
ദേശീയപാതയിൽ നടക്കുന്ന പണി ഇതാണോ? നിർത്തിക്കോ; വൻ പ്രതിഷേധത്തിനു പിന്നാലെ സ്റ്റോപ് മെമ്മോ
കൊരട്ടി ∙ ദേശീയപാതയിൽ കൊരട്ടിയിൽ നടത്തുന്ന നിർമാണങ്ങളുടെ ഗുണനിലവാരക്കുറവു ചൂണ്ടിക്കാട്ടി കരാറുകാരോടു നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു ദേശീയപാത അതോറിറ്റി സ്റ്റോപ് മെമ്മോ നൽകി. ഡ്രൈനേജിനു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ ഉൾപ്പെടെ തകർന്നതു വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നിർമാണത്തിലെ പ്രശ്നങ്ങളും ഗതാഗതക്കുരുക്കും വ്യക്തമാക്കി കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നു പ്രശ്നങ്ങൾ വിലയിരുത്താൻ സനീഷ്കുമാർ ജോസഫ് എംഎൽഎ, പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജുവും ഇവർക്കൊപ്പമുണ്ടായിരുന്നു. നിലാവരമില്ല എന്ന ആരോപണമുയർന്ന സ്ഥിതിക്ക് എൻഐടിയോ ഐഐടിയോ പരിശോധന നടത്തിയ ശേഷമാകും നിർമാണം പുനരാരംഭിക്കുകയെന്നു അൻസിൽ ഹസൻ അറിയിച്ചു.
നിർമാണത്തിലെ മെല്ലെപ്പോക്കിനെതിരെ കരാറുകാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നതായി ദേശീയപാത അതോറിറ്റി പ്രതിനിധി അറിയിച്ചു. നിർമാണങ്ങൾ നിർത്തി വച്ചതോടെ, കാനകളും തോടുകളും താൽക്കാലികമായി മണ്ണിട്ടു മൂടി യാത്രാസൗകര്യമൊരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്താനായി സനീഷ്കുമാർ ജോസഫ് എംഎൽഎ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധി–ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ.
തുടർന്നു പഞ്ചായത്ത് ഓഫിസിൽ നടന്ന അവലോകന യോഗത്തിൽ ജനപ്രതിനിധികളായ, കെ.ആർ.സുമേഷ്, ലീല സുബ്രഹ്മണ്യൻ, വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്കറിയ, പി.ജി.സത്യപാലൻ, വർഗീസ് തച്ചുപറമ്പൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ്, സെക്രട്ടറി പി.വി.ഫ്രാൻസിസ്, തോമസ് നാൽപാട്ട്, സുന്ദരൻ പനങ്കൂട്ടത്തിൽ, കെ.സി.ഷൈജു, സജീവ് പള്ളത്ത്, ഡെന്നി വെളിയത്ത്, ഒ.ജെ.ഫ്രാൻസിസ്, പി.ബി.രാജു എന്നിവരും പങ്കെടുത്തു.
ഇതിനിടെ, ചിറങ്ങരയിലെ ഗതാഗതം സുഗമമാക്കുന്നതിനു നിർദേശിച്ച കാര്യങ്ങൾ ഇന്നലെ തന്നെ നടപ്പാക്കിയതോടെ ഗതാഗതക്കുരുക്കിനു താൽക്കാലിക പരിഹാരമായി. ബദൽ റോഡിൽ നിന്നു ദേശീയപാത പ്രധാന പാതയിലേയ്ക്കു പ്രവേശിക്കുന്ന ഭാഗത്തു കോൺക്രീറ്റിങ് നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]