തൃശൂർ∙ തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ പൂങ്കുന്നം ജംക്ഷൻ, പുഴയ്ക്കൽപ്പാടം, മുതുവറ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം. പൂങ്കുന്നം ജംക്ഷനിൽ പുഴയ്ക്കലിലേക്ക് തിരിയുന്ന ഭാഗത്ത് പൈപ്പ് ജോലികൾക്കായി റോഡ് കുഴിച്ചതോടെ ഇവിടെയും ഗതാഗതത്തിരക്കു വർധിച്ചു. ശുദ്ധജല വിതരണ പൈപ്പിന്റെ ചോർച്ച പരിഹരിക്കാനാണ് ഈ ഭാഗം കുഴിച്ചത്.
ഇതോടെ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളടക്കം ജംക്ഷനിലേക്ക് നീണ്ട നേരം കാത്തുകിടക്കേണ്ട
സ്ഥിതിയായി. സംസ്ഥാനപാതയുടെ തൃശൂർ ജില്ലയിലെ 33.34 കിലോമീറ്റർ റോഡിന്റെ വികസനം 4 വർഷമായിട്ടും പൂർത്തിയാകാത്തത് ഇപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
പ്രളയത്തിൽ തകർന്ന റോഡുകളുടെയും ചെറു പാലങ്ങളുടെയും പുനർനിർമാണം ലക്ഷ്യമിട്ടുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 2021ലാണു പാതയുടെ വികസനം ആരംഭിച്ചത്.
ജില്ലയുടെ രണ്ടറ്റത്ത് നിന്നു വികസന ജോലികൾ തുടങ്ങിയെങ്കിലും ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഉണ്ടായിരുന്ന റോഡ് പലയിടത്തും കുത്തിപ്പൊളിച്ചു തുടങ്ങിയ നവീകരണം മഴക്കാലമായതോടെ യാത്രക്കാർക്ക് ഇരട്ടിദുരിതമായി മാറി.
ഇടയ്ക്കിടെ റോഡ് വികസനം നിലച്ചതു കൂടാതെ പലയിടത്തും കുഴികൾ രൂപപ്പെട്ടതും ടാറിങ് തകർന്നതും പ്രതിസന്ധിയായി.
200 കോടി രൂപയിലേറെ ചെലവഴിച്ചുള്ള നവീകരണത്തിനു 2023 സെപ്റ്റംബർ വരെയായിരുന്നു കരാർ കാലാവധി.എന്നാൽ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയാതായതോടെ ആദ്യ കരാറുകാരെ 2024 മേയിൽ ഒഴിവാക്കിയിരുന്നു. തുടർന്ന് റീ–ടെൻഡറിലാണ് പെരുമ്പാവൂർ ആസ്ഥാനമായുള്ള ഇകെകെ കൺസ്ട്രക്ഷനു കരാർ ലഭിച്ചത്.
മാസങ്ങൾക്കു ശേഷം 2025 ഫെബ്രുവരിയിലാണ് നവീകരണത്തിന്റെ ഭാഗമായുള്ള ജോലികൾ തുടങ്ങിയത്.
പുഴയ്ക്കൽപ്പാടത്തെ ചെറു പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം അപ്രോച്ച് റോഡിനായി മണ്ണിട്ട് പാത ഉയർത്തുന്നതും പൂർത്തിയായിട്ടുണ്ട്.
ഇനി മണ്ണ് ഉറപ്പിച്ച ശേഷം ടാർ ചെയ്ത് പാലം ഒക്ടോബർ രണ്ടാം വാരം ഗതാഗതത്തിനായി തുറന്നു നൽകാനാണ് പദ്ധതിയുടെ നിർവഹണ ഏജൻസിയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെഎസ്ടിപി) ശ്രമം. മുതുവറ സെന്ററിലെ കോൺക്രീറ്റിങ് കരാർ കമ്പനിയായ ഇകെകെ കൺസ്ട്രക്ഷൻ തിങ്കളാഴ്ച ആരംഭിക്കും.
പൂങ്കുന്നത്തെ ഇന്ത്യൻ ഓയിൽ പമ്പിന് സമീപമുള്ള കലുങ്കിന്റെ ജോലികളും അവസാനഘട്ടത്തിലാണ്.
ഇതോടൊപ്പം കോൺക്രീറ്റ് ചെയ്ത ഭാഗത്ത് ഡിവൈഡർ ഒരുക്കുന്നതും ആരംഭിച്ചു.സംസ്ഥാന പാതയുടെ വികസനം ഡിസംബറിൽ പൂർത്തിയാക്കണമെന്ന് ഈ മാസം ചേർന്ന കെഎസ്ടിപി കോഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]