തൃശൂർ / കൊല്ലം ∙ വിയ്യൂർ സെൻട്രൽ ജയിലിനു മുന്നിൽ പൊലീസ് കസ്റ്റഡിയിൽ നിന്നു ചാടിപ്പോയ കൊടുംകുറ്റവാളി ബാലമുരുകൻ (45) രണ്ടുമാസത്തോളം നീണ്ട ഒളിവുജീവിതത്തിനൊടുവിൽ തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ പിടിയിൽ.
ട്രിച്ചിക്കു സമീപം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ബാലമുരുകനെ തെങ്കാശിയിൽ നിന്നുള്ള ക്യൂബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ഊട്ടുമല പൊലീസ് സ്റ്റേഷനിലെത്തിച്ചു ബാലമുരുകൻ തന്നെയെന്നുറപ്പാക്കിയ ശേഷമായിരുന്നു അറസ്റ്റ്. മധുര പാളയംകോട്ടയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രാത്രി വൈകി റിമാൻഡ് ചെയ്തു. തൃശൂർ സിറ്റി പൊലീസിനു പ്രതിയെ കൈമാറുന്നതടക്കം തുടർനടപടികൾ വൈകാതെയുണ്ടാകും.
പൊലീസിന്റെ കണ്ണുവെട്ടിച്ചു വേഷംമാറി ജീവിക്കുകയായിരുന്നു ഇയാൾ.
കൊലപാതകം അടക്കം 53 ക്രിമിനൽ കേസുകളിൽ പ്രതിയായ ബാലമുരുകൻ നവംബർ 3നാണു വിയ്യൂർ ജയിലിനു മുന്നിൽവച്ചു കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടുന്നത്. വിയ്യൂരിൽ തടവിൽ കഴിയുകയായിരുന്ന ബാലമുരുകനെ തെങ്കാശിയിലെ കോടതിയിൽ ഹാജരാക്കാൻ വേണ്ടി തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരുമ്പോൾ ജയിലിനു മുന്നിൽ വച്ചു ബാലമുരുകൻ രക്ഷപ്പെട്ടു. കൈവിലങ്ങ് അണിയിക്കാതെ സ്വകാര്യ കാറിൽ അലസമായി കൊടുംകുറ്റവാളിയെ കൊണ്ടുവന്നതിനു തമിഴ്നാട് പൊലീസ് സംഘത്തെ സസ്പെൻഡ് ചെയ്തിരുന്നു.
2 തവണ ജയിൽചാടിയ ചരിത്രമുള്ള ഇയാൾ മൂന്നാംവട്ടവും രക്ഷപ്പെട്ടതിനു പിന്നിലെ ദുരൂഹത ക്യു ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ബാലമുരുകൻ കടന്നുകളഞ്ഞതെങ്ങനെയെന്നും ഒളിവിൽ കഴിഞ്ഞത് എവിടെയെല്ലാമാണെന്നും കണ്ടെത്താൻ ക്യു ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തെങ്കാശിയിൽ ബാലമുരുകന്റെ കുടുംബവുമായി ബന്ധപ്പെട്ടു നിരീക്ഷണം തുടരുന്നതിനിടെയാണ് ട്രിച്ചിയിൽ നിന്ന് അറസ്റ്റിലായത്. പല സമയത്ത് പലയിടങ്ങളിലെ ജയിലുകളിൽ കഴിഞ്ഞപ്പോൾ ഉണ്ടാക്കിയെടുത്ത സൗഹൃദവലയമാണു ബാലമുരുകന് ഒളിവിൽ കഴിയാൻ തുണയൊരുക്കിയതെന്നു സൂചനയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

