തൃശൂർ ∙ മറ്റത്തൂർ പഞ്ചായത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച 8 കോൺഗ്രസ് അംഗങ്ങൾ ഒറ്റ രാത്രിയിലെ നാടകീയതകൾക്കൊടുവിൽ പാർട്ടിയിൽ നിന്നു കൂട്ടരാജിവച്ച് ബിജെപി അംഗങ്ങൾക്കൊപ്പം ചേർന്നു ഭരണം പിടിച്ചെടുത്തു. കോൺഗ്രസ് വിമതയായി ജയിച്ച ടെസി ജോസിനാണ് പ്രസിഡന്റ് സ്ഥാനം.
ബിജെപിയിലെ 3 അംഗങ്ങൾ കോൺഗ്രസ് വിമതയ്ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ നാലാമത്തെ അംഗത്തിന്റെ വോട്ട് അസാധുവായി. മറ്റൊരു കോൺഗ്രസ് വിമതൻ കെ.ആർ.
ഔസേപ്പിനെ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തു സ്വന്തം കൂടാരത്തിലെത്തിച്ചു ഭരണം പിടിക്കാൻ ശ്രമിച്ച എൽഡിഎഫിന്റെ നീക്കവും പാളി.
കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച 8 പേരും സ്വതന്ത്രരായി ജയിച്ച 2 പേരുമടക്കം 10 കോൺഗ്രസ് അംഗങ്ങളെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയെന്നു ഡിസിസി പ്രതികരിച്ചു. ഇവർക്കു വിപ്പ് നൽകിയിരുന്നതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാൻ നടപടി സ്വീകരിക്കുമെന്നും ഡിസിസി അറിയിച്ചു.
എന്നാൽ, തങ്ങൾക്കു വിപ്പ് ലഭിച്ചിട്ടില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ നീതികേടിൽ പ്രതിഷേധിച്ചാണു രാജിവച്ചതെന്നും അംഗങ്ങൾ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകാതിരുന്നതു മൂലം വിമതരായി മത്സരിച്ചു ജയിച്ചവരാണു കെ.ആർ. ഔസേപ്പും ടെസി ജോസും.
മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നീ എട്ടു പേർ കോൺഗ്രസ് ചിഹ്നത്തിലും മത്സരിച്ചു ജയിച്ചു.
ആകെ 24 അംഗങ്ങളുള്ള മറ്റത്തൂർ പഞ്ചായത്തിൽ യുഡിഎഫ് എട്ട്, സ്വതന്ത്രർ 2, എൽഡിഎഫ് 10, എൻഡിഎ 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തലേന്നുവരെ വിമതരെ ഒപ്പം നിർത്തി ഭരണം പിടിക്കാൻ കോൺഗ്രസ് നീക്കം സജീവമായിരുന്നു. എന്നാൽ, ഔസേപ്പിന് 5 വർഷവും പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്ത് എൽഡിഎഫ് സ്വന്തം കൂടാരത്തിലെത്തിച്ചെന്ന വിവരം പുറത്തു വന്നതോടെ കോൺഗ്രസ് ക്യാംപ് അങ്കലാപ്പിലായി.
അച്ചടക്ക നടപടി പിൻവലിച്ച് ഔസേപ്പിനെയും ടെസിയെയും തിരിച്ചെടുക്കുന്നതായി തലേന്നുരാത്രി ഡിസിസി കത്തുനൽകി.
എന്നാൽ, ഔസേപ്പിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇതോടെ എട്ടു കോൺഗ്രസ് അംഗങ്ങൾ നാലു ബിജെപി അംഗങ്ങളുടെ പിന്തുണയിൽ ടെസിക്കു പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തു.
വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകൾക്കു മുൻപു പാർട്ടിയിൽ നിന്നു രാജിവയ്ക്കുന്നതായി എട്ടംഗങ്ങൾ ഡിസിസി പ്രസിഡന്റിനു കത്തയച്ചു. ഇതോടെയാണ് അട്ടിമറി നടന്നത്.
എൽഡിഎഫ് പിന്തുണച്ച കോൺഗ്രസ് വിമതൻ ഔസേപ്പിനു 11 വോട്ടാണു ലഭിച്ചത്. ബിജെപി പിന്തുണച്ച ടെസിക്കു 12 വോട്ടും ലഭിച്ചു.
നാലു ബിജെപി അംഗങ്ങളിലൊരാളുടെ വോട്ട് അസാധുവായി.
കോൺഗ്രസിൽ നിന്നു കൂട്ടരാജിവച്ച സംഘത്തിലെ നൂർജഹാൻ നവാസ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നൂർജഹാനു ബിജെപിയുടേതടക്കം 13 വോട്ട് ലഭിച്ചു.
എൽഡിഎഫിനെ ബിന്ദു മനോജ് കുമാറിനു 10 വോട്ടാണ് ലഭിച്ചത്. എൽഡിഎഫിലെ ഒരു വോട്ട് അസാധുവായി. മറ്റത്തൂരിലെ അട്ടിമറിക്കു നേതൃത്വം കൊടുത്തത് ഡിസിസി ജനറൽ സെക്രട്ടറി ടി.എം.
ചന്ദ്രനും മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിലുമാണെന്നു കണ്ടെത്തി ഇവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. കൂട്ടരാജിയുടെ വിവരമറിഞ്ഞു കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ വിമതർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.
വിപ്പ് കൊടുത്തോ? അവ്യക്തത
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു ജയിക്കുകയും പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു രാജിവച്ചു മറുകണ്ടം ചാടുകയും ചെയ്ത 8 കോൺഗ്രസ് അംഗങ്ങൾക്കു പാർട്ടി വിപ്പ് കൊടുത്തിരുന്നോ എന്ന കാര്യത്തിൽ അവ്യക്തത.
ഡിസിസിയിൽ നിന്നു മണ്ഡലം കമ്മിറ്റി വഴി വിപ്പ് കൊടുത്തിരുന്നെന്നു ഡിസിസി പറയുമ്പോഴും അംഗങ്ങളുടെ കയ്യിലെത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിപ്പ് ലഭിച്ചിട്ടില്ലെന്നു രാജിവച്ചവർ പറയുകയും ചെയ്യുന്നു.
പാർട്ടി ടിക്കറ്റിൽ ജയിച്ചവർ പാർട്ടിയിൽ നിന്നു രാജിവച്ചാലും പുറത്താക്കപ്പെട്ടാലും വിപ്പ് അനുസരിക്കാൻ ബാധ്യസ്ഥരാണെന്നാണു ചട്ടം.
വിപ്പ് ലംഘിച്ചതായി പരാതി ലഭിച്ചാൽ അയോഗ്യരാക്കാനും വ്യവസ്ഥയുണ്ട്. പാർട്ടിയിൽ നിന്നു രാജിവച്ചതായി അംഗങ്ങൾ പറയുന്നുണ്ടെങ്കിലും രാജിക്കത്ത് ലഭിച്ചിരുന്നില്ല എന്നു ഡിസിസി പറയുന്നു.
പുറത്താക്കാൻ തീരുമാനിച്ചത് ഇതുകൊണ്ടാണെന്നും ഔദ്യോഗിക വാദം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

