മാള ∙ വലിയപറമ്പിൽ ആഭരണ നിർമാണ സ്ഥാപനത്തിന്റെ പൂട്ടു തകർത്ത് അകത്തുകയറി സ്വർണവും വെള്ളിയും മോഷ്ടിച്ച കേസിൽ ബംഗാൾ മുർഷിദാബാദ് സ്വദേശി ജിബു സർക്കാർ (27) പിടിയിൽ. മാള പൊലീസ്, ഫൊറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, സൈബർ സെൽ എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതി പിടിയിലായത്.
അന്നമനട ആലത്തൂർ സ്വദേശി പഷ്ണത്ത് വീട്ടിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള നവരത്നം ജ്വല്ലറി വർക്സിൽ ഇക്കഴിഞ്ഞ 22നു പുലർച്ചെയാണ് മോഷണം നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 1.58 ലക്ഷം രൂപ വിലവരുന്ന 13 ഗ്രാം സ്വർണാഭരണവും മേശയിൽ സൂക്ഷിച്ചിരുന്ന ഇരുപത്തൊന്നായിരം രൂപ വിലവരുന്ന 100 ഗ്രാം വെള്ളി ആഭരണവുമാണ് ജിബു മോഷ്ടിച്ചത്.
ഇയാളെ പിടികൂടാനായി എസ്പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംഭവ ദിവസം സൈക്കിളിൽ ജ്വല്ലറിക്കു സമീപം എത്തിയ ജിബു സർക്കാർ സമീപത്തിരുന്ന ഫ്ലെക്സ് ബോർഡ് സിസിടിവി ക്യാമറയ്ക്കു മുൻപിൽ സ്ഥാപിച്ച് കാഴ്ചമറച്ച ശേഷമാണ് പൂട്ടു തകർത്ത് അകത്തുകയറിയത്.
ഇതിനിടെ സിസിടിവി ക്യാമറയിൽ നിന്നുള്ള സന്ദേശം കടയുടമയ്ക്കു ലഭിച്ചു. ഇതു മനസ്സിലാക്കിയ പ്രതി സ്വർണവും വെള്ളിയുമായി കടന്നുകളയുകയായിരുന്നു.
മറ്റൊരു സിസിടിവി ക്യാമറയിൽനിന്ന് പ്രതിയുടെ ചിത്രം പൊലീസിനു ലഭിച്ചിരുന്നു.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. മോഷ്ടിച്ച ആഭരണങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഡിവൈഎസ്പി സി.എൽ.ഷാജു, എസ്എച്ച്ഒ വി.സജിൻ ശശി, എസ്ഐ പി.എം.റഷീദ്, എഎസ്ഐമാരായ രാജീവ് നമ്പീശൻ, നജീബ് ബാവ, ഇ.എസ്.സജീവൻ, സീനിയർ സിപിഒ ടി.എസ്.ശ്യാം, സിപിഒമാരായ കെ.എസ്.ഉമേഷ്, ഇ.ബി.സിജോയ്, ഹരികൃഷ്ണൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

