
കലിതുള്ളി കാലവർഷം: വീടുകളിലും റോഡുകളിലും വെള്ളം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി
ചാലക്കുടി ∙ മഴ ശക്തമായതും പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകളും സ്ലൂസ് വാൽവും തുറന്നതും കാരണം ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കാര്യമായി ഉയർന്നു. മേഖലയിൽ പല ഭാഗത്തും വെള്ളം കയറി.
50 വീടുകളിൽ വെള്ളം കയറി. വിവിധ റോഡുകളും ചാലക്കുടി റെയിൽവേ അടിപ്പാതയും വെള്ളത്തിലായതോടെ ഗതാഗതം തടസ്സപ്പെട്ടു.
താലൂക്കിൽ 5 ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു. വെള്ളം കയറിയതിനെ തുടർന്നു നൂറോളം വീട്ടുകാരെ മാറ്റി പാർപ്പിച്ചു.
ദേശീയപാതയിൽ അടിപ്പാത നിർമാണം നടത്തുന്ന ഭാഗങ്ങളിൽ നിന്നു വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന സമാന്തര പാതകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കായി. മേലൂർ പഞ്ചായത്തിലെ മുരിങ്ങൂർ ഡിവൈൻ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്നു 39 വീട്ടുകാരെ ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്കു മാറ്റി പാർപ്പിച്ചു.
സാൻജോ മാമറ്റം റോഡ് ഭാഗത്തെ 8 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.കൂടപ്പുഴ കുട്ടാടൻപാടത്ത് വെള്ളം കയറി. ഈ ഭാഗത്തുള്ളവരെ തിരുമാന്ധാംകുന്ന് ക്ഷേത്ര ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
അന്നനാട്–കാതിക്കുടം ചാത്തൻചാൽ റോഡ് വെള്ളം കയറി മുങ്ങിയ നിലയിൽ. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്ന പാതയാണിത്.
കൊരട്ടി, അന്നമനട
പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെസ്റ്റ് കൊരട്ടി റോഡ്, കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടം–അന്നനാട് ചാത്തൻചാൽ റോഡ്, വെസ്റ്റ് കൊരട്ടി നടവരമ്പ് റോഡ് എന്നിവ മുങ്ങി. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്ന പാതകളാണിത്.
ചാലക്കുടി നഗരസഭയെയും ആളൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വെള്ളാംചിറ റോഡിലും കോട്ടാറ്റ് – കാരൂർ റോഡിലും വെള്ളം കയറി. ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു.
മുരിങ്ങൂർ സാൻജോനഗറിൽ ബ്രഹ്മകുളത്ത് ബി.ഡി.ജോസഫിന്റെ ഏത്തവാഴത്തോട്ടം വെള്ളം കയറി മുങ്ങി. ചാലക്കുടിയിൽ കണ്ണമ്പുഴ ക്ഷേത്രത്തിനും ഡി സിനിമാസിനും സമീപം പുഴയോരം ഇടിഞ്ഞു നശിച്ചു. ലൈവ് ക്ലബിന്റെ മതിൽ തകർന്നു.
കാടുകുറ്റി ഞറളക്കടവിൽ പുഴയോരം ഇടിഞ്ഞു വീണു. പുഴയോരം ഇടിയാതിരിക്കാൻ നിർമിച്ച സംരക്ഷണ ഭിത്തിയും തകർന്നു.മേലൂർ പഞ്ചായത്ത് പത്താം വാർഡിൽ മേലൂർ – പുഷ്പഗിരി റോഡിൽ പിണ്ടാണിയിൽ റോഡിലേക്കു വീണ മരം അഗ്നിസുരക്ഷാസേന ഉദ്യോഗസ്ഥർ വെട്ടിനീക്കി.
കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ കനോലി കനാൽ കരകവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിൽ . ആനാപ്പുഴ, എൽത്തുരുത്ത്, പാലിയംതുരുത്ത്, ഉഴുവത്തുകടവ്, വയലാർ, ശ്രീനാരായണപുരം പഞ്ചായത്തിലെ ആല ഗോതുരുത്ത് എന്നിവിടങ്ങളിൽ നൂറുകണക്കിനു വീടുകളാണ് വെള്ളക്കെട്ടിലായത്.
വയലാർ വാർഡിലെ അങ്കണവാടിയും വെള്ളക്കെട്ടിലാണ് .
അഞ്ഞൂർ അങ്ങാടിയിൽ തകർന്നു വീണ പമ്പ് ഹൗസ്
അഞ്ഞൂരിലെ പമ്പ്ഹൗസ് തകർന്നു വീണു
വടക്കേകാട് ∙ അഞ്ഞൂർ അങ്ങാടിയിലെ പമ്പ് ഹൗസ് മഴയത്ത് തകർന്നു വീണു. ബുധൻ രാത്രിയാണ് സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന പറമ്പിലേക്ക് പമ്പ് ഹൗസ് വീണത്.
വർഷങ്ങളായി ഇതിൽ പമ്പിങ് നടക്കാറില്ല. റൂറൽ വാട്ടർ സപ്ലൈ സ്കീം (ആർഡബ്ലിയുഎസ്എസ്) പദ്ധതി പ്രകാരം ജല അതോറിറ്റി ഗ്രാമപ്രദേശങ്ങളിലെ ജലവിതരണത്തിനായി നിർമിച്ച സംഭരണിയാണ് ഇത്.
സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് സംഭരണി നിർമിച്ചിരുന്നത്. ചക്കിത്തറ, ഞമനേങ്ങാട് പ്രദേശങ്ങളിലേക്ക് ഇതിൽ നിന്നു വെള്ളം വിതരണം ചെയ്തിരുന്നുവെന്നു പറയുന്നു.
അതോറിറ്റിയുടെ പൈപ്പുകൾ വ്യാപകമായതോടെ വർഷങ്ങൾക്കു മുൻപ് സംഭരണിയുടെ പ്രവർത്തനം നിലച്ചു. 2006 ജൂൺ 22ന് ജല അതോറിറ്റി ഇത് പഞ്ചായത്തിനു കൈമാറിയെങ്കിലും സംഭരണി പ്രവർത്തനക്ഷമമാക്കാൻ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ഹൈലെവൽ കനാലിലെ വെള്ളം കാഞ്ഞാണി 2–ാം പാലം പരിസരത്തെ മണലൂർത്താഴം ബണ്ട് പൊളിച്ച് ഒഴുക്കുന്നു.
ബണ്ടുകൾ പൊളിച്ചു
കാഞ്ഞാണി∙ ചാഴൂർ, അന്തിക്കാട്, താന്ന്യം മേഖലകളിൽ വെള്ളം ഉയർന്ന് വീടുകളും റോഡുകളും വെളളക്കെട്ടായതിനെ തുടർന്ന് 2–ാം പാലം പരിസരത്തെ മണലൂർത്താഴം ബണ്ട്, കാഞ്ഞാംകോൾ ബണ്ട് എന്നിവ പൊളിച്ച് വെള്ളം ഒഴുക്കിവിട്ടു. ഹൈലെവൽ കനാലിൽ 2–ാം പാലത്തിന്റെ സമീപത്തുള്ള പഴയ പാലക്കഴയിൽ ഒഴുക്ക് തടസ്സപ്പെടുത്തി കിടന്നിരുന്ന കുളവാഴ ചണ്ടിയും മാലിന്യവും നീക്കം ചെയ്തു.
അതേസമയം, ജില്ലയിൽ എല്ലാ വർഷവും ബണ്ടുകൾ പൊളിക്കുന്നത് മണലൂർത്താഴം, കാഞ്ഞാംകോൾ പടവുകളിലാണെന്ന് കർഷകർ കുറ്റപ്പെടുത്തി. മണലൂർത്താഴം ബണ്ടിൽ അധിക ജലം ഒഴുക്കി വിടാൻ പര്യപ്തമായ സ്ലൂസ് പണിയാൻ എസ്റ്റിമേറ്റ് നൽകിയിട്ടും സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും എംഎൽഎയടക്കമുള്ള ജനപ്രതിനിധികൾ വേണ്ട
രീതിയിൽ ഇടപെടുന്നില്ലെന്നാണ് പടവ് ഭാരവാഹികളുടെ പരാതി. പരിയാരം പഞ്ചായത്തിൽ മംഗലൻ ഉന്നതിയിൽ വെള്ളം കയറിയ വീടുകളിലൊന്ന്.
മംഗലൻ ഉന്നതിയും വെള്ളത്തിൽ
പരിയാരം ∙ ചാലക്കുടി പുഴ കരകവിഞ്ഞ് മംഗലൻ ഉന്നതിയിലെ വീടുകളിലും സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വെള്ളം കയറി.
ഇതേ തുടർന്ന് 14 കുടുംബങ്ങളെ പരിയാരം സെന്റ് ജോർജ്സ് സ്കൂളിൽ തുടങ്ങി ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് വീടുകളിൽ വെള്ളം കയറിയത്.
ഉന്നതിയിലെ ആറ് വീടുകൾക്ക് ചുറ്റും വെള്ളമാണ്. സമീപ പ്രദേശങ്ങളിലെ തോടുകൾ കരകവിഞ്ഞ് ഒഴുകുന്നതാണു വീടുകളിൽ വെള്ളം കയറാൻ കാരണമെന്ന് താമസക്കാർ പറയുന്നു. ആനമല സംസ്ഥാന പാതയിൽ കാഞ്ഞിരപ്പിള്ളിയിലും കോവിലകംപാടം റോഡിലും പുലർച്ചെ മൂന്ന് മണിയോടെ രണ്ടടിയോളം ഉയരത്തിൽ വെള്ളം കയറി.
രാവിലെ അഞ്ച് മണിയോടെ റോഡിലെ വെളളക്കെട്ട് ഒഴിഞ്ഞു. അന്നമനട
ഇയ്യാത്തുപറമ്പിൽ സീനത്തിന്റെ വീടിന്റെ ഒരുഭാഗം കനത്തമഴയിൽ ഇടിഞ്ഞുവീണ നിലയിൽ.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി
അന്നമനട ∙ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി.
പുഴയിലേക്കൊഴുകുന്ന മറ്റത്തെറ്റ തോട്ടിലൂടെ പുഴ വെള്ളം പാടശേഖരങ്ങളിലേക്കെത്തി. വാളൂർ–വെസ്റ്റ് കൊരട്ടി, വെസ്റ്റ് കൊരട്ടി – കുലയിടം റോഡുകൾ വെള്ളക്കെട്ടിലായി.
വാളൂരിൽ 3 വീടുകൾ വെള്ളക്കെട്ടിലായി. പടുവത്തിൽ സുനിൽ, പടുവത്തിൽ അനിലൻ, കൊളത്താപ്പിള്ളി കാർത്തു എന്നിവരുടെ വീടാണ് വെള്ളക്കെട്ടിലായത്.
കനത്തമഴയിൽ ഇയ്യാത്തുപറമ്പിൽ സീനത്തിന്റെ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു വീണു. സീനത്തും മകനും ഭാര്യയും 3 വയസ്സുള്ള കുഞ്ഞും ഇതേസമയം വീടിനകത്തുണ്ടായിരുന്നു.
ആർക്കും പരുക്കില്ല. പുളിക്കകടവ് സൗഹൃദ തീരവും വെള്ളത്തിലായി.
∙ ചാലക്കുടി പുഴയോര മേഖലയായ കുണ്ടൂർ, വയലാർ, എരവത്തൂർ എന്നിവിടങ്ങളിൽ കൃഷിയിടങ്ങളും ചെറിയ റോഡുകളും വെള്ളക്കെട്ടിലാണ്.
കണക്കൻകടവ് റഗുലേറ്ററിൽ ഷട്ടറുകൾ തുറന്നതിനാൽ വലിയ രീതിയിലുള്ള വെള്ളക്കെട്ട് മേഖലയിലില്ല. മരം വീണ് ക്ഷേത്രത്തിന്റെ മതിലിടിഞ്ഞു
കോടശേരി ∙ എലിഞ്ഞിപ്ര കനാൽ പാലത്തിന് സമീപം ശക്തമായ കാറ്റിൽ മരം വീണ് കുടുംബ ക്ഷേത്രത്തിന്റെ മതിലിടിഞ്ഞു.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കാട്ടിലപറമ്പൻ ബീനീഷിന്റെ വീട്ടു പറമ്പിലെ ജാതിമരങ്ങളും തേക്കും കടപുഴകി വീണു.
സമീപ പ്രദേശങ്ങളിൽ മണവാളൻ വർഗീസിന്റെ 12 ജാതി മരങ്ങൾ മറിഞ്ഞു. കിഴക്കൂടൻ ഡെയ്സിയുടെ വീടിനു മുകളിൽ മരം വീണു.
ചൗക്കയിൽ കൈതാരത്ത് കൊച്ചാപ്പുട്ടിയുടെ വീടിന്റെ മേൽക്കൂരയിലെ ഓട് പറന്നു പോയി. ഭാരതപ്പുഴയിലെ മായന്നൂർ കൂട്ടിൽമുക്ക് തടയണ കവിഞ്ഞു വേലൂർകെട്ട് പാടശേഖരത്തിലേക്കു വെള്ളം കയറിയപ്പോൾ.
കൂട്ടിൽമുക്ക് തടയണ തുറന്നില്ല: കൊണ്ടാഴിയിലെ പാടങ്ങൾ മുങ്ങി
മായന്നൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള കൂട്ടിൽമുക്ക് തടയണയിലെ ഷട്ടറുകൾ യഥാസമയം തുറക്കാത്തതിനാൽ കൊണ്ടാഴി പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി.
കഴിഞ്ഞ വർഷവും ഇതുപോലെ ഷട്ടർ തുറക്കാതെ കർഷകരെ വലച്ച പാലക്കാട് ജല അതോറിറ്റി ഉദ്യോഗസ്ഥർ അടുത്ത തവണ നോക്കാമെന്നു പഞ്ചായത്ത് ഓഫിസിലെത്തി ഉറപ്പു നൽകി. പ്രസിഡന്റ് കെ.ശശിധരൻ കലക്ടർക്കു പരാതി നൽകിയതിനെ തുടർന്നാണു ജല അതോറിറ്റി പാലക്കാട് സൂപ്രണ്ടിങ് എൻജിനീയർ സുരേന്ദ്രൻ പഞ്ചായത്ത് ഓഫിസിൽ എത്തിയത്.
മഴയ്ക്കു മുൻപു തുറക്കാതിരുന്ന ഷട്ടറുകൾ ഇനി മഴ കുറഞ്ഞാൽ തുറക്കാൻ ശ്രമിക്കും എന്നാണു പ്രധാന ഉറപ്പ്! മഴക്കാലം കഴിഞ്ഞാൽ ഇരു തീരത്തും സംരക്ഷണ ഭിത്തി, അടുത്ത മഴക്കാലത്തിനു 3 മാസങ്ങൾക്കു മുൻപ് ഒറ്റപ്പാലം, കൊണ്ടാഴി തീരങ്ങളിലെ കർഷകരെ ഉൾപ്പെടുത്തി ജനകീയ സമിതി രൂപീകരണം എന്നീ വാഗ്ദാനങ്ങളും നടത്തിയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്.
സെപ്റ്റിക് ടാങ്ക് കുഴിയിലേക്ക് വീണ് ദമ്പതികൾക്ക് പരുക്ക്
മാള ∙ തകർന്ന സെപ്റ്റിക് ടാങ്ക് കുഴിയിലേക്കു വീണു ദമ്പതികൾക്ക് പരുക്ക്. മാളപള്ളിപ്പുറം പടിഞ്ഞാറൻമുറി വടശേരി തോമസ് (65), ഭാര്യ ബേബി (62) എന്നിവർക്കാണു പരുക്കേറ്റത്.
ഇന്നല രാവിലെയാണ് സംഭവം. കനത്ത മഴയെത്തുടർന്ന് സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് തകർന്നതറിയാതെ നടന്നുവന്ന ബേബിയാണ് കുഴിയിലേക്ക് ആദ്യം വീണത്.
ബേബിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തോമസും കുഴിയിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും നിലവിളി കേട്ട് എത്തിയ മകനും പരിസരവാസികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെയുണ്ടായ കനത്തമഴയിൽ പറപ്പൂക്കര പഞ്ചായത്തിലെ നന്തിക്കരയിൽ പറമ്പത്ത് ഗംഗാധരന്റെ ഓടിട്ട വീട് പൂർണമായും നിലം പൊത്തിയ നിലയിൽ.
വീട് ഇടിഞ്ഞുവീണ് അച്ഛനും മകനും പരുക്ക്
പറപ്പൂക്കര ∙ കനത്തമഴയിൽ വീട് ഇടിഞ്ഞു വീണ് അച്ഛനും മകനും പരുക്ക്.
പറപ്പൂക്കര പഞ്ചായത്ത് മുത്രത്തിക്കര വാർഡ് 13 നന്തിക്കര റെയിൽവേ ഗേറ്റിന് സമീപം പറമ്പത്ത് ഗംഗാധരന്റെ ഓടിട്ട വീടാണ് ഇന്നലെ രാവിലെ ഒൻപതരയോടെ പൂർണമായും തകർന്നുവീണത്.
വൃക്കരോഗ ബാധിതനായ ഗംഗാധരനും ഭിന്നശേഷിക്കാരനായ മകൻ സയനനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. രണ്ടുപേരും അടുക്കളയിലായിരുന്ന സമയത്താണ് വീട് തകർന്നത്. പട്ടിക തലയിലും കയ്യിലും കൊണ്ടാണ് പരുക്കേറ്റത്.
പരുക്ക് സാരമുള്ളതല്ല. ഗംഗാധരന്റെ ഭാര്യയും മറ്റൊരു മകനും അപകടസമയം വീട്ടിൽ ഇല്ലായിരുന്നു.
കുടുംബത്തെ നന്തിക്കര ഗവ. സ്കൂൾ ക്യാംപിലേക്ക് മാറ്റി.
കാരിക്കുളം കടവിൽ കനത്ത നാശം
വരന്തരപ്പിള്ളി ∙ കനത്ത മഴയ്ക്കൊപ്പം ബുധനാഴ്ച രാത്രി 8ന് വീശിയടിച്ച ശക്തമായ കാറ്റിൽ കാരിക്കുളം കടവിൽ കനത്ത നാശനഷ്ടം. കാർഷികവിളകൾ നശിച്ചു. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
രതീഷ് എടത്താടൻ, വേങ്ങക്കൽ തങ്കച്ചൻ, പുളിക്കൻ തങ്കൻ, മുളക്കൽ തങ്കമ്മ, പുന്നക്കര ഷാജു, ആറ്റുപുറം ബേബി, വലുപ്പറമ്പിൽ ഷാജു, ചെമ്മനാടൻ സുരേഷ് എന്നിവരുടെ വീട്ടുപറമ്പുകളിലാണ് കൂടുതൽ നാശമുണ്ടായത്. കാറ്റ്,മിന്നൽ ചുഴലിക്ക് സമാനമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]