
രണ്ടു നിലയിലായി 7 മുറികളും 2200 ചതുരശ്രയടിയോളം വിസ്തൃതിയും; കെട്ടിടം തകർന്ന് മരിച്ചത് മൂന്ന് പേർ
കൊടകര∙ രണ്ടു നിലയിലായി 7 മുറികളും 2200 ചതുരശ്രയടിയോളം വിസ്തൃതിയുള്ള വീടാണ് കൊടകരയിൽ തകർന്നുവീണത്. രണ്ട് നിലകൾ തമ്മിലുള്ള ഇടത്തട്ട് ഭൂരിഭാഗവും തടിയിലും ഹാളിന്റെ ഭാഗം മാത്രം കോൺക്രീറ്റിലുമാണ് നിർമിച്ചിരിക്കുന്നത്. മരിച്ച മൂന്നുപേരും കോൺക്രീറ്റ് സ്ലാബിനടിയിൽപ്പെട്ടവരാണ്.
കോൺക്രീറ്റ് സ്ലാബും മണ്ണും കട്ടയും കല്ലും നീക്കുമ്പോൾ രക്ഷാപ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രാർഥന അതിനടിയിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിക്കാൻ കഴിയണേ എന്ന് മാത്രമായിരുന്നു.
എന്നാൽ, മൂന്നുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൂന്നുപേരെയും പുറത്തെടുത്തെങ്കിലും അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. അപകടമുണ്ടായ ഉടൻ നാട്ടുകാരാണു രക്ഷാപ്രവർത്തനം ആരംഭിച്ചത്. 6.30ന് പുതുക്കാട്ടു നിന്നുള്ള അഗ്നിരക്ഷാസേനയുടെ യൂണിറ്റ് എത്തി. തുടർന്ന്, കെട്ടിടത്തിലേക്കു പ്രവേശിക്കുന്നതിനു തടസ്സമായി നിന്നിരുന്ന മതിലിന്റെ ഭാഗം പൊളിച്ചു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നീക്കി. തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ എമർജൻസി ഓപ്പറേഷൻ റെസ്ക്യു സംഘവും ചാലക്കുടിയിൽ നിന്നുള്ള യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.
കൊടകരയിൽ തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെടുത്ത തൊഴിലാളിയെ ആശുപത്രിലേക്ക് കൊണ്ടുപോകുന്നു.
കെട്ടിടത്തിന്റെ ഹാളിനു മുകളിലെ വലിയ കോൺക്രീറ്റ് പാളി മുൻഭാഗത്തിനൊപ്പം മുറ്റത്തേയ്ക്ക് ഇടിഞ്ഞു വീണിരുന്നു.
ഇത് യന്ത്രമുപയോഗിച്ച് മുറിച്ചാണ് അടിയിൽ പെട്ടവരെ പുറത്തെടുത്തത്. അപകടം നടന്നു 2 മണിക്കൂറിനു ശേഷം ആദ്യത്തെയാളെ പുറത്തെടുക്കാനായി. ഇദ്ദേഹത്തിനു ജീവന്റെ ചെറുതുടിപ്പുണ്ടായിരുന്നെങ്കിലും ആംബുലൻസിൽ തൊട്ടടുത്ത ശാന്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. 1.
കൊടകരയിൽ തകർന്നുവീണ കെട്ടിടത്തിൽ നിന്നു തങ്ങളുടെ പാത്രങ്ങൾ എടുത്തുകൊണ്ടുവരുന്ന തൊഴിലാളികൾ. 2.
അതിഥിത്തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ, മരിച്ച തൊഴിലാളികളുടെ സൈക്കിളിന്റെ ഭാഗങ്ങൾ.
വൈകാതെ രണ്ടാമത്തെയാളെയും 9 മണിയോടെ മൂന്നാമനെയും പുറത്തെടുത്തു. മുറിച്ച കോൺക്രീറ്റ് സ്ലാബിനു താഴെ മണ്ണും കട്ടയും കൂനയായി കിടന്നിരുന്നതിന് അടിയിലായിരുന്നു മൂന്നാമത്തെയാൾ. കെട്ടിടത്തിന്റെ ശേഷിച്ച ഭാഗവും നിലംപൊത്താൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്നു കുറച്ചു ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പൊളിച്ചു നീക്കി.
തൊഴിലാളികളുടെ പഴ്സ് ഉൾപ്പെടെ പലതും മണ്ണിനടിയിലായി. വീട്ടുമുറ്റത്തുണ്ടായിരുന്ന തൊഴിലാളികളുടെ സൈക്കിളുകളും നശിച്ചു. കെട്ടിടത്തിനകത്തുണ്ടായിരുന്ന ശേഷിച്ച സാധനങ്ങൾ പൊലീസിന്റെ സഹായത്തോടെ തൊഴിലാളികൾ എടുത്തു മാറ്റി.
സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ.മനോജ്, ഫയർ സ്റ്റേഷൻ ഓഫിസർമാരായ വൈശാഖൻ (തൃശൂർ), രാജേഷ്കുമാർ (ചാലക്കുടി), അസി. ഫയർ സ്റ്റേഷൻ ഓഫിസർ ജോജി (പുതുക്കാട്), പൊലീസ് ഇൻസ്പെക്ടർമാരായ പി.കെ.ദാസൻ (കൊടകര), എം.കെ.സജീവ് (ചാലക്കുടി), അമൃത്രംഗൻ (കൊരട്ടി), കെ.കൃഷ്ണൻ (വെള്ളിക്കുളങ്ങര) എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
കെ.കെ.രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ചാലക്കുടി തഹസിൽദാർ കെ.എ.ജേക്കബ്, ഡിസ്ട്രിക്ട് ഫയർ ഓഫിസർ എം.വി.സുവി, ഡിവൈഎസ്പി പി.സി.ബിജുകുമാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. താമസക്കാർ കുറഞ്ഞ സമയം; ഒഴിവായത് വൻ അപകടം
കൊടകര∙ തകർന്നുവീണ വീട്ടിൽ താമസിച്ചിരുന്ന തൊഴിലാളികളെ കേരളത്തിൽ ജോലിക്കായി എത്തിച്ചത് കൊടകര സ്വദേശി തെന്നാടൻ ബാബു.
ആറ് വർഷം മുൻപ് ഇദ്ദേഹം ഉടമയിൽ നിന്ന് 25,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്തതാണ് തകർന്നുവീണ വീട്. തുടർന്ന് തൊഴിലാളികളെ എത്തിച്ച് ഇവർക്ക് ദിവസ വാടകയ്ക്ക് നൽകുകയായിരുന്നു.
ദിവസം 50 രൂപയാണ് വാടകയിനത്തിൽ ഈടാക്കിയിരുന്നതെന്ന് ബാബു പറയുന്നു.
ജോലി ഇല്ലാത്ത ദിവസം തൊഴിലാളികൾ വാടക നൽകില്ല. കഴിഞ്ഞമാസം വരെ 33 തൊഴിലാളികൾ ഇവിടെ താമസിച്ചിരുന്നു.
പെരുന്നാൾ സമയത്ത് നാട്ടിൽ പോയ പലരും തിരികെ എത്തിയിരുന്നില്ല. കൂടാതെ മഴയായതിനൽ ജോലികൾ കുറഞ്ഞതിനാലും പലരും നാട്ടിൽ പോയി. ഇതാണ് അപകട
സമയത്ത് ആളുകൾ കുറയാൻ കാരണമായത്.
വീടായതിനാൽ കെട്ടിടത്തിന് പ്രത്യേക ഫിറ്റ്നസ് പരിശോധനകളൊന്നും ഉണ്ടായിരുന്നില്ല. ചെങ്കല്ലും ചുണ്ണാമ്പും മണലും ചേർത്ത് നിർമിച്ച വീടിന് പുറമേ നിന്ന് നോക്കുമ്പോൾ ബലക്ഷയം തോന്നിയിരുന്നില്ലെന്നും പ്രദേശത്തുള്ളവർ പറയുന്നു.
എന്നാൽ, നികുതി പിരിക്കുന്നതല്ലാതെ പഴയകെട്ടിടങ്ങൾക്ക് പോലും എത്ര സുരക്ഷിതത്വമുണ്ടെന്ന് പരിശോധിക്കാൻ അധികാരികൾ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കൊടകരയിൽ വീടു തകർന്ന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കലക്ടർ അർജുൻ പാണ്ഡ്യൻ, കെ.കെ.
രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ
അതിഥിത്തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ സുരക്ഷാ പരിശോധന
തൃശൂർ∙ കൊടകരയിൽ വീട് തകർന്നുവീണ് 3 പേർ മരിക്കാനിടയായ സംഭവത്തിൽ കലക്ടർ അർജുൻ പാണ്ഡ്യൻ അന്വേഷണത്തിന് ഉത്തരവിട്ടു.
അതിഥിത്തൊഴിലാളികൾ താമസിക്കുന്ന മറ്റ് കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത ലേബർ ക്യാംപുകളും പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ് എന്നിവർ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. ഏകോപനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി.
രക്ഷപ്പെട്ട
തൊഴിലാളികൾക്ക് പുനരധിവാസ സൗകര്യങ്ങൾ ഒരുക്കിയതായും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി റിപ്പോർട്ട് സമർപ്പിച്ചതായും കലക്ടർ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ അനുഗമിക്കാൻ ഒരു ബന്ധുവിനും രണ്ട് പരിചയക്കാർക്കും യാത്രാസൗകര്യം ഒരുക്കും.
സബ് കലക്ടർ അഖിൽ വി. മേനോനാണ് ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]