
ചാലക്കുടി∙ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് 50 ൽ അധികം ഫയലുകൾ കെട്ടിക്കിടക്കുന്നതറിഞ്ഞു വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർക്കും സെക്ഷൻ ക്ലാർക്കിനും വിദ്യാഭ്യാസ മന്ത്രിയുടെ ശാസന. ഇന്നലെ നിയോജക മണ്ഡലത്തിലെ 3 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിന് പുറപ്പെടും മുൻപേ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ മന്ത്രി വി.ശിവൻകുട്ടി,സനീഷ്കുമാർ ജോസഫ് എംഎൽഎയ്ക്കൊപ്പം മിന്നൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ഫയൽ കെട്ടിക്കിടക്കുന്ന കാര്യം തിരക്കിയത്.
ഫയലുകളിൽ രണ്ടാഴ്ചയ്ക്കകം തീർപ്പുണ്ടാക്കണമെന്നു കർശന നിർദേശം നൽകിയാണു മന്ത്രി മടങ്ങിയത്.
തൃശൂർ ഡിഡി പി.എം.ബാലകൃഷ്ണൻ, ഇരിങ്ങാലക്കുട ഡിഇഒ ടി.ഷൈല എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഓഫിസിലെത്തിയ മന്ത്രിയെ എഇഒ പി.ബി.നിഷ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.
തുടർന്നായിരുന്നു എത്ര ഫയലുകളാണു തീർപ്പാക്കാനുള്ളതെന്നു മന്ത്രി തിരക്കിയത്. ജൂൺ മുതലുള്ള ഫയലുകളാണു തീർപ്പു തേടി ഉള്ളതെന്നു മനസ്സിലാക്കിയ മന്ത്രി അതിന്റെ കാരണം തിരക്കി.
50 ലധികം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തെ ഇത്ര ലാഘവത്തോടെ കാണരുതെന്നും മന്ത്രി പറഞ്ഞു. ഫയലുകൾ തീർപ്പാക്കുന്ന കാര്യം ഉറപ്പു വരുത്തണമെന്നും ഡിഡിയോടും ഡിഇഒയോടും നിർദേശിച്ചു.
പൊതുജനങ്ങൾക്കു ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടപ്പാക്കണമെന്നു കർശന നിർദേശം നൽകിയ മന്ത്രി ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്നു താക്കീതു നൽകുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളും സുത്യാര്യവും വേഗത്തിലുമായിരിക്കണമെന്നും അതിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും മന്ത്രി ഓർമപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]