പാലിയേക്കര∙ ദേശീയപാതയിലൂടെയുള്ള യാത്ര ദുരിതം പിടിച്ചതാണെങ്കിലും പതിവുപോലെ ഈ വർഷവും ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവയ്പിച്ച ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക.
കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.
കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല.
ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആകും.
ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ 9 വരെ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ചിരിക്കുകയാണ്.
ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് വീണ്ടും ടോൾ വർധന.
പാലിയേക്കരയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിർമാണം തുടങ്ങിയപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ ബദൽ സംവിധാനമൊരുക്കിയിരുന്നില്ല.
ഇതോടെ സർവീസ് റോഡുകൾ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്തതോടെയാണ് ടോൾ പിരിവ് നിർത്തിവച്ചത്. എന്നാൽ അടിപ്പാതകളുടെ നിർമാണം മറ്റൊരു കമ്പനിക്കാണെന്നും പ്രശ്നങ്ങൾക്കു കാരണം തങ്ങളല്ലെന്നുമാണ് ടോൾ കരാർ കമ്പനിയായ ജിഐപിഎല്ലിന്റെ വാദം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]