
തൃശൂർ ∙ സംസ്ഥാനത്തെ പകുതിയിലേറെ വില്ലേജുകളിലും കുറുക്കന്റെ (ഗോൾഡൻ ജാക്കൽ) സാന്നിധ്യമെന്നു പഠന റിപ്പോർട്ട്. 874 വില്ലേജുകളിൽ അയ്യായിരത്തിലേറെ കുറുക്കന്മാരുടെ സാന്നിധ്യം ചിത്രങ്ങളും ജിപിഎസ് ലൊക്കേഷനും സഹിതം ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെ പഠനത്തിൽ സ്ഥിരീകരിച്ചു.
20,000 മുതൽ 30,000 വരെ കുറുക്കന്മാർ കേരളത്തിലുണ്ടെന്നും സംരക്ഷിത വനമേഖലയിൽ ഇവയുടെ സാന്നിധ്യം വിരളമാണെന്നും (2% മാത്രം) റിപ്പോർട്ടിലുണ്ട്.നഗരമേഖലകളിൽ പോലും ഇവയുടെ സാന്നിധ്യമുണ്ടെന്നും തെരുവുനായ്ക്കളുമായി ഇണചേരുന്നതിനാൽ ഇവയുടെ ജനിതകഘടനയിൽ മാറ്റങ്ങൾക്കു സാധ്യതയുണ്ടെന്നും കണ്ടെത്തി.കേരളത്തിൽ സർവസാധാരണയായി കാണുന്ന ജീവിയാണെങ്കിലും കുറുക്കന്മാരുടെ എണ്ണം, ജനിതക വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ പഠനങ്ങൾ വിരളമായേ നടന്നിട്ടുള്ളൂ.
2157 പേർ പങ്കെടുത്ത ഓൺലൈൻ സർവേ വഴിയാണു ഫൗണ്ടേഷൻ കുറുക്കന്മാരുടെ സാന്നിധ്യവും എണ്ണവും സംബന്ധിച്ച ആധികാരിക പഠനം സാധ്യമാക്കിയത്.പഠനം നടത്തിയ ഡോ.പി.എസ്.ഈസ, എസ്.ധ്രുവരാജ്, ഡോ.സന്ദീപ് ദാസ് എന്നിവരുടെ നേതൃത്വത്തിൽ വന്യജീവി വിദഗ്ധർ ഡേറ്റാ ബേസ് ക്രോഡീകരിച്ചപ്പോൾ വ്യക്തമായ വിവരങ്ങളിങ്ങനെ: റവന്യു വകുപ്പിന്റെ കണക്കുകൾ പ്രകാരം 1666 വില്ലേജുകൾ ഉള്ളതിൽ 1066 വില്ലേജുകളിൽ വരെ കുറുക്കന്റെ സാന്നിധ്യമുണ്ടാകാം. 874 വില്ലേജുകളിലാണ് സ്ഥിരീകരണം ലഭിച്ചത്.സമതല മേഖലകളിലാണ് ഇവയേറെയും.
മാവ്, തെങ്ങ്, റബർ തുടങ്ങിയവയുടെ തോട്ടങ്ങൾ, നെൽവയലുകൾ, ഗ്രാമീണ മനുഷ്യവാസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണു കൂടുതലും കഴിയുക. രാസകീടനാശിനികളുടെ അമിതോപയോഗം മൂലം വയനാട്ടിൽ പലയിടത്തും കുറുക്കന്മാർ അപ്രത്യക്ഷമായി.
‘ജങ്ക് ഫുഡ് ’ തേടി പട്ടണങ്ങളിലേക്കും
പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ വരെ ഇവയുടെ സാന്നിധ്യമുണ്ട്.
മാലിന്യക്കൂമ്പാരങ്ങളിൽനിന്നു ഭക്ഷണം കണ്ടെത്തുന്ന പ്രവണത വ്യാപകമാണ്. ജൈവ മാലിന്യം കഴിച്ചു ജീവിക്കുന്നതു മറ്റെന്തെങ്കിലും പ്രത്യാഘാതം സൃഷ്ടിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
പശ്ചിമഘട്ട വനങ്ങളിൽ ഇവയെ അപൂർവമായേ കാണാറുള്ളൂ.
ആലപ്പുഴയുടെ തീരമേഖല, അട്ടപ്പാടി തുടങ്ങിയ ഇടങ്ങളിൽ ഇവ കാണപ്പെടുന്നില്ല. എന്നാൽ, മൂന്നാർ പോലെ തണുപ്പേറിയ ഇടങ്ങളിൽ ഇവയെ കാണുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]