തൃശൂർ ∙ പാട്ടുകേൾക്കാനെത്തിയവരുടെ ഹൃദയത്തിൽ മധുരഗാനങ്ങളുടെ മഞ്ഞൾപ്രസാദം തൊടുവിച്ചു മലയാളത്തിന്റെ വാനമ്പാടി. മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചിത്രാങ്കണം’ ഗാനസന്ധ്യയിലാണു ഗായിക കെ.എസ്.ചിത്രയുടെ സ്വരമാധുരി സംഗീതാസ്വാദകർ നെഞ്ചേറ്റിയത്.
മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി എന്ന സുന്ദരഗാനത്തോടെ ആരംഭിച്ച ‘ചിത്രഗീതം’ ഹയാത്ത് കൺവൻഷൻ സെന്ററിലെ പ്രൗഢഗംഭീരമായ സദസ്സിനു വേറിട്ട അനുഭവമായി.
ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം കെ.എസ്.ചിത്ര തൃശൂരിൽ പാടാനെത്തുന്നു എന്നതായിരുന്നു ചിത്രാങ്കണത്തിന്റെ പ്രധാന ആകർഷണം.
ഗുരുവായൂരപ്പന്റെ ഭക്തയായ തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടെന്ന വിശേഷണത്തോടെ ‘കാർമുകിൽ വർണന്റെ ചുണ്ടിൽ’ എന്ന ഗാനം ആലപിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലെ കോടമഞ്ഞിൻ എന്നു തുടങ്ങുന്ന ഗാനം ചിത്ര പാടുമ്പോൾ സദസ്സിന്റെ മുൻനിരയിൽ പുഞ്ചിരിയോടെ പാട്ടിനു കാതോർത്തു സത്യൻ അന്തിക്കാട് ഇരുന്നു.
ഗുരുവായൂരപ്പാ, യേ ഹസീൻ വാദിയാ, പൂമാനമേ തുടങ്ങിയ ഹിറ്റ് ഗാനങ്ങളും ചിത്ര ആലപിച്ചു. ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ, എസ്.ജാനകി തുടങ്ങിയ ആലാപന പ്രതിഭകൾക്ക് ആദരമർപ്പിച്ച് അവരുടെ പാട്ടുകളും ചിത്ര പാടി. യുവഗായകരായ ദിശ പ്രകാശ്, അനാമിക, ശ്രീരാഗ് ഭരതൻ, കെ.കെ.നിഷാദ്, രൂപ രേവതി തുടങ്ങിയവരും ചിത്രയ്ക്കൊപ്പം ഗാനങ്ങൾ ആലപിച്ചു.
ജോസ് ആലുക്കാസ്, ഐസിഎൽ ഫിൻകോർപ്, പ്രൈം സ്റ്റീൽ ബിൽഡിങ് സ്പെഷലിസ്റ്റ്്സ് എന്നിവരുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്. ജോസ് ആലുക്കാസ്, ജോസഫ് മാത്യു, ബിന്ദു മാത്യു, ഉമ അനിൽകുമാർ, മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, പോൾ ആലുക്കാസ്, ജോൺ ആലുക്കാസ്, വർഗീസ് ആലുക്കാസ് എന്നിവർ പ്രസംഗിച്ചു.
പൂനിലാവിൻ പരിലാളനം പോലെ ആലാപനം
തൃശൂർ∙ 43 വർഷം മുൻപു പുറത്തിറങ്ങിയ ‘ഞാൻ ഏകനാണ്’ എന്ന സിനിമയിലെ ‘രജനീ പറയൂ..
പൂനിലാവിൻ പരിലാളനത്താൽ’ എന്നു തുടങ്ങുന്ന പാട്ടിന്റെ നാലുവരി പാടിയ ശേഷം കെ.എസ്.ചിത്ര പറഞ്ഞു, ‘ഞാൻ ആദ്യമായി പാടിയ സോളോ ഗാനമാണിത്.’ ആ ഗാനമെഴുതിയ സത്യൻ അന്തിക്കാട് സദസ്സിന്റെ മുൻനിരയിൽ ശ്രോതാവായിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ആദരമർപ്പിച്ചു ചിത്ര പാടിയത്. ഇന്നു താനെത്തി നിൽക്കുന്നിടത്തേക്കുള്ള യാത്രയുടെ തുടക്കം ആ പാട്ടിലായിരുന്നെന്നു ചിത്ര പറഞ്ഞു.
ആദ്യ ഗാനത്തിന്റെ റെക്കോർഡിങ് അനുഭവം ചിത്ര പങ്കു വച്ചതിങ്ങനെ: ‘മദ്രാസിലായിരുന്നു ആ പാട്ടിന്റെ റെക്കോർഡിങ്. സത്യൻ അന്തിക്കാട്, രവീന്ദ്രൻ, ശ്യാം എന്നിവർക്കൊപ്പം ഒരേ കാറിലായിരുന്നു ഞാനും അച്ഛനും സ്റ്റുഡിയോയിലേക്കു പുറപ്പെട്ടത്.
അവർ മൂന്നുപേരും കൂടി അന്നത്തെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതു കേട്ടുകൊണ്ടു ഞാനും അച്ഛനും ഇരുന്നു. അതൊക്കെ ഓർക്കുമ്പോൾ അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നു.
അന്നൊക്കെ അച്ഛനായിരുന്നു എന്റെ കൂടെ റെക്കോർഡിങ്ങിനു വന്നിരുന്നത്.’
ചിത്ര ആദ്യമായി പാടിയതു താനെഴുതിയ പാട്ടാണെന്നതിൽ ഏറെ അഭിമാനമുണ്ടെന്നു സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. വേദിയിൽ ‘ഉണ്ണീ വാവാവോ’ എന്ന ഹിറ്റ് ഗാനം ചിത്ര പാടുമ്പോൾ ആ പാട്ടിന് ഈണം നൽകിയ മോഹൻ സിതാര മന്ദഹാസത്തോടെ ആസ്വാദകരിലൊരാളായി കേട്ടിരുന്നു.
സംഗീത സംവിധായകൻ വിദ്യാധരൻ, ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ എന്നിവരും ചിത്രയുടെ പാട്ടിനു കാതോർത്തിരുന്നു.
നെറ്റിയിലണിഞ്ഞ കളഭം മുതൽ പാടിയ പാട്ടുകളിൽ വരെ നിറഞ്ഞു നിന്ന ഗുരുവായൂരപ്പനോടുള്ള ഭക്തിയും ചിത്ര പങ്കുവച്ചു. കാർമുകിൽ വർണന്റെ ചുണ്ടിൽ എന്ന പാട്ടു വൈകാരികമായി പാടിയവസാനിപ്പിച്ച ശേഷം ചിത്ര പറഞ്ഞു, ‘ഈ പാട്ടു കേട്ടു ദാസേട്ടൻ (യേശുദാസ്) വിളിച്ചു പറഞ്ഞു, കൃഷ്ണനെ എന്തു വിളിയാണു നീ വിളിച്ചത്.
ഈ വിളി ഭഗവാൻ കേൾക്കാതിരിക്കുമോ എന്ന്. ഗുരുവായൂരപ്പന്റെ ഭക്തയാണു ഞാൻ.
ഗുരുവായൂരപ്പന്റെ കളഭമാണെന്റെ നെറ്റിയിൽ.’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]