ഇരിങ്ങാലക്കുട ∙ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷം പിന്നിട്ടിട്ടും മാപ്രാണം സെന്ററിലെ പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ അനുബന്ധ സൗകര്യങ്ങളില്ല.
കെപിഎംഎസ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മൂന്നുകോടിയിലേറെ രൂപ പട്ടികജാതി വികസന ഫണ്ട് ചെലവഴിച്ച് നിർമിച്ച കെട്ടിടം വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ 2023ൽ ഏപ്രിൽ 22ന് ഉദ്ഘാടനം ചെയ്തത്. പിന്നീട് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുമെന്ന് നഗരസഭ നൽകിയ ഉറപ്പ് ഇതുവരെ പാലിച്ചില്ല.
ആവശ്യമായ വെള്ളം, കസേര, മേശ എന്നിവ ലഭ്യമാക്കാൻ നഗരസഭയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ലെന്ന് കെപിഎംഎസ് കുറ്റപ്പെടുത്തി. ഹാളിനു പിറകിലുള്ള കിണർ കാട് മൂടി. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്റർ മഴയും വെയിലുമേറ്റ് നശിച്ച അവസ്ഥയാണ്.
ഹാളിന് പുറത്തെ ഇലക്ട്രിക് വയറിങ് താറുമാറായി. ഉദ്ഘാടനം കഴിഞ്ഞ് 8 മാസം പിന്നിട്ടപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ നഗരസഭ ചെയർപഴ്സന് നിവേദനം നൽകിയിരുന്നു.
എന്നാൽ തുടർനടപടികൾ ഉണ്ടായില്ല.
നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം നിരാകരിച്ചാണു ഹാളിന്റെ നിർമാണം പൂർത്തിയാക്കിയത്.പട്ടികജാതി ഫണ്ട് ചെലവഴിച്ച് നിർമിച്ച ഹാൾ സൗജന്യമായി വിഭാഗക്കാർക്ക് പരിപാടികൾക്ക് വിട്ടു നൽകുമെന്ന് നേരത്തെ കെപിഎംഎസ് നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന് നഗരസഭ അംഗീകരിച്ചിരുന്നു. എന്നാൽ ഇതുവരെയും തീരുമാനം നടപ്പാക്കിയില്ല.ഹാളിന്റെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ ഇനി ഒരുരൂപ പോലും നഗരസഭ പട്ടികജാതി ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ അനുവദിക്കില്ലെന്ന് കെപിഎംഎസ് പറഞ്ഞു.ഹാളിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം പി.സി.രഘു യൂണിയൻ പ്രസിഡന്റ് രഞ്ജിത്, സെക്രട്ടറി കെ.സി.രാജീവ് തുടങ്ങിയവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]