മുടിക്കോട് ∙ സർവീസ് റോഡ് തകർന്നു, മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ 8 മണിക്കൂർ ഗതാഗതം സ്തംഭിച്ചു. പുലർച്ചെ 4 ന് ആരംഭിച്ച ഗതാഗതക്കുരുക്ക് 12നാണ് അവസാനിച്ചത്.
തൃശൂർ ഭാഗത്തേക്കുള്ള കുരുക്ക് മുടിക്കോട് മുതൽ പട്ടിക്കാട് സെന്റർ വരെ നീണ്ടു.സ്വകാര്യ–കെഎസ്ആർടിസി ബസുകൾ പീച്ചി മലയോര ഹൈവേയിലെ പള്ളിക്കണ്ടം വഴി തിരിഞ്ഞാണു 6 കിലോമീറ്റർ അധികം സഞ്ചരിച്ചു തൃശൂരിലേക്കു പോയത്. രാവിലെ കാർഷിക ഉൽപന്നങ്ങളുമായി തൃശൂരിലേക്കു പോയവരിൽ ഭൂരിഭാഗം പേർക്കും കൃത്യസമയത്ത് എത്തിക്കാനായില്ല.
പല സ്വകാര്യ ബസുകളും വടക്കഞ്ചേരിയിൽ സർവീസ് അവസാനിപ്പിച്ചു. രാവിലെ പണിക്കുപോകുന്നവർ പലരും ബസ് വൈകിയതിനെത്തുടർന്നു ജോലിക്കുപോവാനാവാതെ വീട്ടിലേക്കു മടങ്ങ്.
മുടിക്കോട് ഭാഗത്തെ ദേശീയപാതയ്ക്കു സമാന്തരമായുള്ള പൈപ് ലൈൻ റോഡ് ദേശീയപാതയേക്കാൾ ദയനീയമായി തകർന്നു കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് പൈപ് ലൈൻ റോഡ് വഴിയും പോകാനായില്ല. നിർദിഷ്ട
അടിപ്പാത നിർമാണം നടക്കുന്ന മുടിക്കോട്ടിൽ സർവീസ് റോഡ് തകർന്നിട്ട് മാസങ്ങളായി. വെയിൽ വരുമ്പോൾ പൊടി ശല്യവും മഴയത്ത് ചെളി കെട്ടിക്കിടക്കുകയും ചെയ്യുന്നതിനാൽ സർവീസ് റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ്.
ഒരാഴ്ചയോളം മഴ മാറി നിന്നിട്ടും തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ അറ്റകുറ്റപ്പണി നടത്തിയില്ല. ഇന്നലെ പെയ്ത കനത്ത മഴയോടെ റോഡ് പൂർണമായും തകർന്നു ഗതാഗതം സ്തംഭിക്കുകയായിരുന്നു. ഓണക്കാലത്ത് കൂടുതൽ ചരക്കുവാഹനങ്ങൾ ഈ വഴി കടന്നുപോകുമെന്ന് അറിഞ്ഞിട്ടും ദേശീയപാത അതോറിറ്റിയും ജില്ലാ ഭരണകൂടവും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു നടപടിയെടുത്തിട്ടില്ല.
ടോൾ: കേസ് 9ന് പരിഗണിക്കും
മണ്ണുത്തി ∙ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിൽ പന്നിയങ്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും സർവീസ് റോഡ് പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ ഉപഹർജി ഫയലിൽ സ്വീകരിച്ചു.
കേസ് 9ന് പരിഗണിക്കും. നേരത്തെ ദേശീയപാതയിൽ ടോൾ പിരിവ് നടത്തുന്നതിന് മുന്നോടിയായി 2022ൽ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണത്തിനു കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നു
. എന്നാൽ 90 ദിവസത്തിനുള്ളിൽ 42 നിർമാണ ജോലികൾ കൂടി പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലായിരുന്നു കംപ്ലീഷൻ സർട്ടിഫിക്കറ്റ്.
എന്നാൽ 3 വർഷം കഴിഞ്ഞിട്ടും പട്ടികയിലെ പകുതിയോളം നിർമാണ ജോലികൾ ബാക്കിയുണ്ട്. വ്യവസ്ഥകൾ പാലിക്കാൻ കരാർ കമ്പനി തയാറാകാതെയാണ് ടോൾ പിരിവെന്നു ചൂണ്ടിക്കാട്ടിയാണ് ഷാജി കോടങ്കണ്ടത്ത് പ്രധാന ഹർജി സമർപ്പിച്ചിരുന്നത്. മുടിക്കോട് സർവീസ് റോഡ് ടാറിങ് നടക്കാത്തതും സർവീസ് റോഡിനു വീതിയില്ലാത്തതും മുടിക്കോട്ടെ പതിവായ പൊടിശല്യവും ചൂണ്ടിക്കാട്ടിയാണ് ഹർജി . ടോൾ പിരിവും ദേശീയപാതയിലെ പതിവ് ഗതാഗതക്കുരുക്കും സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടും നിർണായകമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]