തൃശൂർ ∙ ചുവപ്പു കുപ്പായവും തൊപ്പിയും ധരിച്ചെത്തിയ പതിനയ്യായിരത്തോളം സാന്താക്ലോസുമാർ വരിവരിയായി നൃത്തം ചെയ്തു മുന്നേറിയപ്പോൾ ജനം ആർപ്പിട്ടു; ബോൺ നതാലെ–മെറി ക്രിസ്മസ്! ക്രിസ്മസ്–പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്നു നടത്തിയ ‘ബോൺ നതാലെ’ സാന്താക്ലോസ് റാലിയും നിശ്ചലദൃശ്യങ്ങൾ (ഫ്ലോട്ടുകൾ) അടങ്ങിയ ഘോഷയാത്രയും നഗരത്തിനു പുതുവർഷ സന്തോഷത്തിന്റെ ആഹ്ലാദാനുഭവമായി.2013–ൽ ആരംഭിച്ച ബോൺ നതാലെയുടെ 13–ാം പതിപ്പ് നഗരത്തിലെത്തിയ ജനക്കൂട്ടത്തെ അടിമുടി ആഘോഷത്തിലാക്കി.
സെന്റ് തോമസ് കോളജ് പരിസരത്ത് നിന്നാരംഭിച്ച സാന്താക്ലോസ് റാലി സ്വരാജ് റൗണ്ട് വലം വച്ച് തിരികെ കോളജിലെത്തി.
പതിനയ്യായിരത്തോളം പേർ സാന്താക്ലോസ് വേഷമിട്ട് പ്രത്യേകം ചിട്ടപ്പെടുത്തിയ ബോൺ നതാലെ പാട്ടിനൊപ്പം റൗണ്ടിൽ ചുവടുവച്ച് അണിനിരന്നു. ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) സാധ്യതകൾ പ്രയോജനപ്പെടുത്തി നിർമിച്ച, ചലിക്കുന്ന ഫ്ലോട്ടുകൾ ഉൾപ്പെടെ പതിമൂന്നോളം നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടായിരുന്നു. സാന്താ റാലിയുടെ തുടക്കത്തിൽ റോളർ സ്കേറ്റിങ് പാപ്പമാരാണുണ്ടായിരുന്നത്.
ഇവർ റൗണ്ടിൽ സ്കേറ്റിങ് പ്രകടനം നടത്തി.ഇതിനു പിന്നിലായി ബോൺ നതാലെയുടെ ചലിക്കുന്ന കമാനത്തിനൊപ്പം വിശിഷ്ടാതിഥികൾ നടന്നു.
പിന്നാലെ പുനർജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വീൽചെയറിലും മറ്റുമെത്തിയ അംഗപരിമിതരും ഭിന്നശേഷിക്കാരും അണിനിരന്നു. ഒല്ലൂർ പുനർജീവൻ തറവാട്ടിലെയും ഭരത പവിത്രാത്മ ശാന്തി ആശ്രമത്തിലെയും അന്തേവാസികളായിരുന്നു ഇവർ.
തൊട്ടുപിന്നാലെ അതിരൂപതയ്ക്കു കീഴിലുള്ള വിവിധ ഇടവകകളിൽ നിന്നെത്തിയ 15,000 സാന്താക്ലോസുമാർ റൗണ്ടിലെത്തി. സാന്താവേഷമിട്ട
കുട്ടികളും മുതിർന്നവരും മുതൽ മാലാഖയുടെ വേഷമണിഞ്ഞ ചെറിയ കുഞ്ഞുങ്ങൾ വരെ കൂട്ടത്തിലുണ്ടായിരുന്നു. 6 മണിയോടെ ആരംഭിച്ച സാന്താ റാലി ഏഴോടെ സ്വരാജ് റൗണ്ട് നിറഞ്ഞു.
ഇതോടൊപ്പം വൈദ്യുതാലങ്കാരങ്ങളുമായി വിവിധ ഫ്ലോട്ടുകളും റാലിയുടെ ഭാഗമായി. തുടർന്നു പല ഘട്ടങ്ങളിലായി ബോൺ നതാലെ പാട്ടിനൊപ്പം സാന്താക്ലോസുമാർ ചുവടുവച്ചു നഗരത്തെയും ജനക്കൂട്ടത്തെയും ആവേശത്തിലാക്കി.
ആഹ്ലാദ ഫ്ലാഗ് ഓഫ്
കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ബോൺ നതാലെയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു.
വർക്കിങ് ചെയർമാൻ ഫാ.ജോൺ പോൾ ചെമ്മണൂരും ജനറൽ കൺവീനർ ജോർജ് ചിറമ്മലും ചേർന്ന് പതാക ഏറ്റുവാങ്ങി. കർദിനാൾ മാർ ജോർജ് കൂവക്കാട്, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ, കൽദായ സഭാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, യാക്കോബായ സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ.കുര്യാക്കോസ് മാർ ക്ലിമ്മീസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംഎൽഎമാരായ പി.ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പള്ളി, സനീഷ്കുമാർ ജോസഫ്, ചാണ്ടി ഉമ്മൻ, കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, ജില്ലാ സബ് ജഡ്ജി സരിത രവീന്ദ്രൻ, മേയർ ഡോ.നിജി ജസ്റ്റിൻ, ഡപ്യൂട്ടി മേയർ എ.പ്രസാദ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഇമാം മുഹമ്മദ് ഫൈസൽ ഓണമ്പിള്ളി തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിലും റാലിയിലും പങ്കെടുത്തു.
വിസ്മയ ഫ്ലോട്ടുകൾ
ഫ്ലോട്ടുകളിൽ ആദ്യമെത്തിയത് റോബട് ക്രിസ്മസ് പാപ്പയായിരുന്നു.
ഇതിനു പിന്നിൽ തിരുക്കുടുംബത്തിന്റെ നിശ്ചലദൃശ്യം, അലങ്കരിച്ച കുതിര വാഹനത്തിലെത്തി. മൂന്ന് ഒട്ടകങ്ങളുടെ അകമ്പടിയോടെ രാജാക്കന്മാരുടെ വേഷമിട്ട് എത്തിയവരും കൗതുകം നിറച്ചു.
വിശിഷ്ടാതിഥികൾ അണിനിരന്ന കമാനത്തിനു മുന്നിൽ ഡ്രോണിൽ ഉയരുന്ന സാന്താക്ലോസുമുണ്ടായിരുന്നു. തുടർന്ന് വലിയ ക്രിസ്മസ് ട്രീ, ചലിക്കുന്ന കൂറ്റൻ പുൽക്കൂട്, ഹൗസ് ബോട്ടിലെ പുൽക്കൂട് എന്നിവയും ശ്രദ്ധേയമായി. കൊൽക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിൽ മദർ തെരേസയുടെ സ്നേഹ പ്രവർത്തനങ്ങൾ ഓർമിപ്പിക്കുന്ന ഫ്ലോട്ടും ഗോലിയാത്തിന്റെയും ദാദീവിന്റെയും കഥ ആവിഷ്കരിച്ച ഫ്ലോട്ടും ആകർഷകമായി.
റോമിലെ കോളോസിയത്തിന്റെ പശ്ചാത്തലത്തിൽ സാംസൺ സിംഹത്തിന്റെ തല തകർക്കുന്ന കലാസൃഷ്ടിയും മികച്ചതായി. സീനായ് മലമുകളിൽ മരപ്പലകയേന്തി നിൽക്കുന്ന മോശയുടെ ചിത്രം ആലേഖനം ചെയ്ത ഫ്ലോട്ട് അടക്കം വിവിധ ബൈബിൾ സന്ദർഭങ്ങൾ ആവിഷ്കരിച്ച ഫ്ലോട്ടുകളും ശ്രദ്ധ നേടി. തൃശൂരിന്റെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തി വടക്കുന്നാഥ ക്ഷേത്ര ഗോപുരത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളിയടക്കം നിരന്ന ഫ്ലോട്ടും ആവേശമായി.
ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിലാണ് എഐ ഫ്ലോട്ടുകൾ നിർമിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

