
കസെറ്റ് കടയിൽ വച്ചു മുഖത്തു വെടിയേറ്റു; നിമിഷങ്ങൾക്കകം മരണം: കാൽ നൂറ്റാണ്ടായിട്ടും ദുരൂഹത ഒഴിയാതെ തോമസിന്റെ മരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കാഞ്ചേരി ∙ അകമല നെയ്യൻ വീട്ടിൽ തോമസ് ചെറുതുരുത്തി ചുങ്കത്തുള്ള കസെറ്റ് കടയിൽ വെടിയേറ്റു മരിച്ചിട്ട് ഇന്നു കാൽ നൂറ്റാണ്ടാകുമ്പോഴും തോമസിന്റെ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ലെന്ന ആക്ഷേപവുമായി കുടുംബവും നാട്ടുകാരും. 2000 ഏപ്രിൽ 25നു വൈകിട്ട് 8നാണു കസെറ്റ് കടയിൽ വച്ചു തോമസിനു മുഖത്തു വെടിയേറ്റതും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നിമിഷങ്ങൾക്കകം മരണം സംഭവിച്ചതും.
സ്പെഷൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് കമൻഡാന്റും ചെറുതുരുത്തി സ്വദേശിയുമായ പൊലീസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ സെക്യൂരിറ്റി ഗാർഡ് റൊണാൾഡ് ബി.ഫെർണാണ്ടസിന്റെ കൈവശമിരുന്ന സർവീസ് തോക്കിൽ നിന്നുള്ള വെടിയുണ്ടയാണു തോമസിന്റെ ജീവനെടുത്തത്. ഗൾഫിൽ ജോലി ചെയ്തിരുന്ന തോമസ് സഹോദരൻ ആന്റോയ്ക്കു വേണ്ടിയാണു ചെറുതുരുത്തിയിൽ കസെറ്റ് കട തുടങ്ങിയത്. കട തുറന്ന് 20 ദിവസം മാത്രം പിന്നിട്ടപ്പോഴായിരുന്നു മരണം. വെടിയേൽക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. തോമസിനു വെടിയേറ്റ ഉടനെ റൊണാൾഡ് കടയിൽ നിന്നു പുറത്തേക്ക് ഓടിയിറങ്ങിയെങ്കിലും റൊണാൾഡും വെടിയേറ്റു വീണു.
കടയിൽ വച്ചു കൗതുകത്തോടെ തോക്കു പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ തോക്കു പൊട്ടി തോമസിനു വെടിയേറ്റുവെന്നും പരിഭ്രമത്തിൽ റൊണാൾഡ് സ്വയം വെടിവച്ചുവെന്നുമാണു കേസ് അന്വേഷിച്ച പൊലീസിന്റെ കണ്ടെത്തൽ. റൊണാൾഡ് പിന്നീടു രക്ഷപ്പെട്ടു. സംഭവം നടന്ന ഉടനെ എസ്പി രാധാകൃഷ്ണൻ കടയിലെത്തി തോക്കു കൈവശപ്പെടുത്തുകയും പരുക്കേറ്റു കിടന്ന റൊണാൾഡിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തതു നാട്ടുകാരിലും വീട്ടുകാരിലും സംശയം ജനിപ്പിച്ചു. തോമസ് ആത്മഹത്യ ചെയ്തതാണെന്ന അന്തിമ നിഗമനത്തിലും പിന്നീടു പൊലീസ് എത്തി. പൊലീസ് സമർപ്പിച്ച കുറ്റപത്രം പലതവണ വടക്കാഞ്ചേരി മജിസ്ട്രേട്ട് കോടതി സ്വീകരിക്കാതെ തിരിച്ചേൽപ്പിച്ചിരുന്നു.
തോമസിന്റെ മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും ആദ്യമൊക്കെ രംഗത്തു വന്നെങ്കിലും പിന്നീട് ഓരോ പാർട്ടികളായി പിൻവലിഞ്ഞു. ഒടുവിൽ ശ്രീധരൻ തേറമ്പിലിന്റെ നേതൃത്വത്തിൽ പൗരസമിതി മാത്രമായി. കേസ് വിചാരണ കോടതിയിൽ പരാജയപ്പെടുകയും റൊണാൾഡ് മോചിതനാകുകയും ചെയ്തു. സിബിഐ അന്വേഷണത്തിന്റെ റിപ്പോർട്ട് പോലും തങ്ങൾ കണ്ടിട്ടില്ലെന്നു തോമസിന്റെ വീട്ടുകാരും പൗരസമിതി ചെയർമാൻ ശ്രീധരൻ തേറമ്പിലും കുറ്റപ്പെടുത്തി. തോമസിന്റെ മരണത്തിന്റെ യഥാർഥ കാരണം പുറത്തുകൊണ്ടുവരാൻ പുനരന്വേഷണം നടത്തണമെന്ന് ശ്രീധരൻ തേറമ്പിലും തോമസിന്റെ സഹോദരൻ എൻ.എ.ആന്റോയും ആവശ്യപ്പെട്ടു.