
ഇരിങ്ങാലക്കുട∙ ഠാണ–ചന്തക്കുന്ന് വികസനത്തിനായി കെട്ടിടങ്ങൾ പൊളിച്ചുനീക്കി ഒരുവർഷം പിന്നിട്ടിട്ടും നിർമാണ പ്രവൃത്തികൾ ഇനിയും ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. നിർമാണപ്രവൃത്തികൾ ആരംഭിക്കാൻ വൈകുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് 10ന് ഠാണാ ജംക്ഷനിൽ പ്രതിഷേധ സംഗമം നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.വി.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യും.
ചെറിയ കടകൾ പലതും അടച്ചുപൂട്ടി. പല സ്ഥാപനങ്ങളിലും വ്യാപാരം 50 ശതമാനത്തിൽ താഴെയായി കുറഞ്ഞെന്നും ചിലത് അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും വ്യാപാരികൾ ആരോപിച്ചു.
നിവേദനം നൽകിയെങ്കിലും സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി നേതാക്കൾ ആരോപിച്ചു. തുടർന്നാണ് സൂചനാസമരം എന്ന നിലയിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.
അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ തുടങ്ങിയവർ അറിയിച്ചു.
നിർമാണം ഒരാഴ്ചയ്ക്കകം: മന്ത്രി
∙ ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായുള്ള നിർമാണം ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്തിട്ടും നിർമാണപ്രവൃത്തികൾ ആരംഭിക്കാൻ താമസം വരുത്തിയത് നഗരസഭയെന്ന് മന്ത്രിയുടെ ആരോപണം.
41.86 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത ഭൂമിയിലെ സ്വകാര്യ വ്യക്തികളുടെയും സർക്കാരിന്റെയും ആരാധനാലയങ്ങളുടെയും അടക്കമുള്ള കെട്ടിടങ്ങൾ മാസങ്ങൾക്ക് മുൻപ് പൊളിച്ചുനീക്കിയെങ്കിലും ഠാണാവിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള രണ്ടു കെട്ടിടങ്ങൾ ഏപ്രിലിലാണ് പൂർണമായി പൊളിച്ചുമാറ്റിയത്.
കൊടുങ്ങല്ലൂർ–ഷൊർണൂർ റോഡിൽ കെഎസ്ടിപി നടത്തുന്ന നിർമാണ പ്രവൃത്തികൾക്ക് ഒപ്പമാണ് ഠാണ – ചന്തക്കുന്ന് വികസനവും നടപ്പാക്കുന്നത്. 11 കോടി രൂപ ചെലവഴിച്ച് പൂതംകുളം ജംക്ഷൻ മുതൽ സെന്റ് ജോസഫ്സ് കോളജ് ഇറക്കം വരെ 17 മീറ്റർ വീതിയിൽ നാലുവരി പാതയാണ് നിർമിക്കുന്നത്.
എത്രയും വേഗം പണികൾ ആരംഭിക്കുമെന്ന് കെഎസ്ടിപി അറിയിച്ചിട്ടുണ്ട്. മന്ത്രി ബിന്ദു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]