നനവ് തട്ടുമെന്ന ഭീഷണിയിൽ 1.70 ലക്ഷം പുസ്തകങ്ങൾ; പബ്ലിക് ലൈബ്രറി പ്രവർത്തിക്കുന്നത് ചോർച്ചയുള്ള കെട്ടിടത്തിൽ
തൃശൂർ ∙ പുതിയ കെട്ടിടം ഒരുങ്ങിയിട്ടും പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങൾ നനവുതട്ടുമെന്ന ഭീഷണിയിൽ. 3 നിലകളിലായി 17000 ചതുരശ്ര അടിയുള്ള കെട്ടിടമാണ് ചെമ്പൂക്കാവിൽ നിലവിലെ പബ്ലിക് ലൈബ്രറി പ്രവർത്തിക്കുന്ന ടൗൺ ഹാളിനു പുറകിലായി നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണം ലൈബ്രറി ഇങ്ങോട്ടു മാറ്റാത്തതിനാൽ നിലവിലെ കെട്ടിടത്തിൽ ചോർച്ചയുടെ ഭീഷണിയിലാണു പുസ്തകങ്ങൾ. വൈദ്യുതി കണക്ഷൻ കിട്ടാത്തതും കെട്ടിടത്തിനു നമ്പറില്ലാത്തതുമൊക്കെയാണ് പ്രധാന പ്രതിസന്ധി.
രണ്ടു കെട്ടിടങ്ങളും മരാമത്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ്. 1939ൽ ടൗൺ ഹാൾ കെട്ടിടത്തിനകത്തേക്കു മാറിയ പബ്ലിക് ലൈബ്രറി കഴിഞ്ഞ വർഷം അറ്റകുറ്റപ്പണി പൂർത്തിയാക്കിയിരുന്നു. ഈ വർഷം മഴ തുടങ്ങിയപ്പോൾ ചോർച്ച പരിഹരിക്കപ്പെട്ടിട്ടില്ല എന്നു മനസ്സിലായി.
പുതിയ കെട്ടിടം പൂർത്തിയായതിനാൽ ഇനി ഈ കെട്ടിടം മരാമത്തു വകുപ്പ് അറ്റകുറ്റപ്പണി നടത്തുകയുമില്ല. സജീവമായ ആറായിരത്തിലധികം അംഗങ്ങളുള്ള ലൈബ്രറിയിൽ 1.70 ലക്ഷം പുസ്തകങ്ങളാണ് ഇവിടെയുള്ളത്.
ആകെ അംഗത്വം പന്ത്രണ്ടായിരത്തോളം വരും. തേറമ്പിൽ രാമകൃഷ്ണൻ എംഎൽഎ ആയിരിക്കെ 1.60 കോടി രൂപ ആസ്തി വികസന ഫണ്ടിൽ നിന്ന് ലൈബ്രറി കെട്ടിടത്തിനായി വകയിരുത്തിയിരുന്നു. ആ തുക കൂടി ഉപയോഗിച്ചാണ് മരാമത്തു വകുപ്പ് കെട്ടിടം നിർമാണം ആരംഭിച്ചത്.
തുടർന്ന് വി.എസ്.സുനിൽ കുമാർ സ്ഥലം എംഎൽഎ ആയിരിക്കെ സംസ്ഥാന ബജറ്റിൽ 3 കോടി രൂപ വകയിരുത്തി. ഈ തുക ലഭ്യമാക്കാൻ പി.ബാലചന്ദ്രനും സജീവമായ ഇടപെടൽ നടത്തി. പുതിയ കെട്ടിടത്തിന് നമ്പർ കിട്ടിയിട്ടില്ലാത്തതിനാൽ വൈദ്യുതി കണക്ഷന് അപേക്ഷിക്കാനായിട്ടില്ല. എന്നാൽ, താൽക്കാലിക കണക്ഷനുള്ള ശ്രമം നടക്കുന്നുണ്ട്.
കെട്ടിടം ലൈബ്രറിക്കു യോജ്യമായ രീതിയിൽ രൂപകൽപന ചെയ്യേണ്ടതുമുണ്ട്. നിലവിലെ ലൈബ്രറിയിലെ തേക്കുതടി കൊണ്ടുള്ള ചുമരലമാരകളും മറ്റും പുതിയ ഇടത്തേക്കു മാറ്റാൻ കഴിയുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ട്.
പഴക്കം ചെന്ന ഈ അലമാരകളെല്ലാം അതുപോലെ ഇവിടെ നിലനിർത്തി ലൈബ്രറിയുടെ ഒരുഭാഗം ഇവിടെത്തന്നെ പ്രവർത്തിപ്പിക്കുന്നതും ആലോചനയിലുണ്ട്. നേരത്തെ മ്യൂസിയമായിരുന്നു ഈ കെട്ടിടം. വിദ്യാർഥികൾക്കു വേണ്ട
മൾട്ടി മീഡിയ സെന്ററും യോഗങ്ങൾ സംഘടിപ്പിക്കാൻ വിവിധ തരം ഹാളുകളുമായി പുതിയ കെട്ടിടത്തിൽ ആരംഭിക്കുന്ന ലൈബ്രറി തൃശൂരിലെ ഏറ്റവും വലിയ വിജ്ഞാനകേന്ദ്രമായി തന്നെ മാറുമെന്ന് ലൈബ്രറി പ്രസിഡന്റ് പി.വി.കൃഷ്ണൻ നായരും സെക്രട്ടറി ജോൺ സിറിയക്കും പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

