ഒല്ലൂർ∙ ഗതാഗതക്കുരുക്കിനിടയിൽ സ്വകാര്യ ബസുകൾ ക്രമം തെറ്റിച്ചുവന്ന് കുരുക്ക് രൂക്ഷമാക്കും വിധം സർവീസ് നടത്തുന്നതിനെതിരെ ശക്തമായ നടപടികളെടുക്കാൻ ഒല്ലൂർ പൊലീസ്. കഴിഞ്ഞ ദിവസം ബസുടമകളുടെ യോഗം വിളിച്ച പൊലീസ്, ജീവനക്കാർക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു.
ജീവനക്കാർ നിർദേശങ്ങൾ പാലിക്കാത്ത പക്ഷം കർശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഒല്ലൂർ എസിപി എസ്.പി.സുധീരൻ, എസ്എച്ച്ഒ പി.എം.വിമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ഒല്ലൂർ – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന 30 ബസുടമകൾ യോഗത്തിനെത്തി.
കഴിഞ്ഞ ദിവസം രാവിലെ സെന്ററിൽ കെഎസ്ആർടിസി ബസ് തകരാറിലായി റോഡിൽ കിടന്നതിനെത്തുടർന്നു രൂക്ഷമായ ഗതാഗത ക്കുരുക്ക് ഉണ്ടായിരുന്നു.
രാവിലെ 8ന് ആരംഭിച്ച കുരുക്ക് 11.30നാണ് തീർന്നത്. ഇതിനിടയിലാണ് സ്വകാര്യ ബസുകൾ ക്രമം തെറ്റിച്ചുവന്ന് കുരുക്ക് രൂക്ഷമാക്കിയത്.വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ബസുകളുടെ നിയമലംഘനം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് പൊലീസ് യോഗം വിളിച്ചത്.
ക്രമം തെറ്റിച്ചുവരുന്ന ബസുകൾ അടക്കമുള്ള എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ തെളിവുസഹിതം അധികൃതരെ അറിയിക്കുമെന്ന് ഒല്ലൂർ സംരക്ഷണ സമിതി ഭാരവാഹികളായ അലോഷ്യസ് കുറ്റിക്കാട്ട്, വിൽസൺ കാക്കശേരി, അജോ മാങ്ങൻ, ഡേവിസ് ചെക്കിനാത്ത് എന്നിവർ അറിയിച്ചു.
ഗതാഗത ലംഘനം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്കും അധികൃതരെ അറിയിക്കാം. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമാകുന്ന വിധം വിഡിയോ എടുത്ത് പൊലീസിന്റെ 9747001099 എന്ന വാട്സാപ് നമ്പറിലേക്ക് ആണ് അയയ്ക്കേണ്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]