ഇരിങ്ങാലക്കുട∙ മാപ്രാണം കോന്തിപുലം കോൾപാടത്ത് കെഎൽഡിസി കനാലിൽ സ്ഥിരം തടയണ നിർമിക്കാൻ 12.6 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു. സിവിൽ വർക്കുകൾക്ക് 9.15 കോടി രൂപയുടെയും മെക്കാനിക്കൽ വർക്കുകൾക്ക് 2.91കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി തുക നീക്കി വച്ചിരുന്നു.
ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂർ എന്നീ പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന 5000 ഏക്കർ വരുന്ന കോൾ മേഖലയിൽ വേനലിൽ കൃഷിയിറക്കുന്ന സമയത്ത് ജലക്ഷാമം പരിഹരിക്കാനും മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും സ്ഥിരം തടയണ വേണം എന്നത് കർഷകരുടെ ദീർഘകാലമായുള്ള ആവശ്യമാണ്.നെൽക്കൃഷിക്ക് ജലസേചനത്തിനായി എല്ലാവർഷവും ഡിസംബർ അവസാനത്തോടെ കോന്തിപുലം പാലത്തിനു സമീപം ലക്ഷങ്ങൾ ചെലവഴിച്ച് ഇറിഗേഷൻ വകുപ്പ് താൽക്കാലിക തടയണ നിർമിക്കുകയാണ് പതിവ്.
കൊയ്ത്തു കഴിഞ്ഞ് കാലവർഷം ആരംഭിക്കുന്ന ജൂൺ ആദ്യവാരത്തോടെ പൊളിച്ചു നീക്കും.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശക്തമായ വേനൽമഴ എത്തിയതോടെ ബണ്ട് പൊളിച്ചുനീക്കുന്നതിനു തടസ്സമായിരുന്നു. ഇത് പലപ്പോഴും വൈകുന്നത് ഉദ്യോഗസ്ഥരും കർഷകരും തമ്മിലുള്ള തർക്കങ്ങൾക്ക് വഴിവച്ചിരുന്നു. സ്ഥിരം തടയണ വരുന്നതോടെ മുരിയാട് കായലിലെ ജലത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായ രീതിയിൽ ക്രമപ്പെടുത്താനാകും.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് തടയണയുടെ നിർമാണം ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]