തൃശൂർ∙ തർക്കങ്ങൾക്കൊടുവിൽ കോർപറേഷൻ മേയർ സ്ഥാനം മൂന്നായി വീതിക്കാൻ കോൺഗ്രസ് തീരുമാനം. ആദ്യ ടേമിൽ ഡിസിസി വൈസ് പ്രസിഡന്റ് ഡോ.നിജി ജസ്റ്റിൻ മേയറാകുമെന്നാണ് സൂചന.
രണ്ടാം ടേമിൽ സുബി ബാബുവും അവസാന ടേമിൽ ലാലി ജയിംസും മേയറാകും. മേയർ തിരഞ്ഞെടുപ്പിനെച്ചൊല്ലി വലിയ തർക്കമുണ്ടായ കൊച്ചി കോർപറേഷനിൽ പോലും മേയർ സ്ഥാനം രണ്ടുപേർക്കായി വീതിച്ചപ്പോൾ തൃശൂരിൽ മൂന്നാക്കുകയല്ലാതെ മറ്റുവഴിയില്ലാത്ത അവസ്ഥയാണ് കോൺഗ്രസിൽ.
ഓരോരുത്തർക്കും എത്ര വർഷം എന്നതിലൊന്നും തീരുമാനമായിട്ടില്ല. ഫലത്തിൽ നാളെ മേയർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്രിസ്മസ് ദിനമായ ഇന്നും ചർച്ച തുടരേണ്ട
ഗതികേടിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം.
മൂന്നുപേർക്കായും വിട്ടുവീഴ്ചയില്ലാതെ ഓരോ വിഭാഗം നിലയുറപ്പിച്ചതാണ് അനിശ്ചിതത്വം നീളാൻ കാരണം. ആദ്യ ടേമിൽ നിജി ജസ്റ്റിൻ മേയറാകുമെന്ന തീരുമാനം ഇന്നലെ രാവിലെ കെപിസിസി തലത്തിൽനിന്ന് വന്നെങ്കിലും ഉച്ചയോടെ ചിത്രം മാറിമറിഞ്ഞു.
ലാലി ജയിംസിനെ അനുകൂലിച്ച് ഏതാനും കൗൺസിലർമാർ രംഗത്തുവന്നതാണ് ഭിന്നത ഉടലെടുക്കാൻ കാരണമായത്. കൊച്ചിയിലേതിനു സമാനമായി പാർലമെന്ററി പാർട്ടിയിൽ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഇവർ മുന്നോട്ടുവച്ചു.
എന്നാൽ, രഹസ്യ ബാലറ്റ് നൽകി വോട്ടെടുപ്പ് നടത്തുന്ന രീതി ഇത്തവണ കോൺഗ്രസ് ഒരിടത്തും നടപ്പാക്കിയിട്ടില്ല.
ജില്ലാ നേതൃത്വം കൗൺസിലർമാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം ചോദിക്കുകയാണ് ചെയ്യുന്നത്.
ഒരാൾക്കുമാത്രമായി ഭൂരിപക്ഷം കൗൺസിലർമാർ വാദിക്കുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. നേതൃത്വം തീരുമാനിക്കുന്നവരെ അംഗീകരിക്കുമെന്നായിരുന്നു പലരുടെയും നിലപാട്.
ചിലരെ ഒരുകാരണവശാലും മേയറാക്കരുതെന്ന അഭിപ്രായം പറഞ്ഞവർ പോലുമുണ്ട്. ആദ്യ ടേമിൽ ആര് മേയറാകും എന്നതാണ് തർക്കം ഇതുവരെ നീളുന്നതിൽ കലാശിച്ചത്.
മേയർ ആരെന്നതിൽ ജില്ലയിൽ തീരുമാനമാകാതെ വന്നതോടെയാണ് വിഷയം കെപിസിസിക്ക് വിട്ടത്. എന്നാൽ, കെപിസിസി തീരുമാനം വന്നിട്ടും തർക്കം തുടർന്നതോടെ ജില്ലയിൽ വീണ്ടും ചർച്ചകൾ തുടങ്ങുകയായിരുന്നു.
കെപിസിസി സെക്രട്ടറി എ.പ്രസാദായിരിക്കും ആദ്യ ടേമിൽ ഡപ്യൂട്ടി മേയർ. രണ്ടാം ടേമിൽ ബൈജു വർഗീസിനെയും പരിഗണിക്കും.
ഇരിങ്ങാലക്കുടയില് ജാക്സൻ, ഗുരുവായൂരിൽ സുനിത
ഇരിങ്ങാലക്കുട
∙ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡറായി തിരഞ്ഞെടുത്ത എം.പി.ജാക്സൻ നഗരസഭാധ്യക്ഷനാകും. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഏകകണ്ഠമായി ജാക്സനെ തിരഞ്ഞെടുത്തത്.
വൈസ് ചെയർപഴ്സൻ സ്ഥാനം ആദ്യ രണ്ടര വർഷം ചിന്ത ധർമരാജനും തുടർന്ന് സുജ സഞ്ജീവ്കുമാറിനും നൽകും. നിരീക്ഷകരായ കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി, ഡിസിസി സെക്രട്ടറി കെ.കെ.ശോഭനൻ എന്നിവർ യുഡിഎഫ് കൗൺസിലർമാരിൽനിന്ന് അഭിപ്രായം തേടിയിരുന്നു.
ഡപ്യൂട്ടി പാർലമെന്ററി പാർട്ടി ലീഡറായി ചിന്ത ധർമരാജനെയും സെക്രട്ടറിയായി വി.സി.വർഗീസിനെയും ട്രഷററായി ജോസഫ് ചാക്കോയെയും തിരഞ്ഞെടുത്തു. സ്വതന്ത്ര സ്ഥാനാർഥികളായി ജയിച്ച ജോസഫ് ചാക്കോ, വിനിൽ വിജയൻ എന്നിവരെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു.
ഇരുവരും പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തു.
ഗുരുവായൂർ ∙ സിപിഎമ്മിലെ സുനിത അരവിന്ദൻ നഗരസഭാധ്യക്ഷയാകും. കാരയൂർ വാർഡിൽനിന്ന് 272 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സുനിത 2015ൽ ഇതേ വാർഡിലെ കൗൺസിലർ ആയിരുന്നു.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമാണ്. സിപിഎമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ അധ്യക്ഷസ്ഥാനം സിപിഐയുമായി പങ്കുവയ്ക്കില്ല.
എൽഡിഎഫിലെ ധാരണയനുസരിച്ച് ആദ്യ ടേം ഉപാധ്യക്ഷസ്ഥാനം സിപിഐയ്ക്കാണ്. ഇരിങ്ങപ്പുറം സൗത്ത് വാർഡിൽനിന്നു വിജയിച്ച കെ.കെ.ജ്യോതിരാജ് ഉപാധ്യക്ഷനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

