
‘അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി’; ചക്ക കുടുംബത്തിന് പഴമക്കാരുടെ വിശേഷമാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ‘അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി’. ചക്ക കുടുംബത്തിന് പഴമക്കാരുടെ വിശേഷമാണ്. ഈ മൂന്നുപേരെ മാത്രമല്ല, മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ചക്കമേളയിൽ എത്തിയാൽ സകല ബന്ധുജനങ്ങളെയും പരിചയപ്പെടാം. ഒപ്പം ചുള മുതൽ മടൽ വരെയുള്ള കുടുംബാംഗങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളും. ചക്ക സ്ക്വാഷ്, ചക്കപ്പഴം, ഇടിച്ചക്ക, ചക്കമടൽ അച്ചാറുകൾ, ചക്കക്കുരു–മുരിങ്ങയില ചമ്മന്തിപ്പൊടി, ചക്കപ്പഴം വരട്ടിയത്, ചുക്കക്കുരു ചുക്കുണ്ട, പായസം, ചക്കപ്പൊടി ഹൽവ, പുട്ടുപൊടി, ചക്ക ചോക്ലേറ്റ് കേക്ക് തുടങ്ങി ചവിണിയും മടലും വരെയുള്ള സ്വാദിഷ്ഠ വിഭവങ്ങളുടെ സ്റ്റാളുകൾ മേളയിലുണ്ട്.
ദൈനംദിന ഭക്ഷണത്തിൽ ചക്കയെങ്ങനെ മുതൽക്കൂട്ടാക്കാമെന്നു കാണിക്കുന്ന തൽസമയ ഭക്ഷണശാലയിൽ ചക്ക മഞ്ചൂരിയൻ, ചക്ക കബാബ്, ചക്ക സ്റ്റ്യൂ, ചക്ക ബിരിയാണി തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ ലഭിക്കും. റജിസ്റ്റർ ചെയ്തവർക്കായി ഉൽപന്ന നിർമാണ മത്സരവും ചക്കയുടെ സാധ്യതകൾ, വൈവിധ്യം. സംസ്കരണം, ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ഉണ്ട്.
കാർഷിക ഗവേഷണ കേന്ദ്രം സംരക്ഷിച്ചു പോരുന്ന 193 ചക്ക ഇനങ്ങളും ഇരുപതോളം ഇനം പ്ലാവിൻ തൈകളും ഇവിടെ പരിചയപ്പെടാം. ഇന്നും നാളെയും ഉൽപന്ന നിർമാണ പ്രായോഗിക പരിശീലന പരിപാടി നടക്കും. കേരള കാർഷിക സർവകലാശാല, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, ഒല്ലൂർ കൃഷി സമൃദ്ധി, അസോസിയേഷൻ ഓഫ് ഹോർട്ടികൾചർ പ്രഫഷനൽസ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രദർശന–വിപണന മേള നടക്കുന്നത്. 3 ദിവസത്തെ മേള നാളെ സമാപിക്കും.
ഉദ്ഘാടനം
മണ്ണുത്തി ∙ ചക്കമേള മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ രവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. രവീന്ദ്രൻ, ഇന്ദിര മോഹൻ, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണിക്കൃഷ്ണൻ, കാർഷിക സർവകലാശാല റജിസ്ട്രാർ ഡോ.സക്കീർഹുസൈൻ, മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്ര മേധാവി ഡോ.എസ്. ലത,അസോസിയേഷൻ ഓഫ് ഹോട്ടികൾച്ചർ പ്രഫഷനൽസ് സെക്രട്ടറി ഡോ.പി.ബി.പുഷ്പലത എന്നിവർ പ്രസംഗിച്ചു. അനിൽ ജോസ്, ഡെ.കെ.പി.സുധീർ എന്നിവർ ക്ലാസുകൾ നയിച്ചു.
‘പഞ്ചാര’ ചക്ക
പ്രമേഹമുള്ളവരോ പ്രമേഹത്തെ പേടിക്കുന്നവരോ ആണോ നിങ്ങൾ? എങ്കിൽ പച്ചച്ചക്കയെ കൂടി ഭക്ഷണവൈവിധ്യത്തിന്റെ ഭാഗമാക്കാം. ചക്കയുടെ പ്രധാന പോഷകങ്ങളിൽ പരിമിതമായ അളവിൽ കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, പ്രോട്ടീൻ, ടാനിൻസ്, വോളറ്റൈയിൽ ആസിഡ്, ആന്റിഓകിസഡന്റ്സ് എന്നിവയോടൊപ്പം ഭക്ഷ്യനാരുകളും അടങ്ങിയിട്ടുണ്ട്. ഇതിലെ മാംസ്യവും നാരുകളും ക്രമേണ നന്നായി ദഹിച്ച് ദേഹത്തിൽ ചേരും.
നാരിന്റെ അംശം നന്നായി ദഹനപ്രക്രിയയെ സഹായിക്കും. മലബന്ധം പൂർണമായും ഒഴിവാക്കും. വിറ്റാമിൻ എ, വിറ്റാമിൻ സി ഘടകങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തും. ഇതിലെ വിറ്റാമിൻ സി, കരോട്ടിനോയിഡ്, ഫ്ലാവനോൺ എന്നിവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. താഴ്ന്ന അളവ് കാർബോഹൈഡ്രേറ്റ് പ്രമേഹത്തിന്റെ തോത് നിയന്ത്രണ വിധേയമാക്കും.