
ഹരിതകർമ സേനയ്ക്ക് വണ്ടി വന്നു; വന്ന പോലെ നിൽക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുന്നയൂർക്കുളം∙ പഞ്ചായത്തിലെ ഹരിതകർമ സേനയ്ക്ക് ജില്ലാ പഞ്ചായത്ത് നൽകിയ ഇലക്ട്രിക് മുച്ചക്ര വാഹനം ഒരു തവണ പോലും ഓടിക്കാതെ കട്ടപ്പുറത്ത്. 6 മാസം മുൻപ് കൊടുത്ത വണ്ടിയാണ് അതേപടി പഞ്ചായത്ത് കാര്യാലയത്തിനു പിന്നിലെ ഷെഡിൽ കിടക്കുന്നത്. മാലിന്യ നീക്കം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് വണ്ടി നൽകിയത്. പുന്നയൂർക്കുളത്തിനു പുറമേ വടക്കേകാട്, പുന്നയൂർ പഞ്ചായത്തുകൾക്കും വണ്ടി നൽകിയിരുന്നു. ഇവിടെ രണ്ടിടത്തും വണ്ടി ഓടുന്നുണ്ട്. ഹരിതകർമ സേന അംഗങ്ങൾ വീടുകളിൽ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യം എംസിഎഫിലേക്ക് മാറ്റാൻ ഇൗ വാഹനം ഉപയോഗിക്കുമെന്നാണ് പറഞ്ഞിരുന്നത്.
നിലവിൽ സ്വകാര്യ വാഹനം വാടകയ്ക്ക് എടുത്താണ് മാലിന്യം പരൂരിലെ എംസിഎഫിൽ എത്തിക്കുന്നത്.പഞ്ചായത്തിലെ ഹരിത കർമസേനയിൽ നിന്നു ഡ്രൈവറെ നിയമിക്കാനായിരുന്നു ആദ്യ തീരുമാനം. ഒരാൾക്ക് ഡ്രൈവിങ് പരിശീലനം നൽകിയെങ്കിലും ലൈസൻസ് കിട്ടിയില്ല. തുടർന്ന് ഡ്രൈവർ തസ്തികയിലേക്ക് ഒരാളെ തിരഞ്ഞെടുത്തെങ്കിലും ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസവും ഉണ്ടായി.
എല്ലാം കഴിഞ്ഞപ്പോഴേക്കും വണ്ടി ഓടാത്ത അവസ്ഥയിലുമായി. ഷോറൂമിൽ നിന്നു പഞ്ചായത്ത് കാര്യാലയത്തിലേക്കുള്ള 37 കിലോമീറ്റർ മാത്രമാണ് വണ്ടി ഓടിയത്. ഇപ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്. ബാറ്ററി, ബ്രേക്ക് എന്നിവ തകരാറിലാണ്. റിപ്പയറിങ് നടത്താൻ ഷോറൂമിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും പരിഹരിക്കാത്തതാണ് തടസ്സമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ പറഞ്ഞു.