
മുളയം (തൃശൂർ) ∙ കൂട്ടാലയിൽ പിതാവിനെ കൊന്നു ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിലെ പ്രതി മകൻ മൂത്തേടത്ത് വീട്ടിൽ സുമേഷിനെ (47) തെളിവെടുപ്പിനെത്തിച്ചു. കൃത്യമായ ഒരുക്കത്തോടെയാണു കൊലപാതകം നടത്തിയതെന്നു പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് മൂത്തേടത്ത് വീട്ടിൽ സുന്ദരൻ നായരുടെ (75) മൃതശരീരം ചാക്കിൽ കെട്ടിയ നിലയിൽ വീടിനു സമീപത്തെ മറ്റൊരു പറമ്പിൽ കണ്ടെത്തിയത്.
കടം വീട്ടുന്നതിനു പിതാവ് പണം നൽകാത്തതാണു കൊലപാതകത്തിനു കാരണമെന്ന് പ്രതി പറഞ്ഞു.
സുമേഷ് പൊലീസിനോടു പറഞ്ഞതിങ്ങനെ: ‘അച്ഛനോട് പലവട്ടം സ്വർണമാല ചോദിച്ചെങ്കിലും നൽകിയില്ല. അടുക്കളയിൽ നിന്നു വിറകെടുത്തു തലയ്ക്കടിച്ചു.
മുറിയിൽ പരന്ന ചോര തുണി കൊണ്ടു തുടച്ചു. അച്ഛന്റെ മുണ്ട് കയ്യിലും കാലിലും ചേർത്തു കെട്ടി.
അതിനുശേഷം മൃതദേഹം കുളിമുറിയിലേക്ക് കൊണ്ടുപോയി ചാക്കിലാക്കി. പിന്നീട് അടുക്കളയോട് ചേർന്ന മതിലിനരികിൽ കസേരയിട്ട് കയറി മൃതദേഹം അടുത്ത പറമ്പിലേക്ക് തള്ളി.
ശേഷം മതിൽ ചാടിക്കടന്ന് മൃതദേഹം പറമ്പിലെ കുഴിയിലേക്ക് മാറ്റി’
സുമേഷ് പുഴമ്പള്ളത്താണ് താമസം. കൊലപാതകശേഷം സ്വർണമാലയും മോതിരവും കൈക്കലാക്കിയ പ്രതി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 80,000 രൂപയ്ക്ക് മാല പണയം വച്ചു.
മദ്യത്തിന് അടിമയായ പ്രതി മുൻപും പലതവണ പണം ആവശ്യപ്പെട്ട് വീട്ടിൽ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഒല്ലൂർ എസിപി എസ്.പി.സുധീരൻ, മണ്ണുത്തി എസ്എച്ച്ഒ കെ.സി.ബൈജു, പീച്ചി എസ്എച്ച്ഒ കെ.സതീഷ് കുമാർ, എസ്ഐ ഷാജു വി.മാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]