
‘മഹാകുരുക്ക്’: 56 കിലോമീറ്റർ പിന്നിടാൻ 90 രൂപ ടോൾ നൽകിയ യാത്രയ്ക്ക് 3 മണിക്കൂർ 10 മിനിറ്റ് ദൈർഘ്യം !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നന്നായി സൈക്കിൾ ചവിട്ടുന്നവർക്ക് 56 കിലോമീറ്റർ പിന്നിടാൻ 3 മണിക്കൂർ മതി. പക്ഷേ, ടോൾ കൊടുത്തു ദേശീയപാതയിലൂടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കു തൃശൂർ ജില്ലയിലെ 56 കിലോമീറ്റർ ദൂരം പിന്നിടാൻ ഇതിലേറെ സമയം വേണം. ഏഴിടങ്ങളിൽ ഒരേ സമയം അടിപ്പാത നിർമാണം നടക്കുന്ന ദേശീയപാത 544ലെ ഗതാഗതക്കുരുക്കിന്റെ ഭീകരത അറിയാൻ കറുകുറ്റി മുതൽ വാണിയമ്പാറ വരെ 56 കിലോമീറ്റർ യാത്ര ചെയ്ത മനോരമ സംഘത്തിനു വേണ്ടിവന്നത് 3 മണിക്കൂറും 10 മിനിറ്റും. വൈകിട്ടു 3.10നു കറുകുറ്റിയിലാരംഭിച്ച യാത്ര വാണിയമ്പാറ പിന്നിട്ടത് 6.20ന്. ഏറ്റവും കുരുക്കേറിയ ‘പീക്ക് അവറു’കളിലായിരുന്നു യാത്രയെങ്കിൽ ഇതിലേറെ സമയം വേണ്ടിവന്നേനെ.
3.10: ചിറങ്ങര
സദാ തിരക്കുള്ള അങ്കമാലി, കരയാംപറമ്പ് ജംക്ഷനുകളിൽ ‘സ്ലോ മൂവിങ് ട്രാഫിക്’ പിന്നിട്ടു കാർ കറുകുറ്റി കടന്നതു 3.10ന്. തൃശൂർ ജില്ലയിലേക്കു സ്വാഗതമെന്ന ബോർഡിനു മുന്നിൽ വാഹനനിരയും തുടങ്ങി.ദേശീയപാതയുടെ ഇരുവശവും കുരുക്ക്. 3 വരിയായി മെല്ലെ നീങ്ങുന്ന വണ്ടികൾ ചിറങ്ങരയിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് എത്തുമ്പോഴേക്കും ഒറ്റവരിയായി ശ്വാസംമുട്ടുന്നു. പണി തുടങ്ങി 6 മാസം പിന്നിട്ടെങ്കിലും ഒരു മണ്ണുമാന്തി യന്ത്രവും ഏതാനും ജോലിക്കാരും മാത്രമായി പണി മന്ദം നീങ്ങുന്നതേയുള്ളൂവെന്നു കാണാം. അടിപ്പാതയുടെ എല്ലിൻകൂടിനു നേർക്കു നോക്കി നെടുവീർപ്പിട്ടു ജനം ബ്ലോക്കിൽ കിടക്കുന്നു.
3.50: കൊരട്ടി സിഗ്നൽ
ചിറങ്ങരയ്ക്കും കൊരട്ടിക്കുമിടയിൽ 3 കിലോമീറ്റർ ദൂരമേയുള്ളൂ. പക്ഷേ, ഇവിടെയെത്താൻ വേണ്ടിവന്നത് 40 മിനിറ്റ്. നടന്നുപോയാൽ ഇതിലും വേഗമെത്താം. സർവീസ് റോഡ് ആകെ തകർന്നു കിടക്കുന്നതിനാൽ ആ വഴിയും ജനത്തിനു മുന്നിൽ അടഞ്ഞമട്ടാണ്. കൊരട്ടിയിൽ മേൽപാലത്തിനു പദ്ധതിയുണ്ടെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. എന്നിട്ടും കുരുക്കിനൊരു കുറവുമില്ല. നോക്കുകുത്തിയായ സിഗ്നൽ ലൈറ്റിനു മുന്നിലും പിന്നിലുമായി വാഹനനിര നീളുന്നു. മറുവശത്ത് എറണാകുളം ദിശയിലും വാഹന നിര നീണ്ടുകിടക്കുന്നതു കാണാം.
4.20: മുരിങ്ങൂർ
രണ്ടാമത്തെ അടിപ്പാതയുടെ നിർമാണം നടക്കുന്നതു മുരിങ്ങൂരിലാണ്. കൂട്ടത്തിലേറ്റവും കൂടുതൽ കുരുക്ക് അനുഭവപ്പെടുന്ന സ്ഥലം. സർവീസ് റോഡാകെ പൊളിഞ്ഞുകിടക്കുന്നു. ഒറ്റവരിയിലേക്കു ഞെരുങ്ങുന്ന വാഹനങ്ങൾക്കിടയിൽ വമ്പൻ ട്രെയിലർ ലോറികൾ വരെ. ഇതോടെ കുരുക്ക് അഴിയാക്കെണിയായി മാറുന്നു. ഹെവി വാഹനങ്ങൾക്കു പീക്ക് അവറിലെങ്കിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയെന്ന നിർദേശം പരിഗണിക്കപ്പെടാത്തതിനാൽ സ്ഥിതി വഷളാകുന്നു. റോഡിനു നടുവിൽ അടിപ്പാത ഉയരുന്നതേയുള്ളൂ. മല പോലെ കൂട്ടിയ മണ്ണിനു നടുവിൽ നിശ്ചലമായി കിടക്കുന്ന മണ്ണുമാന്തി യന്ത്രങ്ങൾ. ബ്ലോക്ക് കടന്നുകിട്ടിയത് 4.23ന്. ഏതാണ്ട് 6 കിലോമീറ്റർ പിന്നിടാൻ വേണ്ടിവന്നത് ഒന്നേകാൽ മണിക്കൂറോളം!
4.33: പേരാമ്പ്ര
തുടർച്ചയായ കുരുക്കിൽനിന്നു ശ്വാസംകിട്ടിയ വെപ്രാളത്തിൽ ചാലക്കുടി മേൽപാലത്തിലൂടെ വാഹനങ്ങൾ തൃശൂർ ലക്ഷ്യമാക്കി പായുന്നു. ആശ്വാസത്തിനു 10 മിനിറ്റ് ദൈർഘ്യമേ ഉള്ളൂവെന്നു തിരിച്ചറിയാൻ പേരാമ്പ്ര വരെ എത്തിയാൽ മതി. മൂന്നാം അടിപ്പാത നിർമാണം ഇവിടെയാണ്. താരതമ്യേന ഉത്സാഹത്തോടെ പണിനടക്കുന്ന കാഴ്ച കാണാം. ‘സ്ലോ മൂവിങ് ട്രാഫിക്’ ആയതിനാൽ കുരുങ്ങിക്കിടക്കേണ്ടിവന്നില്ല. ഏതാണ്ട് 7 മിനിറ്റിനുള്ളിൽ പേരാമ്പ്ര പിന്നിടുന്നു.
4.58: ആമ്പല്ലൂർ
പുതുക്കാട് സിഗ്നൽ ജംക്ഷനിൽ വലിയ ബ്ലോക്ക് പ്രതീക്ഷിച്ചെങ്കിലും മറുവശത്തായിരുന്നു കുരുക്ക്. സിഗ്നൽ കടന്നു മുന്നോട്ടു നീങ്ങിയ കാർ പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലെ ആളെക്കൊല്ലി വളവിലെത്തിയതും ആമ്പല്ലൂർ അടിപ്പാത നിർമാണസ്ഥലത്തെ ബ്ലോക്കിനു തുടക്കമായി. എറണാകുളം ദിശയിലേക്കും കനത്ത കുരുക്കിൽ വാഹനനിര ടോൾപ്ലാസ വരെ നീണ്ടുകിടക്കുന്നതു കാണാം. അടിപ്പാത അശാസ്ത്രീയമായി നിർമിക്കുന്നുവെന്നു പഴികേൾക്കുകയും പണിതും പൊളിച്ചും വീണ്ടും പണിതുമൊക്കെ മുന്നോട്ടു നീങ്ങുകയും ചെയ്യുന്ന അടിപ്പാതയ്ക്കരികിലൂടെ കുരുക്ക് പിന്നിടാൻ 10 മിനിറ്റോളമെടുത്തു. മറുവശത്തെ കുരുക്ക് നിശ്ചലമായി തുടരുകയും ചെയ്യുന്നു.
5.25: മുടിക്കോട്
ഏതാനും മിനിറ്റുകൾ കാത്തുകിടന്നു ടോൾ പ്ലാസയിൽ 90 രൂപ മുടക്കിയ ശേഷം കാർ വീണ്ടും മുന്നോട്ട്. ഇതിനകം 29 കിലോമീറ്റർ പിന്നിടാൻ രണ്ടേകാൽ മണിക്കൂർ വേണ്ടിവന്ന പാതയിലൂടെ സഞ്ചരിക്കാനാണിതെന്നോർക്കണം. 5.25നു മണ്ണുത്തിക്കപ്പുറം മുടിക്കോടെത്തുമ്പോൾ ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്തിൽ കുരുക്ക് കാണാം. അടിപ്പാത നിർമാണ സ്ഥലത്തിനരികിൽ 2 വരിയായി നീങ്ങിയ സർവീസ് റോഡ് ഒരു വരിയായി ചുരുങ്ങിയപ്പോൾ ഗതാഗതം കുപ്പിക്കഴുത്തിൽപ്പെട്ടതു പോലെ. 28 മിനിറ്റ് നീണ്ട കുരുക്കു കടന്നു വീണ്ടും ദേശീയപാതയിലേക്ക്.
5.55: കല്ലിടുക്ക്
ഗതാഗതം വഴിതിരിച്ചുവിട്ട ഭാഗത്തു റിബ്ബൺ കെട്ടി ക്രമീകരണം ഒരുക്കിയിരുന്നതിനാൽ വാഹനങ്ങൾ ക്ഷമയോടെ ഒറ്റവരിയായി കടന്നുപോകുന്നു. റോഡിനു നടുവിൽ മതിൽ കെട്ടിയതുപോലെ അടിപ്പാതയുടെ ‘ബോക്സ്’ കാണാം. മറുവശത്തെ കുരുക്കിൽ ആംബുലൻസ് പെട്ടുകിടക്കുന്നതു നിസ്സഹായതോടെ കണ്ടുകൊണ്ടു ജനം മെല്ലെ മുന്നോട്ട്. ഏതാണ്ട് 10 മിനിറ്റ് മാത്രം കുരുക്ക്.
6.15: വാണിയമ്പാറ
ഒരുകാലത്തു യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന കുതിരാൻ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ തുരങ്കത്തിലൂടെ കടന്നെങ്കിലും ആശ്വസിക്കാൻ നേരമായിരുന്നില്ല. ഏഴാം അടിപ്പാതയുടെ നിർമാണം നടക്കുന്ന വാണിയമ്പാറ കൂടി പിന്നിട്ടാലേ ജില്ലയിലെ ദേശീയപാതകത്തിൽ നിന്നു രക്ഷപ്പെടാൻ കഴിയൂ. ഒറ്റവരിയായി നീങ്ങുന്ന കുരുക്കിൽ ഇടയ്ക്കു കയറി അധികക്കുരുക്കുണ്ടാക്കാൻ ശ്രമിക്കുന്ന ചില മര്യാദരഹിതരെ മറ്റുള്ളവർ രോഷത്തോടെ നോക്കുന്നു. കുരുക്കു പിന്നിട്ടു വാണിയമ്പാറ കടക്കുമ്പോൾ സമയം 6.20! ഇതേ യാത്ര രാവിലെ 9 മണിക്കോ വൈകിട്ട് 6 മണിക്കോ ആരംഭിച്ചിരുന്നെങ്കിൽ യാത്രാ സമയം എത്രയാകുമെന്നതു ഭാഗ്യം പോലിരിക്കും.