വടക്കേകാട് ∙ അഞ്ഞൂർ പാലത്തിനു സമീപം സ്വകാര്യ ക്വാർട്ടേഴ്സിലെ ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുക്കുന്ന പ്രശ്നത്തിന് ഇനിയും പരിഹാരമില്ല. പരിസരവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും കെട്ടിട
ഉടമയ്ക്ക് മുക്കാൽ ലക്ഷം രൂപ പിഴ ചുമത്തിയെങ്കിലും ഇതുവരെ അടച്ചിട്ടില്ല. കെട്ടിടം അടച്ചുപൂട്ടാനുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവും നടപ്പായില്ല.
പുന്നയൂർ അവിയൂർ സ്വദേശി കൊട്ടിലിങ്ങൽ ഇബ്രാഹിമിന്റേതാണ് ക്വാർട്ടേഴ്സ്.
ഇവിടെ 6 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കെട്ടിടത്തിലെ മാലിന്യം റോഡിലും പരിസരത്തേക്കും ഒഴുക്കുന്നതിനെതിരെ 2023 മുതൽ പരിസരവാസികൾ പരാതി നൽകുന്നുണ്ട്.
ക്വാർട്ടേഴ്സ് പരിസരം വൃത്തിഹീനമാണ്. പഞ്ചായത്ത് ചട്ടങ്ങൾ ലംഘിച്ചാണ് ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നതും.
മഴക്കാലത്ത് സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് തള്ളുന്നു.
ചില ദിവസങ്ങളിൽ മോട്ടർ ഉപയോഗിച്ച് മാലിന്യം പുറത്തേക്ക് പമ്പ് ചെയ്യുന്നു. സമീപത്തെ ശുദ്ധജല സ്രോതസ്സുകളെ ഇത് ബാധിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
2024 ജൂണിൽ പഞ്ചായത്ത് അര ലക്ഷം രൂപയും ആരോഗ്യവകുപ്പ് 25000 രൂപയും പിഴ ചുമത്തിയിരുന്നു. എന്നാൽ തുക അടച്ചിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പഞ്ചായത്ത് പറയുന്നത്.
കഴിഞ്ഞ വർഷം കെട്ടിട
ഉടമയ്ക്ക് മാലിന്യ സംസ്കരണ സംവിധാനവും ശാസ്ത്രീയ രീതിയിലുള്ള സെപ്റ്റിക് ടാങ്കും നിർമിക്കാൻ സമയം നൽകിയിരുന്നു. സമയ പരിധിക്കകം നിർമാണം നടത്തിയില്ലെങ്കിൽ താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടം അടയ്ക്കുമെന്നും മാലിന്യം നീക്കം ചെയ്ത് തുക ഉടമയിൽനിന്നു ഇൗടാക്കുമെന്നും പഞ്ചായത്ത് അറിയിച്ചിരുന്നു.
എന്നാൽ ഒന്നും നടന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് ഭരണസമിതിയിലെ ചിലരാണ് കെട്ടിട
ഉടമയെ സഹായിക്കുന്നത് എന്നും ആക്ഷേപം ഉണ്ട്. ഉടമ പിഴ അടയ്ക്കാതിരിക്കുകയും പ്രശ്നം പരിഹരിക്കാത്തതുമായ സാഹചര്യത്തിൽ കോടതി നടപടിക്കായി മഹസർ തയാറാക്കിയിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]