
ചിമ്മിനി ∙ വൈദ്യുതക്കമ്പികൾക്കു മുകളിൽ വീണ മരം സുരക്ഷയില്ലാതെ വെട്ടിമാറ്റുന്നതിനിടെ മരച്ചില്ല വീണ് വനംവകുപ്പിലെ ഇഡിസി (ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി) അംഗം മരിച്ചു. ചിമ്മിനി ഇഡിസിയിലെ എച്ചിപ്പാറ ചക്കുങ്ങൽ വീട്ടിൽ അബ്ദുൽ ഖാദറാണ് (49) മരിച്ചത്.
വിനോദസഞ്ചാരികളുടെ കാർ പാർക്കിങ്ങിനു സമീപമുള്ള റോഡിൽ ഇന്നലെ രാവിലെ 11ന് വനപാലകരും കെഎസ്ഇബി ഉദ്യോഗസ്ഥരും നോക്കിനിൽക്കെയായിരുന്നു അപകടം. വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് മരംവെട്ട് നടന്നിരുന്നതെന്നു പറഞ്ഞ് കെഎസ്ഇബി അധികൃതർ സംഭവത്തിൽ കൈമലർത്തി.ഞായർ പുലർച്ചെയാണ് വനംവകുപ്പിന് കീഴിലുള്ള പ്രദേശത്ത് നിന്നിരുന്ന മരം വീണത്.
അന്നുതന്നെ വരന്തരപ്പിള്ളി കെഎസ്ഇബിയിൽ വിവരമറിയിച്ചു.
ഉച്ചയോടെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും മരംമുറിക്കാൻ ആളില്ലെന്നു പറഞ്ഞ് തിരിച്ചുപോയി. ചിമ്മിനി ചെക്ക്പോസ്റ്റ് മുതൽ വൈദ്യുതി നിലച്ചിരുന്നു.
ഇന്നലെ മരംമുറിച്ച് നൽകാൻ വനപാലകർ അബ്ദുൽ ഖാദറിനെ ഏർപ്പാടാക്കുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
മരംവീണ് വൈദ്യുതക്കമ്പി താഴ്ന്നുകിടക്കുകയായിരുന്നു. കമ്പികൾ അഴിക്കാൻ വനപാലകർ ആവശ്യപ്പെട്ടെങ്കിലും അപകടാവസ്ഥയും സാങ്കേതികതയും ചൂണ്ടിക്കാട്ടി കെഎസ്ഇബി ഉദ്യോഗസ്ഥർ നിരാകരിച്ചു.
തുടർന്ന് ഒരു മേശമുകളിൽ കയറിനിന്നാണ് മരച്ചില്ല വെട്ടിത്തുടങ്ങിയത്. ഒരു ചില്ല വെട്ടിയപ്പോൾ കമ്പികളിൽ കുടുങ്ങിക്കിടന്ന മറ്റൊരു ചില്ല ഊർന്നിറങ്ങി അബ്ദുൽ ഖാദറിന്റെ തലയിൽ ഇടിക്കുകയായിരുന്നു.
അബ്ദുൽ ഖാദറിനെ വനപാലകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ചിമ്മിനിയിൽ ഇന്ന് സഞ്ചാരികൾക്ക് പ്രവേശനമില്ല
∙ വന്യജീവി സങ്കേതത്തിൽ വൈദ്യുതക്കമ്പിക്കുമുകളിൽ വീണ മരം മുറിക്കുന്നതിനിടെ ഇഡിസി അംഗം മരിച്ചതിൽ അനുശോചിച്ച് ഇന്ന് ചിമ്മിനി വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]