
കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് 2 പ്രതികൾ കടന്നുകളഞ്ഞു; ഒരാൾ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കാഞ്ചേരി ∙ മോഷണം, കവർച്ച, മാല പൊട്ടിക്കൽ, അടിപിടി തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതികളായ 2 പേർ ഇന്നലെ രാവിലെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽനിന്നു പൊലീസിനെ വെട്ടിച്ചു കടന്നു. ഏറെ തിരച്ചിലിനൊടുവിൽ ഒരു പ്രതിയെ രാത്രി കുമരനെല്ലൂർ ഒന്നാംകല്ല് പരിസരത്തുനിന്നു പിടികൂടി. ആലപ്പുഴ എടത്വ ചങ്ങംകരി വൈപ്പിനിശേരി ലക്ഷംവീട്ടിൽ വിനീത് (25), കൊല്ലം പരവൂർ കോട്ടപ്പുറം ആറ്റുപുറം വീട്ടിൽ രാഹുൽരാജ് (43) എന്നിവരാണു കടന്നുകളഞ്ഞത്.
രാഹുൽരാജിനെയാണു പിടികൂടിയത്.ബൈക്ക് മോഷണക്കേസിൽ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത് ആലപ്പുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയവെ തൃശൂർ അകമലയിലെ ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി പൊലീസിനു കസ്റ്റഡിയിൽ നൽകാനായാണു പ്രതികളെ പൊലീസ് കാവലിൽ ട്രെയിനിൽ കൊണ്ടുവന്നത്. പത്തരയോടെ വേണാട് എക്സ്പ്രസിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതികൾ പെട്ടെന്ന് എതിർ വാതിലിലൂടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ട്രാക്കിലേക്കു ചാടി ഓടുകയായിരുന്നു.
ആലപ്പുഴ, രാമങ്കരി, നെടുമുടി, കൊല്ലം, ചെങ്ങന്നൂർ, എറണാകുളം, മലപ്പുറം, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലെ അറുപതോളം കേസുകളിലെ പ്രതിയാണ് വിനീത്. ഷൊർണൂരിൽനിന്നു മോഷ്ടിച്ച ബൈക്കുമായി അമ്പലപ്പുഴയിൽ പൊലീസ് പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് അകമലയിലെ ബൈക്ക് മോഷണത്തിലെ പ്രതികളും ഇവരാണെന്നു തെളിഞ്ഞത്. ഏതാനും കേസുകളിൽ കോടതി ശിക്ഷിച്ച് കഴിഞ്ഞവർഷം ജയിലിൽനിന്ന് ഇറങ്ങിയയാളാണു രാഹുൽരാജ്.