
തൃശൂർ ∙ ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ബിജെപി സംസ്ഥാന ഘടകം ഗൗരവത്തോടെയാണ് കാണുന്നതെന്നും കന്യാസ്ത്രീകൾ നിരപരാധികളാണെങ്കിൽ അവരുടെ മോചനം സാധ്യമാകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി എന്നിവരുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ടെന്നും നീതിയുക്തമായ അന്വേഷണം ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവർക്ക് നീതി ലഭ്യമാകുമെന്നും ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ സമൂഹത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പറഞ്ഞു.
പ്രാർഥനായജ്ഞവും പ്രതിഷേധ യോഗവും ഇന്ന്
തൃശൂർ ∙ ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിൽ വൈകിട്ട് 4ന് പ്രാർഥനായജ്ഞവും തുടർന്നു കോർപറേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ യോഗവും നടത്തും. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാനും ഛത്തീസ്ഗഡ് സംഭവം ആവർത്തിക്കാതിരിക്കാനും അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു പ്രതിഷേധം.
മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ, വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ, വൈദികർ, സന്യസ്തർ തുടങ്ങിയവർ പങ്കെടുക്കും.
അറസ്റ്റ് അപലപനീയം:ഡോ.അംബ്രോസ് പുത്തൻവീട്ടിൽ
കൊടുങ്ങല്ലൂർ ∙ ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തത് അപലപനീയവും ഭരണഘടനയ്ക്കു നിരക്കാത്തതുമാണെന്നു ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ. കുഷ്ഠരോഗ നിർമാർജനത്തിലും രോഗീപരിചരണത്തിലും വലിയ സംഭാവനകൾ നൽകുന്ന സന്യാസ സമൂഹമാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്.
നിസ്വാർഥ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നതിക്കും സാമൂഹിക പുനർനിർമിതിക്കും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവർ ആൾക്കൂട്ട വിചാരണയ്ക്കു വിധേയരായതു നിയമവാഴ്ച തകർന്നതിന്റെയും നിയമ സംവിധാനങ്ങൾ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണെന്നും ബിഷപ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]