
ടോൾ പിരിവ് കലക്ടർ നിർത്തിവയ്പിച്ചിട്ടും വ്യക്തതയില്ലാതെ പാലിയേക്കരയിലെ ഫാസ്ടാഗ് ഇടപാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ദേശീയപാത 544ൽ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവയ്പ്പിച്ചപ്പോൾ ഫാസ് ടാഗിലൂടെ പണം പിരിക്കുന്നത് ഇല്ലാതായോ എന്നതിൽ വ്യക്തതയില്ല. കലക്ടറുടെ ഉത്തരവ് വില്ലേജ് ഓഫിസർ രാത്രി കൈമാറിയ ഉടൻ കമ്പനി ജീവനക്കാരെ പിൻവലിച്ചു. ടോൾ ബൂത്തിലെ ബാരിക്കേഡുകൾ തുറന്നുവയ്ക്കുകയും ചെയ്തു. എന്നാൽ, വാഹനങ്ങളിലെ ഫാസ് ടാഗ് സ്കാൻ ചെയ്യപ്പെട്ടാൽ തുക പിൻവലിക്കപ്പെടില്ലേ എന്ന ചോദ്യത്തിന് ഉത്തരമില്ല. സ്കാനിങ് മെഷീനുകളുടെ പ്രവർത്തനം നിലയ്ക്കണമെങ്കിൽ പവർ ഓഫ് ചെയ്യണം. അതിനുള്ള അധികാരം നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യക്കാണ്. കമ്പനിക്ക് അതിൽ നിയന്ത്രണമില്ല.
ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ കലക്ടർ അർജുൻ പാണ്ഡ്യനാണ് ഉത്തരവിട്ടത്. മണ്ണുത്തി– ഇടപ്പള്ളി സെക്ഷനിലെ വിവിധ പ്രദേശങ്ങളിൽ അടിപ്പാത നിർമാണം കാരണം അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണു കലക്ടറുടെ ഇടപെടൽ. ടോൾ പിരിവ് നിർത്താൻ ഏപ്രിൽ 16നു കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റി സാവകാശം തേടിയതോടെ ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു. എന്നിട്ടും സ്ഥിതി മാറ്റമില്ലാതെ തുടർന്നതോടെയാണ് പുതിയ ഉത്തരവ്. ഗതാഗതക്കുരുക്കൊഴിവാക്കാൻ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റി അധികൃതരോട് കലക്ടർ നിർദേശിച്ചിട്ടുണ്ട്.