
ഒന്നര മണിക്കൂറിൽ പെയ്തത്, വീശിയത് 1.5 കോടിയുടെ നഷ്ടം; ഹിപ്പൊപൊട്ടാമസുകളെ പാർപ്പിച്ച കുളത്തിലേക്കു മരം വീണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ചൊവ്വാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും ജില്ലയിൽ 1,66 കോടി രൂപയുടെ നാശനഷ്ടം. വൈദ്യുതി ലൈനുകൾ പൊട്ടിയും വീടുകൾ തകർന്നുമാണ് പ്രധാനമായും നഷ്ടം സംഭവിച്ചത്. തൃശൂർ താലൂക്കിൽ വീടുകൾ തകർന്ന് 23 ലക്ഷം രൂപയുടെ നഷ്ടം. ഒല്ലൂക്കര, അന്തിക്കാട്, വെള്ളാങ്ങല്ലൂർ എന്നീ ബ്ലോക്കുകളിൽ 126 കർഷകരുടെ 5.97 ഹെക്ടർ കൃഷി നശിച്ചു. ഈ ഇനത്തിൽ 17.86 ലക്ഷം രൂപയാണ് നഷ്ടം. തൃശൂർ, ഇരിങ്ങാലക്കുട കെഎസ്ഇബി സർക്കിളിൽ മാത്രം 1,13 കോടി രൂപയുടെ കേടുപാട് ഉണ്ടായി.
വീണപ്പോൾ. ചിത്രം: മനോരമ
മഴയിൽ എല്ലാം ‘ശൂ…’
മഴയിലും കാറ്റിലും മൃഗശാലയിൽ കനത്ത നാശനഷ്ടം. മാൻ, ഹിപ്പൊപൊട്ടമസ് എന്നിവയെ പാർപ്പിച്ച കൂടിനു മുകളിലേക്കു വൻ മരങ്ങൾ കടപുഴകി വീണു. രാത്രി 8.10ന് ആയിരുന്നു സംഭവം. ഹിപ്പൊപൊട്ടാമസുകളെ പാർപ്പിച്ച കുളത്തിലേക്കു മരം വീണതോടെ കുളം പൂർണമായി മൂടി. മൂന്ന് ഹിപ്പൊപൊട്ടാമസുകളാണ് ഇവിടെയുണ്ടായിരുന്നത്. ഇവയെ രാത്രി 12 മണിയോടെ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി. വീണ മരങ്ങൾ രാത്രി തന്നെ മുറിച്ചു മാറ്റിയതിനാൽ സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടായില്ലെന്നു മൃഗശാല സൂപ്രണ്ട് ടി.വി. അനിൽ കുമാർ പറഞ്ഞു.
കുത്തിയൊലിച്ചത് ആശങ്കയുടെ മഴ വെള്ളം
ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന മഴയിൽ കുറുപ്പം റോഡിന്റെ ഇരു വശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങി. മഴവെള്ളം നേരെ കടകളിലേക്കാണ് ഒഴുകുന്നത്. നവീകരണത്തിനു വേണ്ടി അടച്ചിട്ട റോഡ് ഇതുവരെ തുറന്നിട്ടില്ല. പണി പൂർത്തായെങ്കിലും റോഡിന്റെ ഉയരം കൂട്ടിയതോടെ സ്ഥാപനങ്ങൾ റോഡിന്റെ നിരപ്പിനേക്കാൾ താഴെയാണ്. വെള്ളം കയറി വ്യാപക നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്.
തകർന്നത് 44 വീടുകൾ
കനത്ത മഴയിൽ 44 വീടുകൾക്കു കേടുപാടുണ്ടായി. ഒരു വീട് പൂർണമായി തകർന്നു. ഒല്ലൂക്കര വില്ലേജ് പരിധിയിൽ മാത്രം 25 വീടുകൾ നശിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ നാശനഷ്ടങ്ങൾ വിലയിരുത്തി. അരണാട്ടുകര, പുല്ലഴി പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ചു.
ഇരുട്ടിലായത് 24 മണിക്കൂർ
തൃശൂർ നഗരവും പരിസരവും ഇരുട്ടിലായത് 24 മണിക്കൂറിലേറെ. വിവിധ പ്രദേശങ്ങളിൽ കനത്ത മഴയിൽ മരച്ചില്ലകൾ, ഫ്ലെക്സ് ബോർഡുകൾ തുടങ്ങിയ വീണാണു ലൈനുകൾ തകർന്നത്. ഇക്കണ്ടവാരിയർ റോഡിലെ സബ് സ്റ്റേഷനിൽ നിന്ന് 4 സെക്ടറുകളിലേയ്ക്ക് വൈദ്യുതി വിതരണം നടത്തുന്ന പ്രധാന കേബിൾ തകർന്ന് കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ചൊവ്വാഴ്ച രാത്രിയോടെ തന്നെ 4 ടീമുകളായി തിരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പൂർണമായും വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. കോർപറേഷന് പുറമേ സമീപ പഞ്ചായത്തുകളിലും വൈദ്യുതി തടസ്സപ്പെട്ടെങ്കിലും ഇന്നലെ രാത്രിയോടെ കെഎസ്ഇബി തകർന്ന ലൈനുകൾ ശരിയാക്കി. കെഎസ്ഇബി സെക്ഷൻ പരിധിയിൽ മഴയിലും കാറ്റിലും 13 വൈദ്യുത പോസ്റ്റുകൾക്ക് നാശം സംഭവിച്ചു. പൊങ്ങണംകാട്, വില്ലടം, കുറ്റുമുക്ക്, ചേറൂർ, പെരിങ്ങാവ് പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. മേഖലയിൽ ചൊവ്വ രാത്രി മുതൽ മുടങ്ങിയ വൈദ്യുതി വിതരണം ഇന്നലെ വൈകിട്ടോടെ പുനഃസ്ഥാപിച്ചു.