മാള ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കെ.കരുണാകരൻ സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നിർത്തിവച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പോസ്റ്റ്മോർട്ടം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ ഒപി നടത്തി.
ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന എച്ച്എംസി യോഗം രാഷ്ട്രീയപ്രേരിതമായി മാറ്റിവച്ചെന്ന ആക്ഷേപവും ഉയർന്നിരിക്കുകയാണ്.
ഇതിനെതിരെ 30ന് മാള, കുഴൂർ, പൊയ്യ, അന്നമനട മണ്ഡലം കോൺഗ്രസ് കമ്മിറ്റികളെയും കോൺഗ്രസ് ജനപ്രതിനിധികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ സദസ്സ് നടത്താൻ തീരുമാനിച്ചതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.എസ്.വിജയൻ അറിയിച്ചു.പോസ്റ്റ്മോർട്ടം നടത്താനുള്ള അനുമതി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് കത്തുനൽകിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫും അറിയിച്ചു.
പോസ്റ്റ്മോർട്ടം നിർത്തിവച്ചതിലൂടെ ബുദ്ധിമുട്ടിലായത് 4 പഞ്ചായത്തുകളിലുള്ളവരും പൊലീസുമാണ്.
പോസ്റ്റ്മോർട്ടത്തിനും വൈദ്യപരിശോധനകൾക്കുമായി കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട ആശുപത്രികളെ ആശ്രയിക്കേണ്ട
സ്ഥിതിയാണിപ്പോൾ. 26 നു ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ഫ്രാൻസിസ് എന്നിവരും ഇരുപഞ്ചായത്തുകളിലെയും കോൺഗ്രസ് അംഗങ്ങളും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചിരുന്നു.
തുടർന്നുണ്ടായ സമവായ ചർച്ചയിലാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു ചേർക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് പ്രസിഡന്റുമാരെ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിനും മൃതദേഹം സൂക്ഷിക്കുന്നതിനും പ്രത്യേക സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രമാണിത്. നേരത്തെ സാമൂഹികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രി രണ്ടു മാസങ്ങൾക്കു മുൻപാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.
40 വർഷങ്ങളായി ഇവിടെ പോസ്റ്റ്മോർട്ടം നടത്താറുണ്ടെന്നു ജനപ്രതിനിധികൾ പറയുന്നു.
മുൻ സൂപ്രണ്ട് ഡോ.ആശ സേവ്യർ മുൻകയ്യെടുത്താണ് പോസ്റ്റ് മോർട്ടം നടത്തിയിരുന്നത്. ഇവരിപ്പോൾ മറ്റൊരു ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്.
പകരം വന്ന ഡോക്ടർ പോസ്റ്റ്മോർട്ടം നിർത്തിവയ്ക്കുകയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നടത്താനുള്ള വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]