ചാലക്കുടി ∙ പുഴയിൽ കൂടപ്പുഴ ആറാട്ടുകടവ് തടയണയിലെ ഷട്ടർ സ്ഥാപിക്കാൻ വൈകിയതോടെ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഇതു വലിയ വരൾച്ചയ്ക്കു വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്.
സമീപ പ്രദേശങ്ങളിലെ തോടുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നതിനു പുറമേ ചാലക്കുടി നഗരസഭാ പ്രദേശത്തെയും മേലൂർ പഞ്ചായത്ത് പ്രദേശത്തെയും കിണറുകളിലും ജലനിരപ്പ് താഴ്ന്നു. ഈ സ്ഥിതി തുടർന്നാൽ ദിവസങ്ങൾക്കകം പ്രശ്നം അതീവ ഗുരുതരമാകും.
ഒട്ടേറെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനവും ഇതു കാരണം അവതാളത്തിലാകും.
ആറങ്ങാലിക്കടവിലെ സെൻട്രൽ വാട്ടർ കമ്മിഷന്റെ കണക്കെടുപ്പ് പ്രകാരം ഇന്നലെ സന്ധ്യയ്ക്ക് 8 മണിയോടെ 1.29 മീറ്റർ മാത്രമാണു പുഴയിലെ ജലനിരപ്പ്. 4 ദിവസം മുൻപു 0.99 മീറ്ററായിരുന്നു ഇത്.
ഈ മാസം ജലനിരപ്പ് 1.5 മീറ്ററിൽ കൂടുതൽ ഒരിക്കൽ പോലും ഉയർന്നിട്ടില്ല. 2018ലെ പ്രളയ സമയത്ത് ഓഗസ്റ്റ് 16നു 10.58 മീറ്ററായിരുന്നു പുഴയിലെ ജലനിരപ്പ്.
അന്നു വെട്ടുകടവ് പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകിയിരുന്നു.
നിലവിൽ പുഴയിൽ ജലത്തിന് ഒഴുക്കില്ലെന്നുഅധികൃതർ അറിയിച്ചു. ഏതാനും ദിവസമായി ചെറിയ മഴ ലഭിക്കുന്നുണ്ടെങ്കിലും പുഴയിലെ നീരൊഴുക്കു കുറയുകയാണ്.
ഡാമുകളിലെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതും പുഴയിലെ ജലനിരപ്പു താഴാൻ കാരണമായി. ജലസേചനത്തിനു പുഴയിൽ ജലനിരപ്പ് ഉയർന്നിരിക്കേണ്ടത് അനിവാര്യമാണ്. വരും ദിവസങ്ങളിൽ ജലനിരപ്പ് കൂടുതൽ താഴ്ന്നേക്കുമെന്നാണു സൂചന.
ചാലക്കുടിപ്പുഴയിലെ തുമ്പൂർമുഴി റിവർ ഡൈവേർഷൻ സ്കീമിൽ നിന്ന് ഇടതുകര, വലതുകര കനാലുകൾ വഴി ജലവിതരണം ഇതുവരെ കാര്യമായി ആരംഭിച്ചിട്ടില്ല.
വേനൽ ശക്തമാകുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം ഫെബ്രുവരി ഒന്നിനും സെപ്റ്റംബർ ഒന്നിനും കേരള ഷോളയാർ ഡാം നിറയാവുന്ന വിധത്തിൽ തമിഴ്നാട് വെള്ളം വിട്ടു നൽകണം.
എന്നാൽ സെപ്റ്റംബറിൽ തമിഴ്നാട് ജലം നൽകിയിട്ടില്ല.
ജനരോഷം ശക്തം
ചാലക്കുടി ∙ പുഴയിലെ കൂടപ്പുഴ തടയണയിൽ ഇനിയും ഷട്ടറുകൾ സ്ഥാപിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ് . നഗരസഭയെയും മേലൂർ പഞ്ചായത്തിനെയും ബന്ധിച്ചാണു തടയണ നിർമിച്ചിട്ടുള്ളത്.
വെള്ളം മുഴുവൻ ഒഴുകിപ്പാഴായ ശേഷം ഷട്ടർ സ്ഥാപിച്ചാലും അതിന്റെ പ്രയോജനം ലഭിക്കില്ലെന്നാണു ജനം പറയുന്നത്. മഴ മാറിയാലുടൻ എല്ലാ വർഷവും താൽക്കാലിക ഷട്ടർ സ്ഥാപിക്കാറുള്ളതാണ്.
ജലനിരപ്പ് ഇത്രയേറെ താഴ്ന്നിട്ടും ഷട്ടർ സ്ഥാപിക്കാൻ ഇറിഗേഷൻ വകുപ്പ് തയാറാകുന്നില്ലെന്നതിൽ പ്രതിഷേധവും ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

