ചാലക്കുടി ∙ ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൽറ്റൻസി നടത്തിയ സാങ്കേതിക പരിശോധനയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പഴയ ദേശീയപാതാ പാലത്തിൽ ഗുരുതര ബലക്ഷയമുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ പരിശോധനയിൽ കണ്ടെത്തൽ. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം വൈകാതെ അറ്റകുറ്റപ്പണിക്കായി പൂർണമായി അടച്ചിടാൻ തീരുമാനിച്ചു.
പുഴയ്ക്കു കുറുകെയുള്ള പടിഞ്ഞാറു വശത്തെ പാലത്തിലാണ് (എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള ദിശ) അറ്റകുറ്റപ്പണികൾ നടത്തുക. ഈ പാലം അടയ്ക്കുന്നതോടെ ഇരുദിശകളിലേക്കുമുള്ള ഗതാഗതം കിഴക്കുവശത്തെ പുതിയ പാലത്തിലൂടെ തിരിച്ചു വിടാനാണു തീരുമാനം.
ഇതിനായി പാലത്തിന്റെ ഇരുവശത്തുമുള്ള ദേശീയപാത മീഡിയനുകൾ പൊളിച്ചുമാറ്റി റോഡ് ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്.
പാലത്തിന്റെ ബെയറിങ് മാറ്റുന്ന ജോലികളാണു പ്രധാനമായി നടത്തുക എന്ന് അധികൃതർ അറിയിച്ചു. കൊരട്ടിയിൽ മേൽപാല നിർമാണവും ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാത നിർമാണവും നടക്കുന്നതിനാൽ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇതിനു പുറമേ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പാലങ്ങളിൽ ഒന്ന് അടച്ചിടുന്നതോടെ ഗതാഗതപ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകും.
ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാൾ ഫെബ്രുവരി 6 മുതൽ 9 വരെ നടക്കാനിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ തിരുനാൾ കഴിഞ്ഞ ശേഷമേ പാലം അടയ്ക്കാവൂ എന്നും ജനപ്രതിനിധികൾ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. 1966 ഡിസംബർ 16നാണു ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
ചാലക്കുടിക്കാരനും അന്നത്തെ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോൻ ശിലാസ്ഥാപനം നടത്തി.
നിർമാണം പൂർത്തിയാക്കിയ പാലത്തിന്റെ ഉദ്ഘാടനം 1972 ഫെബ്രുവരി 22ന് അന്നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എ.സി. ജോർജ് നിർവഹിച്ചു.
ഈ പാലത്തിന്റെ കിഴക്കുവശത്തു 2006ൽ മറ്റൊരു പാലത്തിന്റെ നിർമാണം ആരംഭിച്ചു. 2010ൽ ഈ പുതിയ പാലവും ഗതാഗതത്തിനായി തുറന്നു നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

