
തൃശൂർ ∙ ‘സിനിമയിലൊന്നു മുഖം കാണിക്കാൻ ആഗ്രഹിച്ചിരുന്നു..’ കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി തന്റെ പഴയ അഭിനയമോഹം പങ്കുവയ്ക്കുമ്പോൾ ചുറ്റും നാലു സംവിധായകർ കൗതുകത്തോടെ കേട്ടിരുന്നു. ഭരതൻ സ്മൃതി പുരസ്കാര വേദിയിലെ അനുഗ്രഹ പ്രഭാഷണത്തിനിടയിലാണ് അദ്ദേഹം മനസ്സു തുറന്നത്. പ്രായം കടന്നുപോയെന്നും സിനിമയിൽ ഇനി അഭിനയിക്കണമെന്ന ആഗ്രഹം ഇല്ലെന്നും അദ്ദേഹം പറഞ്ഞുനിർത്തിയപ്പോൾ സംവിധായകരായ കമലും ജയരാജും തരുൺ മൂർത്തിയും ജ്യോതിഷ് ശങ്കറും ആദരവോടെ പുഞ്ചിരിച്ചു.
തുടരും എന്ന സിനിമയുടെ സംവിധായകൻ തരുണിനു ഭരതൻ സ്മൃതി പുരസ്കാരം സമ്മാനിക്കുന്ന വേളയിൽ നടൻ മോഹൻലാലിനെയും കലാമണ്ഡലം ഗോപി ഓർക്കാതിരുന്നില്ല.
‘ചലച്ചിത്രകലയിൽ എന്റെ ഗുരുനാഥത്വം മോഹൻലാലിനാണ്. അദ്ദേഹം പലതും ഉപദേശിച്ചു തന്നിട്ടുണ്ട്.
സിനിമയിൽ അഭിനയിപ്പിക്കാൻ അവസരം നൽകിയ ജയരാജ് ഉൾപ്പെടെയുള്ള സംവിധായകരെയും ഗുരുനാഥരായി കാണുന്നു. അതിനു ജയരാജ് അനുഭവിച്ച കഷ്ടപ്പാടു ചില്ലറയായിരുന്നില്ലതാനും.
കഥകളി മാത്രം പോരായിരുന്നല്ലോ സിനിമയിൽ. സിനിമയിൽ അഭിനയിക്കണമെന്ന മോഹത്തിനു പിന്നിലൊരു കാരണമുണ്ട്.
കഥകളി വേഷക്കാരൻ എന്നതിനു പുറമെ ഞാൻ നൃത്തം ചെയ്തിട്ടുണ്ട്, നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്, ഓട്ടൻതുള്ളൽക്കാരനാണ്. സിനിമയിൽ കൂടി അഭിനയിക്കണമെന്ന മോഹം അങ്ങനെ വന്നതാണെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
സിനിമയിലൊരു തലമുറമാറ്റം സംഭവിച്ചിച്ചു കഴിഞ്ഞിട്ടും ഭരതൻ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുവെന്നു ഭരതൻ സ്മാരക പ്രഭാഷണം നിർവഹിച്ച കമൽ പറഞ്ഞു.
കാലത്തിനു മായ്ച്ചു കളയാൻ കഴിയാത്ത രീതിയിൽ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. മലയാള സിനിമയിലൊരു സുവർണകാലം തീർത്ത ഭരതനും പത്മരാജനും അടക്കമുള്ളവർ സ്വാധീനിച്ചാണു താനടക്കമുള്ളവർ സിനിമയിലെത്തിയതെന്നും കമൽ പറഞ്ഞു.
നവാഗത സംവിധായകനുള്ള പുരസ്കാരം പൊന്മാൻ സിനിമയുടെ സംവിധായകൻ ജ്യോതിഷ് ശങ്കറും കെപിഎസി ലളിത പുരസ്കാരം മഞ്ജു പിള്ളയും ഏറ്റുവാങ്ങി. നിർമാതാവ് വി.ബി.കെ.
മേനോനെ ആദരിച്ചു. എം.പി.
സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ഗാനരചയിതാവ് വിദ്യാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]