ഗുരുവായൂരിലെ ആദ്യത്തെ സിനിമ തിയറ്റർ ക്ഷേത്രത്തിൽനിന്ന് 100 മീറ്റർ മാത്രം അകലെ പടിഞ്ഞാറേനടയിലാണ് ആരംഭിച്ചത്. 1948ൽ.
പേര് ശ്രീകൃഷ്ണ എന്നാണെങ്കിലും സിനിമാപ്രേമികൾക്ക് കൃഷ്ണ തിയറ്റർ എന്നു വിളിക്കാനായിരുന്നു താൽപര്യം. ക്ഷേത്രനഗരിയിൽ ആദ്യത്തെ സ്വകാര്യ ലോഡ്ജും വിജയകരമായ ബസ് സർവീസും നടപ്പാക്കിയ പി.ആർ.നമ്പ്യാർ തന്നെയാണ് ഗുരുവായൂരിൽ ആദ്യ തിയറ്റർ നിർമിച്ചതും.പടിഞ്ഞാറേനടയിൽ മാധവി ലോഡ്ജ് നിർമിച്ചതിനൊപ്പം ലോഡ്ജിന്റെ നടുമുറ്റം പോലുള്ള സ്ഥലത്ത് ശ്രീകൃഷ്ണ തിയറ്റർ ഉയർന്നു.
പരിസര പ്രദേശങ്ങളിലെല്ലാം ഓലമേഞ്ഞ സിനിമ കൊട്ടകകൾ മാത്രം ഉണ്ടായിരുന്ന കാലത്താണ് ക്ലാസ് തിയറ്ററായി ശ്രീകൃഷ്ണ തിളങ്ങിയത്.പി.ആർ.നമ്പ്യാരുടെ അതിവേഗമുള്ള വളർച്ചയിൽ ധാരാളം അസൂയാലുക്കൾ ഉണ്ടായിരുന്നു. ക്ഷേത്രത്തിനു തൊട്ടടുത്ത് തിയറ്റർ വന്നാൽ ക്ഷേത്രത്തിന്റെ ആധ്യാത്മിക അന്തരീക്ഷത്തിന് കോട്ടം തട്ടുമെന്നുകാട്ടി ചിലർ മദിരാശി സർക്കാരിന് പരാതി നൽകി (കേരളപ്പിറവിക്കു മുൻപ് ഗുരുവായൂർ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു).
മലയാളിയായ കോഴിപ്പുറത്ത് മാധവമേനോൻ അന്ന് മദിരാശി മന്ത്രിസഭയിൽ അംഗമാണ്.
പി.ആർ.നമ്പ്യാർ മാധവമേനോനെക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. തിയറ്ററിന്റെ ഉദ്ഘാടനം മാധവ മേനോനെക്കൊണ്ട് നിർവഹിപ്പിച്ച് വിവാദത്തിന്റെ തിരികെടുത്തി.
ഉദ്ഘാടന ദിവസം ഉത്സവ സമാനമായ അലങ്കാരവും വാദ്യഘോഷങ്ങളും കരിമരുന്നു പ്രയോഗവും ചായ സൽക്കാരവും ഉണ്ടായിരുന്നു. മലയാള സിനിമകളുടെ പരസ്യങ്ങളിൽ ഗുരുവായൂർ ശ്രീകൃഷ്ണ എന്ന പേര് നിറഞ്ഞുനിന്നു.
കാലക്രമത്തിൽ ആധുനിക തിയറ്ററുകൾ പല ഭാഗത്തും വന്നു. കൃഷ്ണ തിയറ്ററിൽ തമിഴ് സിനിമകളായി കൂടുതലും. 2012 മാർച്ച് 5ന് അവസാന പ്രദർശനം നടത്തി ശ്രീകൃഷ്ണ തിയറ്ററിന് കർട്ടനിട്ടു. പി.ആർ.നമ്പ്യാർ തുടങ്ങിവച്ച കിഴക്കേനടയിലെ ബാലകൃഷ്ണ തിയറ്ററിന്റെ നിർമാണം പൂർത്തിയാക്കിയത് മകൻ ബാലകൃഷ്ണൻ നായരാണ്.
1966 മാർച്ച് 31ന് ഉദ്ഘാടനം ചെയ്തു. മികച്ച കെട്ടിടവും ബാൽക്കണിയും പ്രത്യേകതയായിരുന്നു.തിയറ്ററിന്റെ ചുമരിൽ അന്നത്തെ മോഡേൺ ആർട്ട് ആയി സ്ഥാപിച്ച അച്ഛനും അമ്മയും കുട്ടിയുമടങ്ങുന്ന കുടുംബശിൽപം ശ്രദ്ധേയമായിരുന്നു.
2018 ഏപ്രിൽ 30ന് ബാലകൃഷ്ണ തിയറ്ററും അടച്ചു. ബാലകൃഷ്ണൻ നായർ ആരംഭിച്ച ജയശ്രീ തിയറ്റർ പ്രവർത്തിക്കുന്നുണ്ട്.
അപ്പാസ്, ദേവകി എന്നിവയാണ് ഇപ്പോൾ ഗുരുവായൂരിലെ മറ്റു സിനിമാശാലകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]