വളളത്തോൾ നഗർ ∙ തൂങ്ങി ഇറങ്ങാനും വലിഞ്ഞു കേറാനും ഞങ്ങൾ മനുഷ്യരാണ്. കുരങ്ങുകൾ അല്ല.
റെയിൽവേ യാത്രക്കാരുടെ അന്തകരാകരുത്, വേണം വള്ളത്തോൾ നഗറിനൊരു മേൽപാലം. വർഷങ്ങളായി ഇവിടെ ട്രെയിൻ യാത്രക്കാർ പറയുന്ന പരാതിയും ആവശ്യവുമാണിത്.
കോട്ടയം– നിലമ്പൂർ ട്രെയിനിനെ ആശ്രയിച്ചു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ എത്തുന്ന സ്റ്റേഷനാണ് വള്ളത്തോൾ നഗർ. പ്ലാറ്റ്ഫോം നമ്പർ രണ്ടിന് (തൃശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ നിർത്തുന്ന മൂന്നാമത്തെ ട്രാക്ക്) ഉയരം ഇല്ലാത്തതു വർഷങ്ങളായുള്ള ഒരു ദുരിതമാണ്.
ചാടി ഇറങ്ങലും വലിഞ്ഞു കേറലും അടക്കം പല സാഹസിക അഭ്യാസങ്ങൾ പഠിക്കണം ഇവിടെയെത്താൻ. മേൽപാലമില്ലാത്തതിനാൽ നിർത്തിയിട്ട
ട്രെയിനിന് അടിയിലൂടെ വഴി കണ്ടെത്തി കുനിഞ്ഞു പോകുന്നവരുടെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ആ ട്രെയിൻ ഒന്ന് അനങ്ങിയാൽ അവിടെ പിടഞ്ഞു തീരും ജീവിതം.
ആദ്യമായി വള്ളത്തോളിൽ എത്തുന്നവർ, പ്രത്യേകിച്ച് പ്രായമായവർ ഇറങ്ങാൻ ഭയന്നു നിൽക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.
നിലമ്പൂർ ട്രെയിൻ വള്ളത്തോളിൽ എത്തുന്ന അതേസമയത്തു തന്നെയാണ് ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ സ്റ്റോപ് ഇല്ലാത്ത മറ്റേതെങ്കിലും ട്രെയിൻ അപ്രതീക്ഷിതമായി രണ്ടാമത്തെ ട്രാക്കിലൂടെ കടന്നു പോകുന്നത്. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നത് അത്യന്തം അപകടകരവും ശിക്ഷാർഹവുമാണെന്നിരിക്കെ ഉയരം കുറഞ്ഞ പ്ലാറ്റ്ഫോമും മേൽപാലത്തിന്റെ അഭാവവും മൂലം റെയിൽവേ അധികൃതരുടെ കണ്മുന്നിൽ തന്നെ ട്രാക്ക് മുറിച്ചു കടക്കാൻ നിർബന്ധിക്കപ്പെടുകയാണ്.
ട്രാക്കിലെ ഉയരക്കുറവ് മൂലം ചാടിയിറങ്ങാൻ സാധിക്കാത്തവർ ട്രെയിനിന്റെ മറുവശത്തുകൂടി ട്രാക്കിലിറങ്ങി അടുത്ത ട്രാക്കിലെ ട്രെയിനിന്റെ അടിയിലൂടെ കടക്കുന്ന അപകടകരമായ കാഴ്ചയാണ് റെയിൽവേ കണ്ടില്ലെന്ന് നടിക്കുന്നത്.
മുന്നിൽ പാഞ്ഞടുക്കുന്ന ട്രെയിൻ കണ്ട് പകച്ചു നിൽക്കേണ്ടിവരുന്ന അവസ്ഥ ഭയാനകമാണ്. ട്രെയിൻ പോയിക്കഴിഞ്ഞ ശേഷം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ രണ്ടാമത്തെ ട്രാക്കിൽ വീഴുന്നവരും ഇവിടെ നിത്യ കാഴ്ചയാണ്.
കേരള കലാമണ്ഡലത്തിന്റെ കവാടം മുതൽ വള്ളത്തോൾ നഗർ സ്റ്റേഷന്റെ അതിർത്തി വരെ ചരക്ക് ട്രെയിൻ നിർത്തിയിട്ടിരിക്കും. കലാമണ്ഡലം അടക്കമുള്ള സ്ഥലങ്ങളിലേയ്ക്കെത്തേണ്ട
അധ്യാപകരടക്കമുള്ളവർ രണ്ടാം ട്രാക്കിലൂടെ ദൂരത്തേക്ക് നടക്കും ക്രോസ് ചെയ്യാൻ. എപ്പോൾ വേണമെങ്കിലും എതിരെ ട്രെയിൻ പാഞ്ഞു വന്നേക്കാം.
‘തൂങ്ങി ഇറങ്ങാനും വലിഞ്ഞു കേറാനും ഞങ്ങൾ മനുഷ്യരാണ്, കുരങ്ങുകൾ അല്ലെ’ന്ന് റെയിൽവേ അധികൃതർ ഓർക്കുന്നത് നന്നായിരിക്കുമെന്ന് ഈ ദുരിതം സ്ഥിരം താണ്ടിക്കടക്കുന്ന കലാമണ്ഡലം അധ്യാപിക സായ്കൃഷ്ണ ലാൽ പറഞ്ഞു.
പരാതികൾ നിരവധി തവണ ഉന്നയിച്ചിട്ടും ഇനി ആരുടെയെങ്കിലും ജീവൻ പൊലിഞ്ഞാൽ മാത്രമേ നടപടി എടുക്കുകയുള്ളൂവെന്ന നിലപാടിലാണ് റെയിൽവേ. വള്ളത്തോളിനൊരു റെയിൽവേ മേൽപാലം, തൃശൂർ ഭാഗത്തു നിന്നും വരുന്ന ട്രെയിനുകൾ നിർത്തുന്ന മൂന്നാം ട്രാക്കിൽ ഉയരം കൂട്ടിയ പ്ലാറ്റ്ഫോം എന്നതാണ് യാത്രക്കാരുടെ നിരന്തരമായ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]