
തൃശൂർ ∙ തേങ്ങയ്ക്കു റെക്കോർഡ് വിലയുള്ളതിനാൽ തെങ്ങു ചതിക്കുന്നില്ലെങ്കിലും കർഷകരെ രോഗബാധകൾ ചതിക്കുന്നു. കൊമ്പൻചെല്ലി മുതൽ വെള്ളീച്ച വരെ പല തരം കീടങ്ങളും രോഗബാധകളും കാരണം ജില്ലയിലെ കേരകർഷകർ നേരിടുന്നതു കനത്ത പ്രതിസന്ധി.
പച്ചത്തേങ്ങയ്ക്കു കിലോയ്ക്ക് 70 രൂപയ്ക്കു മുകളിലേക്കു വരെ വില ഉയരുകയും വെളിച്ചെണ്ണ വില നാനൂറിനു മുകളിൽ തുടരുകയും ചെയ്യുമ്പോഴും ലാഭം കൊയ്യാവുന്ന അവസ്ഥയിലല്ല കർഷകർ. ഉത്പാദനം കുത്തനെ കുറയുകയും തെങ്ങുകൾ നശിച്ചുപോകുകയും ചെയ്യുന്നതാണു തിരിച്ചടിയാകുന്നത്.
തെങ്ങുകൾ കായ്ച്ചു തുടങ്ങുമ്പോഴേക്കുമെത്തുന്ന കൊമ്പൻചെല്ലികളാണു കേര കർഷകരുടെ പ്രധാന ശത്രു.
തെങ്ങിന്റെ കൂമ്പും പൂങ്കുലയും കാർന്നു തിന്നു നശിപ്പിക്കുന്ന ചെല്ലികൾ തുരന്നുണ്ടാക്കുന്ന ദ്വാരങ്ങളിലൂടെ വെള്ളം ഉള്ളിലേക്കിറങ്ങി ഓലചീയൽ രോഗവും വ്യാപിക്കും. സങ്കര ഇനം ഉയരം കുറഞ്ഞ തെങ്ങുകളായിരുന്നു മുൻപ് ആക്രമണത്തിനിരയായിരുന്നതെങ്കിൽ നാടൻ തെങ്ങുകൾക്കും ഇപ്പോൾ രക്ഷയില്ല.
തലയില്ലാതെ തെങ്ങുകൾ മറിഞ്ഞുവീണു നശിക്കുന്നതു വ്യാപകമാണ്.
തെങ്ങിന്റെ മച്ചിങ്ങ (വെള്ളയ്ക്ക) തുരന്നു നശിപ്പിക്കുന്ന തുരപ്പൻപുഴുവാണു സമീപ കാലത്തു കണ്ടുതുടങ്ങിയ മറ്റൊരു ശല്യം. തേങ്ങയായി വളരാതെ മച്ചിങ്ങ കൊഴിഞ്ഞു പോകാൻ ഇതു കാരണമാകുന്നു.
വെള്ളീച്ചയും സമാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഓലയുടെ മുകളിൽ പറ്റമായി പാർക്കുന്ന ഇവ ഇലയുടെ നീറ്റ് ഊറ്റിക്കുടിക്കുന്നു.
തെങ്ങിന്റെ വളർച്ച മുരടിക്കുകയും കായ്ഫലം കുറയുകയും ചെയ്യുന്നു. കൂമ്പുചീയലും പലയിടത്തും വ്യാപകമാണ്.
പ്രായം കുറഞ്ഞ തെങ്ങുകൾക്കാണു കൂമ്പു ചീയൽ പലപ്പോഴും ദോഷമുണ്ടാക്കുന്നത്. കൂമ്പോല മഞ്ഞ നിറമാകുകയും കടഭാഗത്ത് ഒടിഞ്ഞു തൂങ്ങുകയും ചെയ്യുന്നതാണു ലക്ഷണം.
വളപ്രയോഗം നടത്തിയാൽ പോലും ഫലം കാണാത്ത സാഹചര്യമാണെന്നു കർഷകർ പറയുന്നു.
സംസ്ഥാനത്താകെ തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ കൊപ്രാ മില്ലുകളും ഉയർന്ന വില വാഗ്ദാനം ചെയ്തു കർഷകരെ സമീപിക്കുന്നുണ്ടെങ്കിലും കൊടുക്കാൻ കർഷകരുടെ പക്കൽ തേങ്ങയില്ല. ശരാശരി 1200 തേങ്ങ ഒറ്റ വിളവിൽ ലഭിച്ചിരുന്ന കർഷകരിൽ പലർക്കും 400 തേങ്ങയിൽ താഴെയാണ് ഇപ്പോൾ ലഭിക്കുന്നത്.
ചിരട്ടയ്ക്കും ചകിരിക്കും വരെ വൻ വില ലഭിക്കുന്ന സാഹചര്യത്തിലാണു ഈ തിരിച്ചടി.
ഓരോ വർഷവും പോകുന്നത് 15 തെങ്ങ്
പതിറ്റാണ്ടുകളായി കേരകർഷകനായി തുടരുന്ന അന്തിക്കാട് അറയ്ക്കൽ സജീവിന്റെ അനുഭവം ഇങ്ങനെ: ‘അച്ഛന്റെ കാലം വരെ 140 തെങ്ങുകൾ ഞങ്ങളുടെ കൃഷിയിടത്തിൽ ഉണ്ടായിരുന്നു. ഏതാണ്ട് 5 വർഷം മുൻപു വരെ 80 തെങ്ങുണ്ടായിരുന്നു.
ഇപ്പോഴതു 45 ആയി. പലതരം രോഗങ്ങൾ ബാധിച്ച് ഓരോ വർഷവും 10 മുതൽ 15 വരെ തെങ്ങുകൾ നശിക്കുന്നു.
മാർക്കറ്റ് വിലയേക്കാൾ കൂടുതൽ പണം നൽകി തേങ്ങ വാങ്ങാമെന്നു പറഞ്ഞു വ്യാപാരികളും മില്ലുകാരുമൊക്കെ സമീപിക്കുന്നുണ്ട്. പക്ഷേ, കൊടുക്കാൻ തേങ്ങയില്ല.
നാടനും ഗൗളിത്തെങ്ങ് സങ്കര വർഗവും ഒക്കെ രോഗബാധ മൂലം നശിക്കുന്നു. രണ്ടേക്കറിൽ തെങ്ങ് കൃഷി ചെയ്തിരുന്ന എന്റെ സുഹൃത്ത് അതിന്റെ പകുതിയോളം വെട്ടിത്തെളിച്ചു റമ്പൂട്ടാൻ നട്ടിരിക്കുകയാണ്.
കായ്ഫലം കുറഞ്ഞു കേരകൃഷി നഷ്ടത്തിലായതാണു കാരണം.’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]