ചേർപ്പ് ∙ ഇരിങ്ങാലക്കുട സംസ്ഥാനപാതയിൽ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ മത്സര ഓട്ടവും, അതുമൂലമുള്ള അപകടങ്ങളും തുടർക്കഥയാകുമ്പോൾ പൊലീസും മോട്ടർ വാഹന വകുപ്പും നോക്കു കുത്തിയാകുന്നു.
കഴിഞ്ഞ ദിവസം ഊരകം കൊറ്റംകുളം പ്രദേശത്ത് മറ്റൊരു ബസിനെ മറികടക്കുന്നതിനിടയിൽ ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പൂച്ചിന്നിപ്പാടം സ്വദേശി സ്നേഹ(32) മരിച്ചതാണ് അവസാന അപകടം. സ്വകാര്യ ബസുകളുടെ അമിത വേഗമാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
തൃശൂർ മുതൽ കൊടുങ്ങല്ലൂർ വരെ 40 കിലോമീറ്റർ ദൂരമാണ് ഉള്ളത്.
ഇത്രയും ദൂരം യാത്ര ചെയ്യാൻ എന്തിനാണ് ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഇത്രയധികം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ലിമിറ്റഡ് സ്റ്റോപ്, മറ്റ് സ്വകാര്യ ബസുകൾ അടക്കം നൂറിലേറെ ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
ഇതിൽ തന്നെ 40 ബസുകൾ ലിമിറ്റഡ് സ്റ്റോപ് ആണ്. തൃശൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് എത്താൻ സാധാരണ ബസിന് 50 മിനിറ്റും കൊടുങ്ങല്ലൂരിലേക്ക് എത്താൻ 40 മിനിറ്റും ലിമിറ്റഡ് സ്റ്റോപ് ബസിന് ഇരിങ്ങാലക്കുടയിലേക്ക് എത്താൻ 45 മിനിറ്റും കൊടുങ്ങല്ലൂരിലേക്ക് എത്താൻ 28 മിനിറ്റുമാണ് അനുവദിക്കപ്പെട്ടിരിക്കുന്ന സമയം.
ഈ സമയത്തിന് മുൻപ് ഓടിയെത്തിയില്ലെങ്കിൽ പിന്നിൽ വരുന്ന ബസ് ജീവനക്കാരുമായി വാക്കുതർക്കവും സംഘർഷവും പതിവാണ്.
സമയത്തെ ചൊല്ലി കഴിഞ്ഞ ദിവസവും പെരുമ്പിള്ളിശേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് പരസ്പരം കൂട്ടിയുരുമിയാണ് ഇവർ പ്രതിഷേധിച്ചത്.
ഭാഗ്യംകൊണ്ടാണ് ഇതിലെ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ സമയക്രമം പുനർനിർണയിച്ച് സുരക്ഷിതമാക്കിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ തുടർക്കഥയാകും എന്നാണ് നാട്ടുകാർ പറയുന്നത്.
ബസ് ജീവനക്കാർ നിരവധി പേർ രാസലഹരി ഉപയോഗിക്കുന്നവരാണെന്നും ഇതാണ് പല സംഘർഷങ്ങൾക്കും കാരണമാകുന്നതെന്നും ആരോപണമുണ്ട്. സ്വകാര്യ ബസുകളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കണമെന്നും ആവശ്യം ഉയരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

