ഗുരുവായൂർ ∙ വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി നാളെ. ദശമി ദിവസമായ ഇന്നു പുലർച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ 8ന് മാത്രമേ അടയ്ക്കുകയുള്ളൂ.
തുടർച്ചയായി 53 മണിക്കൂർ നട തുറന്നിരിക്കും. ഏകാദശി ദർശനത്തിന് വരി നിൽക്കുന്ന ഭക്തർക്ക് മുൻഗണന നൽകും. പുലർച്ചെ 5 മുതൽ വൈകിട്ട് 5 വരെ സ്പെഷൽ ദർശനം ഇല്ല.
നെയ്വിളക്ക് ദർശനം മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രം. ക്ഷേത്രത്തിൽ അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ഗോതമ്പു ചോറ്, രസകാളൻ, ഗോതമ്പു പായസം എന്നിവയടങ്ങിയ വ്രത വിഭവങ്ങളോടെ പ്രസാദ ഊട്ട് നാളെ രാവിലെ 9 മുതൽ അന്നലക്ഷ്മി ഹാൾ, തൊട്ടു ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കും.
ഉച്ചയ്ക്ക് 2 വരെ വരി നിൽക്കുന്നവർക്ക് പ്രസാദ ഊട്ട് നൽകും.
സുപ്രീംകോടതി വിധി പ്രകാരം ഉദയാസ്തമയ പൂജയോടെ ഏകാദശി ആഘോഷിക്കും. ഓരോ 5 പൂജകൾ കഴിഞ്ഞാൽ ഒരു മണിക്കൂർ തുടർച്ചയായി ദർശനം. കാലത്തെ ശീവേലിക്ക് ഒപ്പം പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് ഉണ്ടാകും. രാത്രി എഴുന്നള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം വഹിക്കും.
പഞ്ചവാദ്യം അകമ്പടിയാകും.കുറൂരമ്മ ഹാളിൽ ഏകാദശി സുവർണ മുദ്ര അക്ഷരശ്ലോക മത്സരം ഉച്ചയ്ക്ക് 1ന്.15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം നാളെ രാത്രി സമാപിക്കും. രാത്രി 8.30ന് സംഗീതോത്സവത്തിലെ അണിയറ പ്രവർത്തകരെ ആദരിക്കും. തുടർന്ന് ചെമ്പൈയുടെ ഇഷ്ട
കീർത്തനങ്ങൾ പാടുന്നതോടെ സമാപനമാകും.
തിങ്കളാഴ്ച അർധരാത്രിക്കു ശേഷം ക്ഷേത്രം കൂത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം. വ്രതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഭക്തർ വേദജ്ഞർക്ക് ദക്ഷിണ സമർപ്പിക്കുന്ന ചടങ്ങാണിത്. ദ്വാദശി ഊട്ട് ചൊവ്വാഴ്ച രാവിലെ 7 മുതൽ 11 വരെ അന്നലക്ഷ്മി ഹാളിൽ നടക്കും. ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 7ന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് ഗജഘോഷയാത്ര ആരംഭിക്കും.
8.30ന് കേശവ പ്രതിമയ്ക്കു മുന്നിൽ ഗജവന്ദനം.ചെമ്പൈ സംഗീതോത്സവ വേദിയിൽ രാവിലെ 9ന് പഞ്ചരത്ന കീർത്തനാലാപനം.
ദശമി വിളക്ക് ഇന്ന്
ഗുരുവായൂർ ക്ഷേത്രം: സഹസ്രനാമ ജപം, ഋഗ്വേദ ജപം, യജുർവേദ ജപം 5.00. കാഴ്ചശീവേലി മേളം തിരുവല്ല രാധാകൃഷ്ണൻ 7.00, നാഗസ്വര കച്ചേരി 10.30, കാഴ്ചശീവേലി മേളം, ചോറ്റാനിക്കര വിജയൻ മാരാർ 3.00, ദീപാലങ്കാരം, നിറമാല, നാരായണ നാമയജ്ഞം.തായമ്പക കല്ലൂർ രാമൻകുട്ടി മാരാർ 6.00, നെയ്വിളക്ക് എഴുന്നള്ളിപ്പ്, ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം രാത്രി 11.00. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

