചേരി ബൈപാസുമായി ബന്ധിപ്പിക്കുന്ന ഭാഗവും ജംക്ഷനും മാത്രമാണ് വീതിക്കൂട്ടുന്നത്.
തൃശൂർ ഭാഗത്തേക്ക് 100 മീറ്ററും കുറ്റിപ്പുറം ഭാഗത്തേക്ക് 100 മീറ്ററും വേലൂർ റോഡിൽ 200 മീറ്ററും മറ്റം റോഡിൽ 70 മീറ്ററും ദൈർഘ്യത്തിലാണ് റോഡ് വികസനം നടത്തുന്നത്. പദ്ധതിക്കായി ഏകദേശം 225 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടി വരും.
കേച്ചേരി ജംക്ഷന്റെ ഉയർന്ന വാണിജ്യ സാധ്യതയും പ്രദേശത്തിന്റെ നിലവിലെ വിപണി മൂല്യവും കണക്കിലെടുത്ത് റജിസ്ട്രേഷൻ വകുപ്പിന്റെ ഫെയർ വാല്യൂ അടിസ്ഥാനമാക്കിയാണ് ഭൂമി വില നിർണയിച്ചത്.
കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതിയുടെ നിർമാണ ചുമതല.
ഭൂമി ഏറ്റെടുപ്പ് നടപടികളിൽ ഗണ്യമായ പുരോഗതി ഉണ്ടാകുന്നതിന് ശേഷം മാത്രമേ ഇവിടെ സിവിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂ. പദ്ധതിയുടെ നിലവിലെ വ്യാപ്തിയും പുതുക്കിയ ചെലവ് കണക്കും ഉൾപ്പെടുത്തി പുതുക്കിയ ഭരണാനുമതി നേടണമെന്നും കിഫ്ബി നിർദേശിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

