തൃശൂർ ∙ ഇരുട്ടും വെളിച്ചവും മാറി മാറി അഴകു സമ്മാനിക്കുന്ന വിവിധ വേദികളിലായി കേരള രാജ്യാന്തര നാടകോത്സവത്തിനു (ഇറ്റ്ഫോക്) തുടക്കമായി. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ 16–ാം പതിപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.
വിവിധ രാജ്യങ്ങളിലെ കലയും ജീവിതവും സംസ്കാരവും അടുത്തറിയാനുള്ള ഇടമായും രാജ്യങ്ങളുമായി കൂടുതൽ ദൃഢമായ സൗഹൃദം രൂപപ്പെടുത്തുന്നതിനുള്ള വേദിയായും ഇറ്റ്ഫോക് മാറിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
നാടകോത്സവത്തിലെ ‘നിശ്ശബ്ദതയിലെ ശബ്ദങ്ങൾ’ എന്നത് ആശയം മാത്രമായി അവസാനിക്കില്ലെന്നും നിശ്ശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദങ്ങൾക്ക് നവീനമായ ആഖ്യാനം കലയിലൂടെയാണു സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘‘ലോകമെമ്പാടും വംശീയതയും യുദ്ധങ്ങളും മനുഷ്യജീവിതങ്ങൾ ദുസ്സഹമാക്കുമ്പോഴാണ് കേരളത്തിൽ ഇവയെല്ലാം പ്രതിഫലിപ്പിക്കുന്ന നാടകമേള അരങ്ങേറുന്നത്. നിശ്ശബ്ദമാക്കപ്പെട്ടവരുടെ നിലവിളികളാണ് കലയിലൂടെ ഉയരുന്നത്’’– മന്ത്രി പറഞ്ഞു.
നവീകരിച്ച റീജനൽ തിയറ്ററിന്റെ സമർപ്പണവും അദ്ദേഹം നിർവഹിച്ചു. സംഗീത നാടക അക്കാദമി ചെയർപഴ്സൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കരിവെള്ളൂർ മുരളി, ചലച്ചിത്ര സംവിധായകൻ ആനന്ദ് പട്വർധൻ, നാടക പ്രവർത്തകരായ ദക്ഷിൺ ചാര (ഗുജറാത്ത്), മായ തൻബെർഗ് (ശ്രീലങ്ക), മേയർ നിജി ജസ്റ്റിൻ, പി.ബാലചന്ദ്രൻ എംഎൽഎ, സബ് കലക്ടർ അഖിൽ വി.മേനോൻ, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ലളിതകലാ അക്കാദമി ചെയർപഴ്സൻ മുരളി ചീരോത്ത്, സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗങ്ങളായ ടി.ആർ.അജയൻ, ഷഹീർ അലി, ഇറ്റ്ഫോക് ആർട്ടിസ്റ്റിക് ഡയറക്ടർ ഡോ.അഭിലാഷ് പിള്ള എന്നിവർ പ്രസംഗിച്ചു.
9 വിദേശ നാടകങ്ങളും മലയാളമടക്കം 14 ഇന്ത്യൻ നാടകങ്ങളും അരങ്ങിലെത്തുന്ന നാടകോത്സവം ഫെബ്രുവരി ഒന്നിന് സമാപിക്കും.
സംഗീത നാടക അക്കാദമിയിലെ ബ്ലാക്ക് ബോക്സ്, റീജനൽ തിയറ്റർ, മുരളി തിയറ്റർ എന്നിവിടങ്ങളും അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമയുമാണ് നാടക വേദികൾ. അക്കാദമി അങ്കണത്തിൽ എല്ലാ ദിവസവും രാത്രി കലാ–സാംസ്കാരിക പരിപാടികളും പ്രത്യേക ഫോട്ടോ–ചിത്രരചനാ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
രാമനിലയം ക്യാംപസിൽ സിനിമ പ്രദർശനങ്ങളും മീറ്റ് ദ് ആർട്ടിസ്റ്റ് പരിപാടികളും നടക്കും.
ഉദ്ഘാടന നാടകമായി ‘ഫ്രാങ്കൻസ്റ്റൈൻ പ്രോജക്ട്’
തൃശൂർ ∙ അർജന്റീനയിൽ നിന്നുള്ള ‘ഫ്രാങ്കൻസ്റ്റൈൻ പ്രോജക്ട്’ എന്ന സ്പാനിഷ് നാടകം ഇറ്റ്ഫോക്കിന്റെ ഉദ്ഘാടന നാടകമായി അരങ്ങിലെത്തി. അക്കാദമി അങ്കണത്തിലെ ബ്ലാക്ക് ബോക്സിൽ നിറഞ്ഞ സദസ്സിലായിരുന്നു അവതരണം.
വിഖ്യാത എഴുത്തുകാരി മേരി ഷെല്ലിയുടെ ‘ഫ്രാങ്കൻസ്റ്റൈൻ’ നോവലിനെ അടിസ്ഥാനമാക്കി റോമാൻ ലമാസ് സംവിധാനം ചെയ്ത നാടകത്തിന്റെ ഓൺലൈൻ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ വിറ്റു തീർന്നിരുന്നു.
ഇന്നലെ ഓഫ്ലൈൻ ടിക്കറ്റുകൾ വാങ്ങാനും വലിയ തിരക്കായിരുന്നു. അർജന്റീനയിൽ നിന്നുള്ള ലൂസിയാനോ മൻസൂർ എന്ന സംഘമാണ് നാടകം അവതരിപ്പിച്ചത്. നോവലിന്റെ കഥയിലേക്ക് പപ്പറ്റ് തിയറ്ററിന്റെ (പാവകൾ) ഘടകങ്ങൾ കൂട്ടിചേർത്തുള്ള 60 മിനിറ്റ് അവതരണം മികച്ച ദൃശ്യാനുഭവം കൂടിയായി.
ഉദ്ഘാടനത്തിനു ശേഷംഡെൻമാർക്കിൽ നിന്നുള്ള ആസ്റ്റീരിയൻസ് ഹസ് തിയറ്റ്റോ സംഘത്തിന്റെ ‘റോമിയോ ആൻഡ് ജൂലിയറ്റ്’ എന്ന ഇംഗ്ലിഷ് നാടകവും അരങ്ങേറി. ലോകപ്രശസ്ത ക്ലാസിക്കൽ കൃതികൾക്ക് പരീക്ഷണാത്മകമായ അരങ്ങുഭാഷ്യം ഒരുക്കുന്ന ശ്രദ്ധേയ നാടകസംഘമാണിത്.
പലസ്തീൻ സംഘത്തിന് വീസ നിഷേധിച്ച് കേന്ദ്ര സർക്കാർ
തൃശൂർ∙ രാജ്യാന്തര നാടകോത്സവത്തിലെ വിദേശ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ദ് ലാസ്റ്റ് പ്ലേ ഇൻ ഗാസ’ എന്ന നാടകം അരങ്ങിലെത്തിക്കേണ്ട
പലസ്തീൻ സംഘത്തിന് വീസ നിഷേധിച്ച് കേന്ദ്ര സർക്കാർ. സംഘത്തിന് ഇന്നലെ രാത്രി വരെ വീസ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാരിന്റെ ‘പൊളിറ്റിക്കൽ ക്ലിയറൻസ്’ വരെ നേടിയെടുത്തെങ്കിലും വീസയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നും സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
സംഘത്തിന് നാടകോത്സവത്തിന് എത്താൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. പലസ്തീനിൽ നിന്നുള്ള ഇൻഡിപെൻഡന്റ് നാടകസംഘത്തിന്റെ 60 മിനിറ്റുള്ള ഈ അറബിക് നാടകത്തിന്റെ അവതരണം നാളെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നാളെ രാവിലെ 11നും വൈകിട്ടു 4.30നും അക്കാദമിയിലെ റീജനൽ തിയറ്ററിലാണ് നാടകാവതരണം. യുദ്ധക്കെടുതികൾക്ക് മുൻപ് ഗാസയിൽ അവതരിപ്പിച്ച അവസാന നാടകമാണിത്.
ഗാസയിലെ സാംസ്കാരിക ഹത്യയ്ക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് നാടകം അരങ്ങിലെത്തിക്കാൻ ശ്രമിക്കുന്നതെന്നും കഴിഞ്ഞ വർഷവും പലസ്തീൻ അനുകൂല ഇസ്രയേൽ നാടക സംഘത്തിനു വീസ ലഭിക്കാൻ പ്രതിസന്ധി നേരിട്ടിരുന്നെന്നും കരിവെള്ളൂർ മുരളി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

