
അഗ്ന്യാധാനം–സോമയാഗം: സോമയാഗ ചടങ്ങുകൾ ഇന്നുമുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറയ്ക്കാക്കോട് ∙ എളങ്ങള്ളൂർ മനയിൽ നടക്കുന്ന അഗ്ന്യാധാനം–സോമയാഗത്തിലെ സോമയാഗത്തിന്റെ ചടങ്ങുകൾ ഇന്ന് ആരംഭിക്കും. ഇന്നലെ ആരംഭിച്ച അഗ്ന്യാധാന ക്രിയകൾ ഇന്ന് സമാപിക്കും.സോമയാഗ വേദിയിൽ ഇന്ന് മംഗളകർമം തുടങ്ങുമ്പോൾ ചെയ്യുന്ന ക്രിയയായ ‘നാന്ദീമുഖം’, മഹർത്വിക്കുകളെ ഔപചാരികമായി വരിക്കുന്ന ‘ഋത്വിഗ്വരണ’, അരണികടഞ്ഞ് മൂന്നുകുണ്ഡങ്ങളിലും വിഹരിക്കുന്ന ‘അഗ്നിമഥനം’, പത്നിയജമാനൻമാരെ ദീക്ഷയ്ക്കു പ്രാപ്തരാക്കുന്ന ‘ദീക്ഷണീയേഷ്ടി’, പത്നിയജമാനന്മാർ ഇനിയുള്ള 3 ദിവസങ്ങളിൽ പാൽമാത്രം ഭക്ഷിച്ചുള്ള ‘വ്രതദോഹം’ തുടങ്ങിയ സോമയാഗം ക്രിയകളുണ്ടാകും. ഇന്നലെ രാവിലെ അഗ്ന്യാധാന ക്രിയകളുടെ ഭാഗമായി ആചാര്യന്മാരേയും യജമാനനെയും പത്നിയേയും സ്വീകരിച്ചാനയിച്ചു. യജ്ഞത്തിന്റെ നിർവഹണത്തിൽ പങ്കെടുക്കുന്ന വൈദികൻ, രക്ഷാപുരുഷൻ യജ്ഞ യജമാനൻ, ആചാര്യൻമാർ എന്നിവരെ സ്വീകരിക്കുന്ന ലൗകീകവരണ, പ്രാണയാമം, ഋത്വികവരണ തുടങ്ങിയ ചടങ്ങുകൾ നടന്നു. അരണി കുണ്ഡത്തിനടുത്തു സ്ഥാപിച്ച് രാത്രിയോടെ അരണി കടഞ്ഞ് അഗ്നിയുണ്ടാക്കി.അഗ്ന്യാധാനത്തിനു വെള്ളാമ്പറമ്പ് മിഥുൻ നമ്പൂതിരി യജമാനനായി. സോമയാഗത്തിനു ആരൂർ വാസുദേവൻ അടിതിരിപ്പാട് യജമാനനാകും. അഗ്ന്യാധാനം –സോമയാഗം 4നാണു സമാപിക്കുന്നത്.സോമയാഗത്തോടൊപ്പം ഭാഗവത സപ്താഹവും ഇവിടെ നടക്കുന്നുണ്ട്. കിഴക്കേടത്ത് മാധവൻ നമ്പൂതിരിയാണു യജ്ഞാചാര്യൻ. ഇന്നലെ വൈകിട്ട് കോഴിക്കോട് പ്രശാന്ത് വർമ അവതരിപ്പിച്ച മാനസജപലഹരിയും നടന്നു.