തൃശൂർ ∙ ഭൂട്ടാൻ വാഹനക്കടത്തിൽ കസ്റ്റംസ് അന്വേഷണം മുറുകുമ്പോഴും നികുതി വെട്ടിച്ചു പുതുച്ചേരിയിലും നാഗാലാൻഡിലുമടക്കം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതു വീണ്ടും സജീവമാകുന്നു. നാഗാലാൻഡ് റജിസ്ട്രേഷനുള്ളതു ബസുകൾക്കും ട്രക്കുകൾക്കുമാണെങ്കിൽ നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഓടുന്നതു പുതുച്ചേരി, ഹരിയാന റജിസ്ട്രേഷനുമായാണ്.
ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഒരു മാസത്തിലേറെ കേരളത്തിൽ ഉപയോഗിച്ചാൽ ഇവിടത്തെ നികുതി അടയ്ക്കണമെന്ന നിബന്ധന അയഞ്ഞതാണു കോടികളുടെ നികുതിവരുമാനം നഷ്ടമാകാൻ കാരണം.
20 ലക്ഷത്തിനു മുകളിൽ വിലയുള്ള കാറുകൾക്ക് 22% നികുതി കേരളത്തിൽ അടയ്ക്കണമെന്നതാണു പ്രീമിയം വാഹനങ്ങൾ ഉപയോഗിക്കുന്നവരെ പുതുച്ചേരി റജിസ്ട്രേഷനിലേക്കു വീണ്ടും ആകർഷിക്കുന്നത്. പുതുച്ചേരി കേന്ദ്രീകരിച്ചു വ്യാജ മേൽവിലാസം ചമച്ച് ആഡംബരക്കാറുകൾ റജിസ്റ്റർ ചെയ്തു കൊടുക്കുന്ന ഏജന്റുമാരുടെ സഹായത്തോടെയാണു നികുതി വെട്ടിപ്പു തുടരുന്നത്.
50 ലക്ഷം രൂപ മുതൽ മുകളിലേക്കുള്ള കാറുകൾക്കു വിലയനുസരിച്ചു 10 മുതൽ 35 ലക്ഷം രൂപ വരെ നികുതി വെട്ടിച്ചു കൊടുക്കുമെന്നാണ് ഇത്തരം സംഘങ്ങളുടെ വാഗ്ദാനം. തൃശൂരിലെ ഒരു പാർപ്പിട
സമുച്ചയത്തിൽ മാത്രം ഇത്തരം 20 കാറുകൾ ഉള്ളത് മോട്ടർവാഹന വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നു കാർ വാങ്ങി പുതുച്ചേരിയിലെത്തിച്ചു റജിസ്റ്റർ ചെയ്തതായിരുന്നു ഈ വണ്ടികൾ.
ബസുകളും ട്രക്കുകളും വൻതോതിൽ നാഗാലാൻഡ് റജിസ്ട്രേഷനിലോടുന്നതിനു പിന്നിലും ഇത്തരം വെട്ടിപ്പ് മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
നികുതി കുറവാണെന്നതു മാത്രമല്ല, റജിസ്ട്രേഷൻ നടത്താൻ വാഹനം നേരിട്ടു ഹാജരാക്കേണ്ട എന്നതും നാഗാലാൻഡിനെ ആശ്രയിക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നു.
ഏജന്റുമാർക്ക് ഓൺലൈനായി പണവും രേഖകളും അയച്ചാൽ റജിസ്ട്രേഷൻ നടത്തിക്കൊടുക്കുന്ന സംവിധാനമാണുള്ളത്.
നടപടിക്കുനൂലാമാലകൾ
പുതുച്ചേരി റജിസ്ട്രേഷനുമായി വാഹനങ്ങൾ നികുതി വെട്ടിച്ചോടുന്നുവെന്നു കണ്ടെത്തിയാലും പിഴയടപ്പിക്കാൻ നൂലാമാലകളേറെ. 30 ദിവസത്തിലേറെ സ്ഥിരമായി കേരളത്തിലോടുന്നു എന്നു സ്ഥിരീകരിക്കാനായാലേ പിഴയടപ്പിക്കാൻ കഴിയൂ.
ഇതെങ്ങനെ തെളിയിക്കുമെന്നതാണു പ്രധാന പ്രശ്നം. കേന്ദ്രസർക്കാർ നിയമം അനുസരിച്ചു ഫീ അടച്ച് ഓൾ ഇന്ത്യ പെർമിറ്റ് നേടിയ വാഹനങ്ങൾക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്. കേരളത്തിൽ നിന്നു സംസ്ഥാനാന്തര സർവീസ് നടത്തുന്ന മൾട്ടി ആക്സിൽ ബസുകൾ, ട്രക്കുകൾ തുടങ്ങിയവ നാഗാലാൻഡിനു പുറമേ ഒഡീഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും റജിസ്റ്റർ ചെയ്യുന്നതു പതിവാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]