ഇരിങ്ങാലക്കുട∙ ഓലമേഞ്ഞ് ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയ വീട്ടിൽ കഴിയുന്ന വിദ്യാർഥിക്ക് സഹപാഠികളും അധ്യാപകരും ചേർന്ന് വീടൊരുക്കി. വീടിന്റെ താക്കോൽ നാളെ കൈമാറും.
ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസിൽ പഠിക്കുന്ന എടുക്കുളം സ്വദേശിയായ വിദ്യാർഥിക്കാണ് സ്നേഹക്കൂടൊരുക്കിയത്. വിദ്യാർഥികളുടെ പ്രൊഫൈൽ തയാറാക്കാൻ ക്ലാസ് ടീച്ചർ വി.യു.ശ്രുതി വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിലാണ് തന്റെ വീട്ടിൽ കറന്റ് ഇല്ലെന്നും മെഴുകുതിരി വെട്ടത്തിലാണു പഠനം എന്നുമുള്ള സങ്കടം വിദ്യാർഥി പങ്കുവച്ചത്. ക്ലാസ് ടീച്ചർ ഇക്കാര്യം പ്രധാന അധ്യാപകൻ എം.കെ.മുരളിയെ അറിയിച്ചു.
തുടർന്ന് കെഎസ്ഇബിയുമായി ബന്ധപ്പെട്ടു. വീട്ടിലെ സാഹചര്യം നേരിട്ടറിയാൻ എത്തിയപ്പോഴാണ് ‘വീടിന്റെ’ യഥാർഥ അവസ്ഥ മനസ്സിലായത്.
തുടർന്ന് വീടൊരുക്കാൻ തീരുമാനിക്കുകയായിരുന്നു.
വീടെന്നു പറയാൻ പറ്റാത്ത ഒറ്റമുറിയിലായിരുന്നു അമ്മയും മകനും താമസിച്ചിരുന്നത്. അതിന് മുൻപിൽ വീട് വയ്ക്കാൻ പണിത തറയും.
കൂലിപ്പണി ചെയ്താണ് അമ്മ മകനെ പഠിപ്പിക്കുന്നത്. വീട്ടിലെ സാഹചര്യം മനസ്സിലാക്കിയ പ്രിൻസിപ്പൽ വൈദ്യുതി കണക്ഷൻ നൽകുന്ന കാര്യം കെഎസ്ഇബിയെ വീണ്ടും അറിയിച്ചു.
എന്നാൽ ചുമരുകൾ ഇല്ലാത്ത ഓലപ്പുരയിൽ കണക്ഷൻ നൽകുന്നത് സുരക്ഷിതമല്ലെന്ന് കെഎസ്ഇബി അറിയിച്ചതോടെ അധ്യാപകർക്കും സഹപാഠികൾക്കും അത് നോവായി മാറി. അതോടെ വീടൊരുക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചു.
വിദ്യാർഥിയുടെ അമ്മൂമ്മയുടെ പേരിൽ ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചിരുന്നു. എന്നാൽ ഇതിനായി തറ നിർമാണം നടക്കുന്നതിനിടെ അമ്മൂമ്മ മരിച്ചു.
ഇതോടെ പണി മുടങ്ങി. വീട് നിർമാണം ആരംഭിക്കാൻ തീരുമാനിച്ച ഘട്ടത്തിൽ ഇരിങ്ങാലക്കുട
ലേഡി ലയൺസ് ക്ലബ്ബുമായി പ്രിൻസിപ്പൽ ബന്ധപ്പെട്ടു.
3 ലക്ഷം രൂപ ഇവർ നൽകി. വിദ്യാർഥികളും അധ്യാപകരും സമാഹരിച്ച തുകയും പൂർവ വിദ്യാർഥികൾ നൽകിയ തുകയും ചെലവഴിച്ച് ഇതേ തറയിൽ വീട് പണിതുയർത്തി.
വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഇലക്ട്രിക് ജോലികൾ സൗജന്യമായി ചെയ്തുകൊടുത്തു. വീടിന്റെ താക്കോൽ നാളെ വൈകിട്ട് 3ന് മന്ത്രി ആർ.ബിന്ദു കൈമാറും.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി അധ്യക്ഷത വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

