മാടക്കത്തറ ∙ പഞ്ചായത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ് നൽകി കച്ചിത്തോട് ഡാം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ച കച്ചിത്തോട് ചെക്ക് ഡാം 28ന് 9ന് മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
നിലവിലുള്ള ചെക്ക് ഡാമും പരിസരവും നവീകരിച്ചിരിക്കുകയാണ്. തൃശൂർ മൈനർ ഇറിഗേഷൻ കാര്യാലയമാണ് നവീകരണം നടത്തിയത്.
വെള്ളപ്പൊക്ക നിയന്ത്രണ ഡാം എന്ന നിലയിൽ നിർമിച്ച ഡാം കാലപ്പഴക്കം കൊണ്ട് നാശോന്മുഖമായിരുന്നു. സമീപ പ്രദേശങ്ങളിലെ ജലസേചന പദ്ധതികൾക്കു കൂടി പ്രയോജനമായിരുന്ന ഡാമിന്റെ സംഭരണശേഷി കുറയുകയും സമീപഭാഗങ്ങൾ കാടുമൂടി ജലസംഭരണിയിലേക്കു പോകാനാവാത്ത സ്ഥിതിയുമായിരുന്നു.
മന്ത്രി രാജൻ മുൻകയ്യെടുത്ത് സംസ്ഥാന ബജറ്റിൽനിന്ന് 5 കോടി രൂപ അനുവദിപ്പിച്ചു.
റിസർവോയറിന്റെ സംഭരണശേഷി വർധിപ്പിച്ചു. ചുറ്റുമുള്ള മലകളിൽനിന്ന് ഒഴുകിവരുന്ന മഴവെള്ളം സംഭരിച്ചുനിർത്തി കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്നതിനൊപ്പം കച്ചിത്തോട് ഡാമിനെ ടൂറിസം മേഖല കൂടിയാക്കി വികസിപ്പിച്ചെടുത്തിരിക്കുകയാണ്.
ഡാമിന് മുകളിലൂടെയും റിസർവോയറിനു ചുറ്റും ടൈൽ വിരിച്ച് നടപ്പാത നിർമിക്കുകയും ഇരിപ്പിടങ്ങളും നടപ്പാലവും സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളത്തിലേക്ക് ഇറക്കി നിർമിച്ചിട്ടുള്ള പ്ലാറ്റ്ഫോമിൽനിന്ന് കാഴ്ചകൾ ആസ്വദിക്കാം. വെള്ളത്തിലേക്ക് ഇറങ്ങുന്നതിനു പടവുകളും കെട്ടിയിട്ടുണ്ട്.
ശുചിമുറി സമുച്ചയവും കോഫി ഷോപ് കെട്ടിടങ്ങളും തയാറാണ്. തൃശൂരിൽനിന്ന് 15 കിലോമീറ്റർ ദൂരമുണ്ട്.
വാഴാനി – പീച്ചി ഇടനാഴി റോഡ് പൂർത്തിയാകുമ്പോൾ കച്ചിത്തോട് ഡാമും ടൂറിസം രംഗത്ത് ശ്രദ്ധേയമാവുമെന്ന് മന്ത്രി പറഞ്ഞു. മൈനർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സീനാ ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു നവീകരണ പ്രവർത്തനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

