ഇരിങ്ങാലക്കുട∙ റോഡിൽ പൊട്ടിവീണ കേബിളുകൾ നഷ്ടപ്പെടുത്തിയത്, പുതുവർഷത്തിൽ നൈജോ കാത്തിരുന്ന മാരത്തൺ ആഗ്രഹങ്ങളാണ്. കഴിഞ്ഞ ദിവസം രാത്രി പൊറത്തിശേരിയിലെ വീട്ടിൽനിന്ന് മാപ്രാണത്തേക്കുള്ള യാത്രയ്ക്കിടെയാണ് കേബിളുകൾ ബൈക്കിൽ കുടുങ്ങി നൈജോ (40) ബൈക്ക് ഉൾപ്പെടെ കാനയിലേക്ക് തെറിച്ചു വീണത്. കാലുകൾക്ക് ഗുരുതര പരുക്കേറ്റ നൈജോയെ നാട്ടുകാർ ചേർന്നാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
നിർമാണ പ്രവൃത്തികൾക്കായി മാപ്രാണത്ത് സംസ്ഥാനപാത ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതിനാൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നത് പൊറത്തിശേരി റോഡിലൂടെയാണ്.
വാഹനങ്ങളുടെ മുകൾഭാഗം തട്ടി കേബിളുകൾ പൊട്ടിയതാകാമെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി റോഡിലെ വെളിച്ചക്കുറവ് മൂലം കേബിളുകൾ കാണാൻ സാധിച്ചില്ലെന്ന് നൈജോ പറയുന്നു.
വലതു കാൽമുട്ടിൽ ആഴത്തിൽ മുറിവേറ്റു.
ഇതിന് താഴെ ഏറ്റ മുറിവിൽ എട്ടോളം തുന്നിക്കെട്ടലുകളുണ്ട്.ഇടത് കാൽമുട്ടിലും തുടയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. കണ്ടംകുളത്തി ജോസിന്റെയും ഓമനയുടെയും മകനാണ്.
ഇരിങ്ങാലക്കുട ജിയോമാർട്ട് സൂപ്പർമാർക്കറ്റിലെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ്.
10 വർഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാരത്തൺ മത്സരങ്ങളിൽ പങ്കെടുക്കുന്ന നൈജോ ജനുവരി മുതലുള്ള സീസണിൽ മത്സരിക്കാനുള്ള പരിശീലനത്തിലായിരുന്നു.സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ ഒക്ടോബറിൽ വയനാട്ടിൽ സംഘടിപ്പിച്ച മാസ്റ്റേഴ്സ് മീറ്റിൽ 800 മീറ്ററിൽ സ്വർണവും 1500 മീറ്റർ മത്സരത്തിൽ വെങ്കലവും നേടിയിരുന്നു.കുടക് വെൽനെസ് ഫൗണ്ടേഷൻ, കൊച്ചി നേവി മാരത്തൺ, മുംബൈ, മംഗളൂരു, ചെന്നൈ മാരത്തണിലും പങ്കെടുത്തിട്ടുണ്ട്. ചികിത്സ എത്രനാൾ നീണ്ടുനിൽക്കുമെന്ന് അറിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

