
പൊലീസ് മർദിച്ചു; സിപിഐ നേതാവ് ആശുപത്രിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃപ്രയാർ ∙പൊലീസ് മർദനത്തിൽ പരുക്കേറ്റ് സിപിഐ നാട്ടിക ലോക്കൽ അസി.സെക്രട്ടറി ബിജു കുയിലംപറമ്പിലിനെ (45) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബിജുവിന്റെ സുഹൃത്ത് നടത്തിയിരുന്ന പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ 3 പേരെ വലപ്പാട് പൊലീസ് ആഴ്ചകൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.റിമാൻഡ് കാലാവധി കഴിഞ്ഞ ഇവർ, കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഇതിനിടെ, ബിജു മർദിച്ചതായി ആരോപിച്ച് ഇവർ വലപ്പാട് പൊലീസിൽ പരാതി നൽകി. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി ബിജുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ എസ്എച്ച്ഒ എം.ടി.രമേഷ് പ്രകോപനമില്ലാതെ ബിജുവിന്റെ നെഞ്ചത്ത് മർദിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനിൽ തളർന്നു വീണ ബിജുവിനെ പൊലീസ് ജീപ്പിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടിക ബീച്ച് റോഡിൽ വൈഗ ഇലക്ട്രിക്കൽസ് സ്ഥാപനം നടത്തുകയാണ് ബിജു. മുൻമന്ത്രി വി.എസ്.സുനിൽകുമാർ,കെ.പി.സന്ദീപ് ഉൾപ്പെടെ ഒട്ടേറെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തി.
മർദിച്ചത് പണം തട്ടിയ പ്രതികൾക്കു വേണ്ടി:സിപിഐ
തൃപ്രയാർ ∙ വ്യാജ സ്വർണം പണയം വച്ച് പണം തട്ടിയ കേസിലെ പ്രതികൾക്ക് വേണ്ടിയാണ് വലപ്പാട് എസ്എച്ച്ഒ പാർട്ടി പ്രവർത്തകനെ മർദിച്ചതെന്ന് സിപിഐ നാട്ടിക ലോക്കൽ കമ്മിറ്റി ആരോപിച്ചു. പ്രതികളുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ലോക്കൽ കമ്മിറ്റി സെക്രട്ടറി മണി നാട്ടിക ആവശ്യപ്പെട്ടു. പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് (25) വൈകിട്ട് 4ന് സിപിഐ വലപ്പാട് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും.
വ്യാപാരികൾ പ്രതിഷേധിച്ചു
തൃപ്രയാർ ∙വ്യാപാരി ബിജു കുയിലംപറമ്പിലിനെ അതിക്രൂരമായി മർദിച്ചതിൽ തൃപ്രയാർ–നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ യോഗം പ്രതിഷേധിച്ചു. മുക്കുപണ്ടക്കേസ് പ്രതികളെ സംരക്ഷിക്കാൻ വലപ്പാട് എസ്എച്ച്ഒ എടുത്ത നടപടി നിയമവിരുദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്എച്ച്ഒയ്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സുരേഷ് ഇയ്യാനി അധ്യക്ഷത വഹിച്ചു.
മർദിച്ചിട്ടില്ലെന്ന് പൊലീസ്
തൃപ്രയാർ ∙കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ബിജു കുയിലംപറമ്പിലിനെ സ്റ്റേഷനിൽ വിളിപ്പിച്ചതെന്നും മർദിച്ചിട്ടില്ലെന്നും വലപ്പാട് സ്റ്റേഷൻഎസ്എച്ചഒ എം.ടി.രമേഷ് വ്യക്തമാക്കി.